അവന്റെ മരണം
ഉമ്മു അൽയസഅ്
2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

ചെറുപ്പക്കാരൻ
അവിവാഹിതൻ
പെട്ടെന്നായിരുന്നു
ആക്‌സിഡന്റായിരുന്നു
ഒട്ടും പ്രതീക്ഷിക്കാത്തത്!
അല്ലേലും,
മരണത്തിന്റെ വരവ്
അങ്ങനെയാണല്ലോ!
അവൻ മരിച്ചപ്പോൾ
പെറ്റുമ്മയുടെ
കണ്ണിൽനിന്ന് പോലും
ഒരിറ്റു കണ്ണീർ വന്നില്ല!
കാരണം, കുറച്ചുകാലമായി
അവൻ മനുഷ്യമൃഗമായിരുന്നു.
ഉമ്മാക്കു പോലും
പേടിസ്വപ്നമായിരുന്നു.
ലഹരി ലഭിക്കാതിരുന്നാൽ
അവൻ ഭ്രാന്തനായിരുന്നു.
അതുകൊണ്ടുതന്നെ
അവന്റെ മരണം
എല്ലാവർക്കും
ആശ്വാസമായിരുന്നു.
പോയത് നന്നായി എന്ന ഭാവം!
പോസ്റ്റ്‌മോർട്ടം കഴിഞ്ഞ്
പെട്ടെന്നുതന്നെ ഖബറടക്കി.
കാത്തുനിൽക്കാൻ
ആരുമില്ലായിരുന്നു.
അതിനുമാത്രമുള്ള ബന്ധം
ആരുമായും അവന്
ഇല്ലായിരുന്നല്ലോ.
അവൻ ലഹരിയുടെ മാത്രം
ലോകത്തായിരുന്നല്ലോ!

