പിന്തിരിയാത്ത പോരാളി
സുധീർ മേച്ചേരി
2025 ജൂലൈ 26, 1447 മുഹറം 30

മായാത്ത മുറിവുകൾ പടർന്ന
മനസ്സു നീ പതുക്കെ തടവണം...
ആ മുറിവിന്നാഴങ്ങളിൽ
ചിന്തയുടെ കൂർത്ത നഖങ്ങൾ പതിക്കേണ്ട,
ഇനിയും വ്രണപ്പെടുത്തിടേണ്ട
നിൻ മൃദുവാർന്ന മാനസത്തെ.
തോൽക്കുവാനാവാത്ത പോരാളിയായി നീ
ജീവിത വിജയത്തിനൊരുങ്ങീടുക.
അവധാനതയും ക്ഷമയുമുണ്ടെങ്കിലേ
ജീവിതവിജയം നിൻ കൂടെ നിൽക്കൂ.
കാത്തിരിപ്പൊന്നും കൈപ്പല്ലെന്നറിയുക,
പോരാട്ട വീഥിയിൽ മുന്നേറുക.
ഇനിയും നടക്കേണ്ടതുണ്ട് നീ ഭൂമിയിൽ
പതറാതെ ആയുസ്സൊടുങ്ങുവോളം.
തളരേണ്ടതില്ല, നിൻ മനമുണരട്ടെ
പുതിയ പാഠങ്ങൾ പഠിച്ചിടാനായ്.
കാത്തുനിൽക്കുക, നിൻ
സുന്ദര സ്വപ്നങ്ങൾ
പുലരുന്ന നാളിനായ് ആശയോടെ.
രാവിന്നിരുട്ടു പോയ് ചക്രവാളത്തിലായ്
വെള്ളിവെളിച്ചം വിടരുന്ന പോൽ
വന്നെത്തിടുമത് നിന്നെയും തേടി.
ആ പൊൻപുലരി നിന്റെതാവും
അന്നു നിന്റെ മനസ്സിലെ മുറിവുകൾ മായും
അവിടെ സുഗന്ധം പൊടിയും
അത് നിന്റെ മുഖത്ത്
പുഞ്ചിരിയായ് വിടരും...
