പ്രതീക്ഷയുടെ തുരുത്തിൽ

നസീമ വാടാനപ്പള്ളി

2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

എന്റെ ഹൃദയം ആർദ്രമായിരുന്നു;
ഇന്നലത്തെ ജുമുഅയ്ക്കു ശേഷം!
പേരറിയാ നോവിൽ ഞാൻ മൂകയായി.
ഹേതുവെന്തെന്നു ചിന്തിച്ചുനോക്കവെ
അറിഞ്ഞു ഞാൻ ഇന്നലെ യാത്രയായി,
ഈ റമദാനിലെ അവസാന ജുമുഅ!
ചിത്തത്തെയാകുലമാക്കുന്നു അതെങ്കിലും
പാപമോചന പ്രതീക്ഷയേകുന്നു സാന്ത്വനം.
ആരാധനയുടെ വസന്തമേകിയ റമദാൻ
ആത്മസംസ്‌കരണത്തിൻ ഹേതുവായി.
നിദ്രയെ ദൂരെയകറ്റി മാറ്റി
രാത്രിയിൽ പ്രാർഥനാ നിരതയായി.
നോമ്പിനാൽ ഏകനോടടുത്തിടാനും
സൂക്ഷ്മതാബോധം നേടിടാനും
ആവും വിധം ഞാൻ ശ്രമിച്ചു പക്ഷേ,
ലക്ഷ്യത്തിലെത്തിയെന്നറിയുകില്ല!
നാഥാ, നീ സ്വീകരിച്ചാൽ ധന്യയായി ഞാൻ.
നിൻ വചനസാഗരമാം ക്വുർആനിന്റെ
ആഴിയിൽ അറിവിന്റെ മുത്തുകൾ തേടി ഞാൻ.
ആവർത്തനത്താൽ മടുപ്പൊട്ടും തോന്നാത്ത
അത്ഭുത വേദഗ്രന്ഥത്തിന്റെ സൂക്തങ്ങൾ
അവതീർണമായിത്തുടങ്ങിയ രാവിന്
അല്ലാഹു വാഗ്ദാനം ചെയ്തുള്ള പുണ്യങ്ങൾ
നേടുവാനാശിച്ചിടാത്തവരാരുണ്ട്?
അരുതായ്മകൾക്കൊക്കെ കൂച്ചുവിലങ്ങിട്ട
മാസമേ, നീയെത്ര വേഗം കടന്നുപോയ്!
റയ്യാനിലൂടെ കടക്കണം സ്വർഗത്തിൽ
അതിനായി റബ്ബോടിരക്കുന്നു പാപി ഞാൻ.