കാരുണ്യമാസം വരവായി
റഹ്‌മാൻ മധുരക്കുഴി
2025 മാർച്ച് 15, 1446 റമദാൻ 14

മണ്ണിലും വിണ്ണിലും പുണ്യം വിരിയുമീ
കാരുണ്യ മാസം റമദാൻ.
ആത്മ വിശുദ്ധിതൻ ആദരവേറിയ
ആരമ്പ മാസം റമദാൻ.
നന്മ തന്നായിരം പൂക്കൾ വിടരുന്ന
വെൺമയുതിർക്കും റമദാൻ.
ഭക്തിതൻ വെട്ടമുലകിൽ പരത്തുവാൻ
ആഗതമായിതാ റമദാൻ.
അന്തരാളത്തിൽ തഖ്‌വ തൻ പീലികൾ
മധുരം ചൊരിയും റമദാൻ.
മാനവ മോചന ദിവ്യഗ്രന്ഥം പാരിൽ
അവതീർണമായ റമദാൻ.
മാനവ ഹൃത്തിന്നതിലോല ഭിത്തിയിൽ
സ്‌നേഹം വിതയ്ക്കും റമദാൻ.
ആലംബഹീനർക്ക് ആശ്വാസമേകുവാൻ
ആവേശമായ് പുണ്യറമദാൻ.
ആയിരം രജനിയെ വെല്ലുന്ന ലൈലത്തുൽ-
ഖദ്‌റിന്റെ മാസം റമദാൻ.
നാകത്തിൻ വാതായനം തുറക്കപ്പെടും
ത്യാഗത്തിൻ മാസം റമദാൻ.
ഭക്തർക്ക് പ്രാർഥനാ നിരതരായ് വർത്തിപ്പാൻ
പാത തെളിക്കും റമദാൻ.
പാപക്കറ നീക്കി പുണ്യം വിരിയിക്കാൻ
വന്നണഞ്ഞു പുണ്യ റമദാൻ.

