ഗസ്സ

ടി.പി.രാജേഷ്

2025 ആഗസ്റ്റ് 16, 1447 സഫർ 22

നിലയ്ക്കാത്ത വെടിയൊച്ചകൾക്കിടയിൽ
ഒലിവ് മരച്ചില്ലകളിലെ പുതുനാമ്പുകളിലെ
കണ്ണുനീർ വറ്റിയിരിക്കുന്നു.
ഗസ്സയുടെ മക്കളെ ജീവനറുത്തെടുത്ത്
അജ്ഞാതരെപോലെ കുഴിച്ചുമൂടി
ആനന്ദനൃത്തം ചവിട്ടുന്നു നെതന്യാഹു.
അറിവ് പകരുന്ന കേന്ദ്രങ്ങളൊക്കെയും
സ്‌ഫോടനങ്ങളാൽ തകർത്തെറിഞ്ഞ്
ഇനിയൊരു കുരുന്നും പഠിക്കരുത്,
പിറക്കരുതെന്ന് അട്ടഹസിക്കുന്നു.
നിറവയറുമായി ഇനിയൊരു
പെണ്ണും ആശുപത്രിയിൽ വന്നിടരുത്.
ഭൂമിയിൽ ചുവപ്പു റോസാപ്പൂക്കൾ
ചലനമറ്റ പിഞ്ചോമനകൾക്ക് കൂട്ടിരിപ്പാണ്.
തോക്കുകൾ തീ തുപ്പുന്നത്
തൽസമയം കണ്ടുരസിക്കുന്ന കിങ്കരന്മാരും
വീറ്റോ മേലാളന്മാരും, അവരുടെ
തോളിൽ കൈവച്ചു നടക്കുന്നവരും
നിഷ്‌കളങ്കരായ കുരുന്നുകളുടെ ചിതറിയ
ശരീരങ്ങളുടെ എണ്ണം നോക്കി
ഇത്രയും പോരെന്ന് പറയുന്നു.
ഉണങ്ങിയ റൊട്ടിയ്ക്കായി
ക്യൂ നിൽക്കുന്ന മനുഷ്യജന്മങ്ങൾ,
ഉപ്പുവെള്ളം കുടിച്ചു ദാഹംതീർക്കുന്നവർ.
ഗസ്സയിലെ അമ്മമാരുടെ മുലപ്പാലിന് പോലും
വെടിമരുന്നിന്റെ ഗന്ധമാണ്.
അലാറം മുഴങ്ങുന്നത് നിരപരാധികളുടെ
ജീവനും ഭൂമിയും കവർന്നെടുക്കാനല്ലേ?
ഓർക്കുക, ഗസ്സയുടെ ആകാശത്ത്
ഒരു നാൾ വെള്ളകീറും,
അന്ന് ദർവിഷ് കവിത വീണ്ടും ചൊല്ലും,
വാക്കുകൾക്ക് മൂർച്ചകൂടും.
പലായനത്തിന് ഇടയിലും
ഇനിയും പിറക്കുന്ന കുരുന്നുകൾ
പിറന്ന മണ്ണിൽ നിവർന്നു നിൽക്കുവാൻ പോരാടുക;
തെളിഞ്ഞ ആകാശവും മഴയും തണുപ്പും
വെളുത്ത സ്വപ്നങ്ങളും
നിങ്ങൾക്കായി വരികതന്നെ ചെയ്യും...