എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28

ചികിത്സാവിധികള്‍ക്കു ലിവിംഗ് വില്‍: രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ തൃശൂരില്‍

-ആര്‍.എം. ഇബ്‌റാഹീം, വെളുത്തൂര്‍

''ജീവിതാന്ത്യത്തില്‍ അനാവശ്യ വൈദ്യശാസ്ത്ര ഇടപെടലുകള്‍ ഒഴിവാക്കാന്‍ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി ലിവിംഗ് വില്‍ രജിസ്റ്റര്‍ ചെയ്തു. അല്‍ഫ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ.ജോസ് ബാബുവാണ് അഡ്വ. പി.ഡി. റാഫേല്‍ മുഖേന തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം നമ്പര്‍ കോടതിയില്‍ ലിവിംഗ് വില്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതുവരെ രാജ്യത്ത് ആരും ലിവിംഗ് വില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ചതായി അറിവില്ല. ഈ സാഹചര്യത്തില്‍ ആദ്യ രജിസ്‌ട്രേഷന്‍ തന്റേതായിരിക്കുമെന്നു ജോസ് ബാബു പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.

എന്താണ് ലിവിംഗ് വില്‍?

ജീവിതാന്ത്യത്തില്‍ രോഗിക്കു താല്‍പര്യമില്ലാത്ത ചികിത്സാവിധികള്‍ നിരസിക്കാനും നിലവില്‍ ഇത്തരം ചികിത്സകള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കാനും ആരോഗ്യവും മാനസികശേഷിയുമുള്ള സമയത്തു മുന്‍കൂറായി രോഗിതന്നെ എഴുതിവയ്ക്കുന്ന രേഖയാണ് ലിവിംഗ് വില്‍. രോഗി അബോധാവസ്ഥയിലോ അര്‍ധബോധാവസ്ഥയിലോ ആയാല്‍ ശരിയായ തീരുമാനമെടുക്കാന്‍ ഡോക്ടര്‍ക്കും ഉറ്റവര്‍ക്കും സഹായകരമാണ് ഈ രേഖ.

എന്തൊക്കെ നിഷേധിക്കാം?

വെന്റിലേറ്റര്‍, മൂക്കിലൂടെയുള്ള ഭക്ഷണക്കുഴല്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങി രോഗിക്കു താല്‍പര്യമില്ലാത്തവ എന്താണെന്നു രോഗിക്കു നിര്‍ദേശിക്കാം. ഏതൊക്കെ ചികിത്സവേണമെന്നു നിര്‍ദേശിക്കാന്‍ അവകാശമില്ല.

നിയമസാധ്യത

രണ്ടു സാക്ഷികളുടെ ഒപ്പോടുകൂടിയാണ് രേഖ രജിസ്റ്റര്‍ ചെയ്യുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍ ഈ വില്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്.

രോഗി ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയുണ്ടെങ്കില്‍ ഡോക്ടര്‍ക്കു ചികിത്സ തുടരാം. ജീവന്‍ നിലനിര്‍ത്തുന്ന ഉപാധികള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ്. ഇതിനു മെഡിക്കല്‍ ബോര്‍ഡിന്റെ ശിപാര്‍ശ ആവശ്യമാണ്. ലിവിംഗ് വില്‍ നടപ്പാക്കാന്‍ രോഗിക്കു വിശ്വാസമുള്ള ഒരു വ്യക്തിയെ നിര്‍ദേശിക്കാം. ഒരാള്‍ക്ക് എത്രവണ വേണമെങ്കിലും ലിവിംഗ് വില്‍ പരിഷ്‌കരിക്കാമെന്നു ഡോ. ജോസ് ബാബു പറഞ്ഞു.

പത്രസമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍, അഡ്വ. പി.ഡി. റാഫേല്‍ എന്നിവരും പങ്കെടുത്തു.'' (രാഷ്ട്രദീപിക, തൃശൂര്‍, 05-09-2019).

ഇൗ പ്രഖ്യാപനം സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി മാറിയിട്ടില്ല. ഇതിന്റെ ഗുണദോഷഫലങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മതപണ്ഡിതന്മാരുടെ ശ്രദ്ധയില്‍ ഇത് വരേണ്ടതുണ്ട്.

വെന്റിലേറ്റര്‍, മൂക്കിലൂടെയുള്ള ഭക്ഷണക്കുഴല്‍, ഡയാലിസിസ്... പോലുള്ളവ നിഷേധിക്കുവാന്‍ രോഗിക്ക് അനുവാദം നല്‍കുന്നത് ശരിയാണോ? ജീവിതത്തിലേക്ക് തിരിച്ചുവരുമോ അതോ രോഗം മൂര്‍ഛിച്ച് മരണപ്പെടുമോ എന്ന് രോഗിക്കോ ഡോക്ടര്‍മാര്‍ക്കോ ഉറപ്പിക്കാന്‍ കഴിയുമോ?

മരണം ആത്യന്തിക സത്യമാണ്. ജനിച്ചവര്‍ക്കൊക്കെ മരണം ഉറപ്പ്. എന്നാല്‍ സ്വയം മരണം വരിക്കാന്‍ മതം അനുവദിക്കുന്നില്ല.

ലിവിംഗ് വില്‍ സംബന്ധിച്ച് പണ്ഡിതന്മാരുടെ വിദഗ്ധാഭിപ്രായം അറിയുവാന്‍ ആഗ്രഹിക്കുന്നു.