റൂഹ് പിരിയും നാൾ
നസീമ വാടാനപ്പള്ളി
2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

മരണമേ,
എന്റെ സ്വപ്നങ്ങളിൽ
നീ കടന്നുവരുമ്പോഴൊക്കെയും
നിനക്ക് സ്വർഗത്തിന്റെ
സുഗന്ധമാണ്.
കണ്ണെത്തും ദൂരത്ത്
സ്വീകരിക്കാനിരിക്കുന്ന
മലക്കുകളിൽ സൗഹൃദ ഭാവമാണ്.
മലക്കുൽ മൗത്തിന്റെ സലാം
കാതിൽ പതിക്കുമ്പോൾ
വെണ്ണയിൽനിന്നൂർന്നു വീഴുന്ന
നൂലു പോലെ
എന്റെ റൂഹും ആർദ്രമാവാറുണ്ട്.
ആകാശ കവാടങ്ങളിലേക്ക്
ഉയർന്ന് പറക്കുമ്പോൾ
വിശിഷ്ടാതിഥിയായ് ഞാൻ
അവിടെ സ്വീകരിക്കപ്പെടാറുണ്ട്.
തിരികെ ഞാനെൻ
ആറടി മണ്ണിലെത്തുമ്പോൾ
വെളിച്ചമാണവിടെ,
വിശാലതയാണവിടെ,
കൂട്ടിനായ് ഞാൻ പഠിച്ചറിഞ്ഞ
ക്വുർആനുണ്ടവിടെ,
എല്ലാ സൽകർമങ്ങളുമുണ്ടവിടെ.
അങ്ങനെയങ്ങനെ...
പ്രഭാതത്തിലും പ്രദോഷത്തിലും
എന്റെ സ്വർഗസ്ഥാനവും കണ്ട്,
എന്റെ റബ്ബിനെ കാണാൻ കൊതിയോടെ...
റബ്ബിന്റെ തീരുമാനമെത്തും വരെ
സ്വസ്ഥവും സുന്ദരവുമായ
വിശ്രമത്തിന്റെ നിർവ്യതിയിൽ ഞാൻ...
ഇതെല്ലാം വെറും സ്വപ്നമാകരുതെന്നും
യാഥാർഥ്യമാകണേയെന്നും
കരളുരുകി കേഴുന്നു ഞാൻ
എന്റെ റബ്ബിനോട്...

