കൂട്ടിനാര്?

ദുൽക്കർഷാൻ അലനല്ലൂർ

2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

കുഞ്ഞിലേ കൂട്ടിനായ് ഉമ്മയുണ്ട്
പിന്നെയോ കുസൃതിക്കാർ കൂട്ടുകാരും.
വാത്സല്യനിധിയായ ഉപ്പയന്ന്
കൈപിടിച്ചെപ്പഴും കൂടെയുണ്ട്.
കൗമാര പ്രായത്തിലെത്തിയാലോ
കളിക്കളം നിറയുന്ന കൂട്ടുകാര്!
യൗവനം വന്നണഞ്ഞുള്ള കാലം
ഏതിനുമെന്തിനും കൂട്ടുകാര്!
പിന്നെയോ ദാമ്പത്യ ജീവിതമായ്
കൂട്ടിനായെത്തുന്നു നല്ലപാതി.
മറ്റുള്ള കൂട്ടുകാർ അൽപകാലത്തേക്ക്,
ഇണയുടെ കൂട്ടോ മരണം വരെ!
പിന്നീടണയുന്ന വാർധക്യത്തിൽ
കൂട്ടിനായുള്ളത് പാതിയും മങ്ങിയ
ഒരുപിടി ഓർമകൾ, നൊമ്പരങ്ങൾ.
ഒടുവിൽ ക്വബ്‌റിലെ വാസമണയുമ്പോൾ
കൂട്ടിനായ് ആരുമേയില്ലൊരാൾക്കും.
അക്കാര്യമോർക്കുമ്പോൾ പിടയുന്നു മാനസം
അല്ലാഹുവേ, തണൽ നീയേകണേ!
നന്മകൾ മുൻകൂട്ടി ചെയ്തുവെച്ചോർക്കെല്ലാം
ക്വബ്‌റിൽ അതു തുണയായി മാറും.
അവിടത്തെ കൂട്ടിനായ് നന്മയില്ലാത്തോർക്ക്
കൂട്ടുകാർ ഉണ്ടായിട്ടെന്തു കാര്യം!