മൗനത്തിൻ മാറ്റൊലി
ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ
2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

മാതൃസ്‌നേഹത്തിൻ തൂവൽ സ്പർശം
മനസ്സിൽ നിന്നും
മായാ സ്പർശം.
ആ ഇളം തെന്നൽ
മൺമറഞ്ഞല്ലോ,
വാത്സല്യനാളം പൊലിഞ്ഞു പോയല്ലോ.
മനസ്സിലെന്നും ഉമ്മതന്നോർമകൾ
വിങ്ങലായ്, സങ്കടക്കടലായി നിൽപ്പൂ.
മൗനം തളംകെട്ടി നിൽപ്പാണു വീട്ടിൽ,
മോളേ എന്നൊരു
വിളിയില്ല വീട്ടിൽ.
മനസ്സിലുണ്ടെന്നും മാർഗദീപമായുമ്മ.
എന്നെക്കാൾ എന്നുടെ
പൈദാഹമറിയുന്ന
ഉമ്മ തൻ സ്‌നേഹത്തിൻ
പകരമെന്തുണ്ട്?
പ്രാർഥനയാലെന്റെ ഉമ്മയെ നെഞ്ചോടു
ചേർത്തു പിടിച്ചു ഞാൻ
നാളുകൾ നീക്കുന്നു.
