അതിരില്ലാത്ത ലോകം കൊതിക്കുന്നവളോട്

സാബിറ ബിൻത് സലീം

2025 ജനുവരി 25, 1446 റജബ് 25

പെണ്ണിന്ന് ‘സ്വാതന്ത്ര്യം’
നേടിക്കൊടുക്കുവാൻ
എന്തൊരു താൽപര്യമാണുങ്ങൾക്ക്!
ഇവരാഗ്രഹിക്കുന്ന ‘സ്വാതന്ത്ര്യം’ എന്തെന്ന്
പറയുവാൻ പോലും ഞാൻ ലജ്ജിക്കുന്നു.
വസ്ത്രമണിയണം പേരിന്നു മാത്രം,
നഗ്നത കാണിക്കൽ ഫാഷനാണ്.
ആകെയും മൂടിപ്പൊതിയരുത്,
അത് പാരതന്ത്ര്യത്തിൻ മത വഴിയാം!
ക്യാമ്പസിലെത്തിയാൽ
ആണെന്നും പെണ്ണെന്നും
വ്യത്യാസം കാട്ടുന്നതക്രമമാം!
ഒന്നിച്ചിരിക്കാം, തോളിൽ പിടിക്കാം
ഒന്നിച്ചു സിനിമയും കണ്ടിരിക്കാം.
ബോയ് ഫ്രണ്ടിനൊപ്പം
ബൈക്കിൽ കറങ്ങാം,
പാർക്കിലും ലോഡ്ജിലും പോയിരിക്കാം!
ഇവ്വിധം സ്വാതന്ത്ര്യം പെണ്ണിനു കിട്ടണം;
ലിബറലിൻ ചിന്തകൾ ഈ വഴിക്കാം.
അതിലെ ചതിക്കുഴിയറിയാത്ത പെണ്ണുങ്ങൾ
പിന്തുണയുമായി നിരത്തിലറങ്ങുന്നു.
വത്തക്ക സമരം...!
ചുംബന സമരം...!
ബസ് സ്‌റ്റോപ്പിൽ സഹപാഠിയുടെ
മടിയിലിലുന്ന് ‘സ്വാതന്ത്ര്യം’ നുണയുന്ന
പെൺകുട്ടികൾ...!
ഇതിനെയെല്ലാം ആഘോഷമാക്കുന്ന,
പ്രോൽസാഹിപ്പിക്കുന്ന മാധ്യമങ്ങൾ!
അതിരില്ലാത്ത സ്വാതന്ത്ര്യം കൊതിച്ച്
ലഹരിയുടെയും ലൈംഗികതയുടെയും
ലോകത്ത് പറന്നു പറന്നങ്ങനെ...
ഒടുവിൽ...
കൈപിടിച്ചു തെരുവിലിറക്കിയവൻ
ആശയെല്ലാം തീർത്ത ശേഷം
കഴുത്തു ഞെരിച്ച്...
ആർക്കാണു നഷ്ടം?
ആർക്കാണു നേട്ടം?