മരണം

ഹുസ്‌ന മലോറം

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

പലരും പറയാറുണ്ട്;
വിളിക്കാതെ വരുന്ന
അതിഥിയാണ്
മരണമെന്ന്...
ശരിയാണ്,
ഏതു നേരത്തും
ആരുടെയടുത്തും
അത് വന്നേക്കാം;
സാഹചര്യം നോക്കാതെ,
അനുവാദം ചോദിക്കാതെ.
എന്നെത്തേടിയും വന്നേക്കാം;
അരുമ മക്കളെ
കരക്കെത്തിക്കാനുള്ള
എന്റെ ഓട്ടത്തിനിടയിൽ...
മരണമേ,
നീ വിളിക്കുമ്പോൾ
ഞാൻ വരണം,
എല്ലാവരും വരണം;
അത് റബ്ബിന്റെ തീരുമാനമാണ്.
എന്നാൽ അതിനായി
ഒരുങ്ങാൻ മിക്കയാളുകളും
മറന്നു പോകുന്നു!
സ്രഷ്ടാവിനെ
അനുസരിച്ചുകൊണ്ട്,
നന്മകൾ അധികരിപ്പിച്ചുകൊണ്ട്
ഒരുങ്ങി നിൽക്കണം.
സർവശക്തനോട്
സദാ തേടുന്നു;
സാക്ഷ്യവാക്യമുച്ചരിച്ച്
സൽകർമ നിരതയായി
മരണത്തെ വരവേൽക്കാൻ
അനുഗ്രഹിക്കേണമേ എന്ന്!