മോഹം

നസീമ വാടാനപ്പള്ളി

2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

എന്റെ റബ്ബേ...!
മോഹമുണ്ടെനിക്ക്;
ചിറകുകൾ വീശി
പറന്നുയരുമൊരു
പറവയായീടുവാൻ!
അതിന്റെ ശിരസ്സ്
നിന്നോടുള്ള
സ്‌നേഹമാകണം;
ഒരു ചിറകിൽ നിന്നിലുള്ള
എന്റെ പ്രതീക്ഷയും
മറ്റൊന്നിൽ നിന്നോടുള്ള ഭയവും.
ഓരോ കുതിപ്പും
നിന്നിലേക്കാവണം.
പര്യവസാനമാകട്ടെ
നിന്റെ തൃപ്തി നേടുന്നതും.
നീ പ്രകാശത്തിനു മേൽ
പ്രകാശമാണല്ലോ!
നിന്നെ കൺ നിറയെ കണ്ടു
സായൂജ്യമടയണം.
സുകൃതർക്കായി നീയൊരുക്കിയ
ശാശ്വത സ്വർഗത്തിൽ
നീ അനുഗ്രഹിച്ചവരുടെ
കൂട്ടത്തിലൊരാളായി
നിന്നെ സ്തുതിച്ച്
ആനന്ദത്തിലാറാടണം.