ദേശാടനം

തെസ്‌ന വീരാൻ

2025 മെയ് 17, 1446 ദുൽഖഅദ് 19

ചുളിഞ്ഞ ചർമം നല്ല കാലത്തിലെ
വരൾച്ചയെ വരയ്ക്കുമ്പോൾ
കാഴ്ച മങ്ങിയ കണ്ണുകൾ
ഉറക്കം കെടുത്തിയ ബാധ്യതകളുടെ
വീർത്ത ഞരമ്പുകളാകുന്നു.
ആളൊഴിഞ്ഞ തലയതിർത്തിക്കിടയിൽ
നരച്ച രോമങ്ങൾ പൊഴിഞ്ഞ
കാലത്തിന്റെ കാവൽക്കാരാകുന്നു.
എങ്കിലും, ചുമരിൽ തൂക്കിയ
കലണ്ടറിലേക്കു നോക്കി
നീണ്ട പ്രവാസത്തിന്റെ ഒടുക്കം
തിരയവെ കുളിർമയുടെ
തിരുമുറ്റത്തോടിക്കളിക്കുന്ന
ചെറുമക്കൾക്കിടയിലേക്കായി
കടലാസു വിമാനമായി മനസ്സും
പറന്നു വീഴുന്നു.
നഷ്ടപ്പെട്ട യൗവനത്തിൽ
ഓലക്കുടിലിന്റെ പുറകിലായി,
പോകേണ്ടെന്നു നിറമിഴിയോടെ
സ്വകാര്യം പറഞ്ഞവൾ പലപ്പോഴും
വിമാനത്തിന്റെ ചിറകുകളായി മാറുന്നു.
കത്തിലൂടെ പിറവിയറിഞ്ഞ,
ആരോ എത്തിച്ച ആൽബത്തിലെ
ഏടായിമാറിയ പൊന്നുമോൾക്കിന്ന്
മക്കൾ രണ്ടെണ്ണം!
ആനകളിക്കണം, ആറ്റിൽ മുങ്ങണം, ചൂണ്ടയിടണം,
ഉപ്പാന്റെ ഖബറിങ്ങൽ കരഞ്ഞു പറയണം.
കലണ്ടറിലെ അക്കം നാടു വരയ്ക്കുമ്പോൾ,
കിനാക്കളറിയാതെ ഇടവഴിയാകുന്നു.
ഇനിയില്ലെന്നു പതിയെ പറഞ്ഞ
മണ്ണിലേക്ക് വിധികൾ മടക്കവണ്ടിയയക്കുമ്പോൾ,
ലോണടയ്ക്കണം. പണയം പുതുക്കണം,
മതിലു പണിയണം,
കെട്ട്യോളെ മക്കം കാണിക്കണം.
അവധിയ്‌ക്കൊടുക്കം നെഞ്ചിലെ കനലമർത്താൻ
ഒരിക്കൽകൂടി ചിറകു നെയ്യുന്നു,
ദേശാടനപ്പക്ഷിയാകുന്നു.