ഒഴിവാക്കൽ
തെസ്‌ന വീരാൻ
2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

ഒട്ടിയ വയറുമായെത്തുമ്പോഴുപ്പയുടെ
വീർത്തിരിക്കുന്ന കീശയിലെ
മധുരത്തിലായിരുന്നു നോട്ടം.
നീക്കിവെച്ച കഞ്ഞിപ്പാത്രത്തിൽ
ബാക്കിവന്ന വറ്റായിരുന്നു പിന്നീടു ലക്ഷ്യം.
കുനിഞ്ഞെണീക്കുമ്പോൾ വീഴും
ചില്ലറയിലായിരുന്നു വളർന്നപ്പോൾ ദൃഷ്ടി.
ഒടുക്കം, ഒഴിഞ്ഞ കട്ടിലിലൊതുങ്ങുമ്പോഴും
തള്ളവിരൽ നിവർത്താനായിരുന്നു
കൗശല തഞ്ചം.
ആകെയുള്ള അഞ്ചാറു സെന്റ്
കയ്യേറിയപ്പോൾ പിന്നെ
ആളൊഴിഞ്ഞ കടത്തിണ്ണയ്ക്കായിരുന്നു
തിരച്ചിൽ....!
