തനിച്ചല്ല ഞാൻ

ശഫീന ബിൻത് അബ്ദുർറഹ്‌മാൻ

2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

കരുണാമയനാം അല്ലാഹുവേ,
ഇഹലോകത്തേക്ക് നീയെന്നെ
പറഞ്ഞയച്ചപ്പോൾ
എന്നെ നീ ബധിരയാക്കിയില്ല,
വൈകല്യങ്ങളൊന്നും നൽകിയില്ല.
അനുഗ്രഹങ്ങളേറെ നൽകി
നീയെന്നെ പരിപാലിച്ചു.
പലപ്പോഴും നന്ദികേടു കാട്ടിയിട്ടും
നിന്റെ അനുഗ്രഹങ്ങൾ
നീ എന്നിൽനിന്നും നീക്കം ചെയ്തില്ല.
പരീക്ഷണങ്ങളുടെ തീച്ചൂളയിൽ
ഞാൻ വെന്തുരുകുമ്പോൾ,
ഞാൻ കൂടെയുണ്ടെന്ന നിന്റെ വാക്കുകൾ
എനിക്കേറെ ആശ്വാസമേകി.
ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും
നേരിട്ടപ്പോഴെല്ലാം
അടിമക്ക് ഞാൻ മതിയായവനല്ലേ
എന്ന നിന്റെ ചോദ്യം കൊണ്ട്
നീയെനിക്ക് സ്ഥൈര്യം നൽകി.
ഉറ്റവരിൽ പലരും വിടപറഞ്ഞപ്പോൾ
എല്ലാവരും എന്നിലേക്ക്
മടങ്ങേണ്ടവരാണെന്ന
നിന്റെ ഓർമപ്പെടുത്തൽ
സങ്കടങ്ങളെ ഇല്ലാതാക്കി.
ഇടയ്ക്കിടെയുള്ള പരീക്ഷണങ്ങളിലൂടെ
നീയെന്നെ സ്‌നേഹിക്കുന്നുവെന്ന്
ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
നീയെന്റെ കൂടെയുണ്ടെന്നതിനാൽ
ആരൊക്കെ എന്നെ കൈവെടിഞ്ഞാലും
ഞാനൊരിക്കലും തനിച്ചാകുകയില്ലല്ലോ.