ഗസ്സയിലെ പൈതൽ

ആമിന അബ്ദുൽ മുജീബ് രാമപുരം

2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

ഗസ്സയെന്ന കോൺക്രീറ്റ്
കൂനകൾക്കിടയിലൂടെ
ചോരയൊലിക്കുന്ന ദേഹവുമായി
ആ പെൺപൈതൽ
വേച്ചു വേച്ച് നടക്കുകയാണ്...
അർധരാത്രിയിൽ
ഘോരശബ്ദം കേട്ടാണ്
ഞെട്ടിയുണർന്നത്.
തകർന്ന വീട്ടിൽനിന്ന്
നിലവിളികളുയർന്നു;
പിന്നീടത് കെട്ടമർന്നു.
കരഞ്ഞു കരഞ്ഞ് അവൾ
തളർന്നുറങ്ങി!
നേരം പുലർന്നപ്പോൾ
ഉമ്മയുടെ കൈകൾ മാത്രം
കല്ലുകൾക്കിടയിലൂടെ
പുറത്തേക്ക് കണ്ടു.
അവ തന്നെ മാടിവിളിക്കുന്നതായി
അവൾക്കു തോന്നി.
‘ഉമ്മീ’ എന്നുറക്കെ വിളിക്കാൻ
അവൾ ശ്രമിച്ചെങ്കിലും
ശബ്ദം പുറത്തു വന്നില്ല.
ഉപ്പയുടെയും കൂടെപ്പിറപ്പുകളുടെയും
അടയാളം പോലും കാണാനില്ല!
അവൾക്കിപ്പോൾ ശബ്ദമില്ല!
അവൾക്കിപ്പോൾ വിശപ്പില്ല!
അവൾക്കിപ്പോൾ ദാഹമില്ല!
അവൾക്കിപ്പോൾ വേദനയില്ല!
അവൾ എങ്ങോട്ടെന്നില്ലാതെ
നിരങ്ങി നീങ്ങുകയാണ്...
അതാ...!
ദൂരെനിന്നും ഇസ്രായേൽ
പട്ടാളക്കാരുടെ വാഹനം വരുന്നു.
അവൾ കോപത്താൽ വിറച്ചു,
അവളുടെ കണ്ണുകളിൽ തീയാളി!
പതിയെ കുനിഞ്ഞ്
ഒരു കല്ലെടുത്ത് അവൾ
ഉന്നുവച്ചു നിന്നു...
ആ കല്ലിൽ കുഞ്ഞിളം കൈയിലെ
ചോര പുരളുന്നത്
അവൾ അറിഞ്ഞതേയില്ല!