ഗസ്സയിലെ കുഞ്ഞുങ്ങൾ കരയാറില്ല!
നസീർ ഇരിങ്ങൽ
2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

ഗസ്സയിലെ കുഞ്ഞുങ്ങൾ
ഇപ്പോൾ കരയാറില്ല,
കാരണം അവരുടെ
കണ്ണുനീർ വറ്റിപ്പോയിരിക്കുന്നു!
ഗസ്സയിലെ കുഞ്ഞുങ്ങൾ
ഇപ്പോൾ അന്നന്നത്തെ
അന്നത്തിനായി കൈ
ഉയർത്താറില്ല,
കാരണം അവരുടെ
കൈകൾ ഉയരാനാവാത്തവിധം
കുഴഞ്ഞു പോയിരിക്കുന്നു!
ഗസ്സയിലെ ഉമ്മമാർ
മക്കളെ ഉറക്കാൻ താരാട്ട്
പാടാറില്ല, കാരണം
മക്കൾ വിശന്ന്
മരിച്ചുപോവുകയോ
മൗനത്തിലാവുകയോ
ചെയ്തിരിക്കുന്നു.
ഗസ്സയിലെ പിതാക്കൻമാർ
മക്കൾക്ക് ഭക്ഷണം
തേടിപ്പോയാൽ ലഭിക്കുന്നത്
ഇസ്രയേലിന്റെ വെടിയുണ്ട!
ഉമ്മയും മക്കളും വീട്ടിൽ
കാത്തിരിക്കുമ്പോൾ
ഉപ്പമാർ തെരുവിൽ മരിച്ചു
കിടക്കുന്നു...
ഇതെല്ലാം കാണുന്ന നമ്മൾ
മന്തിയും അൽഫാമും ഭക്ഷിച്ച്
മരിച്ചു മരവിച്ച മനസ്സോടെ
മൗനം തീർക്കുകയാണ്!
ഫലസ്തിനു വേണ്ടി ശബ്ദിച്ചാൽ
കേസെടുക്കുന്നു നമ്മുടെ ഭരണകൂടം.
മനുഷ്യത്വം മനസ്സിലില്ലാത്തവർക്ക്
മനസ്സിലാവില്ല മരണക്കണക്കുകൾ.
