നല്ലോർമകൾ

തെസ്‌ന വീരാൻ

2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

ഓർക്കാതോർത്തിരിക്കുമ്പോൾ
അരികിലേക്കണയുന്ന
ഒറ്റയോർമകൾക്കു
ഞാൻ ബാല്യമെന്ന് തലക്കെട്ടെഴുതും.
മനസ്സിന്റെ അറകളിൽ കിടന്ന്
മങ്ങിത്തുടങ്ങുമ്പോഴും
കണ്ണുകളിലെ വരണ്ട ചാലുകളിലവ
ചുവന്ന നദികൾ തീർക്കും.
ഓടിത്തളർന്ന പാടവരമ്പും
കൈ ചേർത്തു നടന്ന ഇടവഴികളും
ചാടിക്കയറിയ കശുമാവിൻ കൊമ്പും
ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ
ഓർമകൾക്കിടയിൽ
നിറം കെടാത്ത നൊമ്പരം പെയ്യിക്കും.
നനഞ്ഞു നടന്ന മഴയും
കുതിർന്നുണങ്ങാത്ത പാഠപുസ്തകങ്ങളും
ഇടയിലൊരു മയിൽപ്പീലിയും
നെഞ്ചിലെ നെടുവീർപ്പിലിന്ന്
ഉണക്കാനിടും.
പുഴയിലൊഴുക്കിൽ
തങ്ങിയ ബാല്യത്തിന്റെ
കീറൻ മുണ്ടുകൾ
ഹൃദയധമനിക്കരികിലെ
കൈതോലകൾക്കിടയിൽ
കുരുങ്ങിക്കിടക്കും.
എന്നിട്ടോ, എന്റെ ബാല്യം എത്ര
സുന്ദരമെന്ന് വാക്കുകളാലും വരികളാലും
ഇടയ്ക്കിടെ കണ്ണു നനയിക്കും.
എന്തിനെന്നോ?
മറവിയുടെ മാറാലയിൽ കുടുങ്ങി
പിടയാതിരിക്കാൻ.
ഏകാന്തതയുടെ നീണ്ട
വീഥിയിലൊറ്റപ്പെടാതിരിക്കാൻ...