എന്തേ ഇങ്ങനെ?
ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി
2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

പെറ്റ വയറിന്റെ
നോവറിയാഞ്ഞിട്ടാണോ
അവൾക്ക് മാതാവിന്റെ
വേദന കാണാനാവാഞ്ഞത്?
രണ്ടു മക്കളുള്ളവൾ
അതുങ്ങളെയും വിട്ടേച്ച്
പോകുന്നുമ്പോൾ
കാണുന്ന കിനാവെന്താണ്?
ഒരു പിതാവിന്റെ അധ്വാനത്തിന്റെ
വിലയറിയാത്തവൾക്കെങ്ങനെ
മറ്റൊരുത്തന്റെ സമ്പത്തിൽ
സംതൃപ്തി കണ്ടെത്താനാവും?
വർഷങ്ങളുടെ സ്‌നേഹത്തിന്റെ
കണക്കറിയാത്തവൾക്ക്
ദിവസങ്ങളുടെ പരിചയം
ബോധ്യപ്പെട്ടുവെന്നോ?
ഔദാര്യമൊന്നും വേണ്ടെന്നു പറഞ്ഞ്
പടിയിറങ്ങുമ്പോൾ
സിരയിലോടുന്ന ചോരയുടെ കടം
എങ്ങനെ വീട്ടുമെന്നാണ്?
നൈമിഷികമായ ആസ്വാദനത്തിനായി
സകലതും മറക്കാമെന്നാണെങ്കിൽ
മായാത്തൊരു മുറിപ്പാടായി
അവശേഷിക്കുന്ന
പൊക്കിൾകൊടിയടയാളം
മായ്ക്കാനാകുമോ?
പരസ്യമായ വാദപ്രതിവാദത്തിലൂടെ
അവളുടെ വിധിയെഴുതപ്പെടുമ്പോൾ
സംരക്ഷണത്തിനായുള്ള
നിയമം തന്നെ ദുരുപയോഗം
ചെയ്യപ്പെടുന്നു!
അക്രമിക്കപ്പെട്ടവന്റെ കണ്ണുനീരിനും
അക്രമിയുടെ പശ്ചാത്താപത്തിനും
പരലോക ചിന്തയല്ലോ
പ്രതീക്ഷയേകുന്നത്!
