നോവ്

ദുൽക്കർഷാൻ അലനല്ലൂർ

2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

ജീവിതമാകുന്ന തോണിയിലേറി
ദുർഘട പാതകൾ താണ്ടവെ,
ഉള്ളിൽ മോഹം വളരുന്നു
സുഗമമാം വഴിയിലെത്തുവാൻ.
സാക്ഷാത്കരിക്കണം സ്വപ്നങ്ങൾ
അതിന്നായി ക്ലേശമേറെ സഹിക്കുന്നു.
നാട്ടിലെ വരുമാനമതെത്രയോ തുച്ഛം
കിട്ടുന്നതൊന്നും തികയാതെയായ്
ജീവിതച്ചെലവത്രയും കൂടിപ്പോയ്!
ഗൾഫിൽ പോകുവാൻ മോഹമുദിക്കുന്നു
അതിനുള്ള കാശിനായ് ഓടിനടക്കലായ്
കിട്ടിയതൊക്കെയും പെറുക്കി വിറ്റു,
കെട്ട്യോളെ മാലയും വിറ്റു കാശാക്കി
അങ്ങനെ ഗൾഫിന്റെ മണ്ണിലണഞ്ഞു.
വീട്ടുകാർക്കുള്ളിലായ് ആശപെരുത്തു,
വേണം ഇരുനില വീടും വാഹനവും
കല്യാണം, സൽക്കാരം, വീടുകൂടൽ
പിന്നെ ടൂറും അതുപോൽ പല ചെലവും!
കിട്ടുന്നതെല്ലാം അയച്ചുകൊടുത്താലും
പിന്നെയും ആവശ്യം കൂടിവന്നു!
കെട്ട്യോൾക്ക് പത്രാസ് കാണിക്കാൻ
കുട്ട്യാൾക്ക് ആർഭാട ജീവിതത്തിന്...
അങ്ങനെ പതിറ്റാണ്ടുകൾ കഴിഞ്ഞു,
ആരോഗ്യവാനായി നാടു വിട്ടവൻ
മാറാത്ത രോഗങ്ങളുമായി നാടഞ്ഞു,
കടവും കണ്ണീരും ബാക്കിയായി.
ഉറ്റോരുടെ അവഗണനയിൽ നീറിയങ്ങനെ
ഇനിയും ജീവിതത്തോണി തുഴയണം
ഉടയോന്റെ വിളിവരും നാളുവരെ!