വരും,വരാതിരിക്കില്ല!
സഫാ ബിൻത് നജീബ്
(സൽസബീൽ അറബിക് കോളേജ്, വെങ്കിടങ്ങ്)
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

കാത്തിരിക്കുകയാണ്
നിനക്കുവേണ്ടി ഞാൻ!
ഒരുനാൾ നീയെത്തും;
എന്നെ കൊണ്ടുപോകാൻ.
അന്നെന്നെ യാത്രയയക്കുന്നവർ
എന്റെ ശരീരത്തിലെ ആഭരണമെല്ലാം
അഴിച്ചടുക്കും,
ഞാനുടുത്തിരുന്ന, എനിക്കിഷ്ടപ്പെട്ട
വസ്ത്രവും അവർ അഴിച്ചു മാറ്റും!
എന്നിട്ടവരെന്നെ അണിയിച്ചൊരുക്കും;
വെളുത്തതും പരുക്കനുമായ
മൂന്നു കഷ്ണം തുണിയിൽ!
നീ എന്നെ പിടികൂടുമ്പോൾ
എന്റെ പ്രായം നീ നോക്കില്ല,
എന്റെ ആരോഗ്യമോ
സൗന്ദര്യമോ പരിഗണിക്കില്ല.
എനിക്ക് എന്തെല്ലാം ഇനി ചെയ്യാൻ
ബാക്കിയുണ്ടെന്നത് നോക്കില്ല
എന്റെ വേണ്ടപ്പെട്ടവരുടെ
കണ്ണുനീർ നീ കാണുകയില്ല.
സർവശക്തൻ തീരുമാനിച്ച
ഭൂമിയിലെ എന്റെ കാലാവധി തീരുമ്പോൾ
നീ വരാതിരിക്കില്ലല്ലോ.
അതെ, എല്ലാ ശരീരവും മരണത്തെ
ആസ്വദിക്കുക തന്നെ ചെയ്യും.
ആറടി മണ്ണിലെ, എന്റെ പുതിയ വീട്ടിലേക്ക്
എന്നെ കൊണ്ടുപോകുമ്പോൾ
എന്റെ കൂടെ പോരുന്നവരെല്ലാം
തിരിച്ചു പോരും, എന്നെ തനിച്ചാക്കി!
അവിടെ എനിക്ക് കൂട്ടായി ഉണ്ടാവുക
എന്റെ സൽകർമങ്ങൾ മാത്രം!
