എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25

വ്യാജന്‍ 'വ്യാജന്‍' തന്നെ!

-മുസ്‌ലിം ബിന്‍ ഹൈദര്‍

'ഒറിജിലിനെ വെല്ലുന്ന വ്യാജന്‍' എന്നത് കേട്ടും അനുഭവിച്ചും പരിചിതമായ വാക്കാണ്. കൊടുക്കുന്ന മൂല്യത്തിന് അനുഗുണമായത് തിരിച്ച് കിട്ടാതിരിക്കുമ്പോഴും, തിരിച്ച് കിട്ടുന്നവയെ തിരിച്ചറിയാതിരിക്കുന്നതും മിനിമം ഭാഷയില്‍ പറഞ്ഞാല്‍ കൊടും വഞ്ചനയാണ്.

അപചയങ്ങളുടെ അപശബ്ദങ്ങളാല്‍ മുഖരിരിതമായ ലോകത്ത് മായമാണ് എങ്ങും നിറഞ്ഞാടുന്നത്. വാങ്ങിയ ഉല്‍പ്പന്നം വ്യാജമാണെന്ന് അറിഞ്ഞാല്‍ തിരിച്ചു നല്‍കാം. വ്യാജന്‍ വില്‍ക്കുന്ന കട ആണെന്നറിഞ്ഞാല്‍ അവിടെ പോകാതിരിക്കാം. പക്ഷേ, ഏറ്റവും ആധുനിക കണക്കുകള്‍ തെളിയിക്കുന്ന ചില വ്യാജ പ്രകടനങ്ങള്‍ മനുഷ്യനെ വല്ലാെത ഞെട്ടിക്കുന്നതാണ്.

ആതുരസേവനരംഗത്ത് സ്വയം സമര്‍പ്പിതമാവാന്‍ കാലങ്ങളായുള്ള തങ്ങളുടെ പഠന-മനനത്തിന്റെ പരിജ്ഞാനവുമായി കടന്നുവരുമ്പോള്‍  സഹജീവികള്‍ക്ക് കരുണയും സഹായവുമാണത്. 

പക്ഷേ, വളരെ ഖേദകരമെന്ന് പറയട്ടെ സര്‍ട്ടിഫിക്കറ്റ് പിന്‍ബലമോ, അനുഭവത്തിന്റെ ആദ്യാക്ഷരമോ വശമില്ലാത്ത വ്യാജര്‍ ഈ രംഗത്ത് പിടിമുറുക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പിടിയിലായ വ്യാജഡോക്ടര്‍ നല്‍കുന്ന സന്ദേശം. മാത്രമല്ല ഇയാള്‍ അഞ്ചു ജില്ലകളിലായി ജോലി ചെയ്തിട്ടുണ്ടെന്ന വിവരം മലയാളിയെ ഞെട്ടിക്കുന്നതാണ്. 

അന്വേഷണ ഉദ്യോഗസ്ഥര്‍ ആ വഴിയില്‍ അല്‍പം കുശാഗ്രബുദ്ധിയോടെ നീങ്ങിയപ്പോള്‍  വലയില്‍ കുടുങ്ങിയത് ചെറുമീനുകള്‍ മുതല്‍ വന്‍സ്രാവുകള്‍ വരെ ഉണ്ടന്നാണ്  അവര്‍ ആണയിടുന്നത്.

2018 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിലും സംസ്ഥാന കൗണ്‍സിലുമായി രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുടെ എണ്ണം 10,22,589 ആണെങ്കില്‍ ഇതില്‍ 8.2 ലക്ഷം ഡോക്ടര്‍മാര്‍ മാത്രമേ രാജ്യത്ത് സേവന രംഗത്ത് ഉള്ളുവെന്നും കണക്കാക്കപ്പടുന്നുവത്രെ. 

ഭീമമായ ജനസംഖ്യയുള്ള രാജ്യത്ത് ലക്ഷത്തിന് നൂറു പേര്‍ ഡോക്ടര്‍മാരായി സേവന രംഗത്ത് വേണ്ടപ്പോള്‍ 62 പേരെ മാത്രമെ ലഭ്യമുള്ളുവെന്ന സത്യവും അതില്‍ തന്നെ വ്യാജന്‍മാര്‍ വിലസുന്നുണ്ടെന്ന അനുഭവവും പൊതുജനാരോഗ്യരംഗത്ത് വന്‍ സൂക്ഷ്മത പാലിക്കുന്നൊരു രാജ്യത്ത് ഉണ്ടാവാന്‍ പാടില്ലായിരുന്നു. വ്യാജന്‍ വ്യാജനായി തന്നെ നിലനിന്ന് ആട്ടിയകറ്റപ്പെടുകയും ഒറിജിനലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.


ചരിത്രപഠനം പുരോഗമിക്കട്ടെ

-സക്കീന എടവണ്ണ

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ് പറവണ്ണ എഴുതിക്കൊണ്ടിരിക്കുന്ന വിശുദ്ധ ക്വുര്‍ആനും മലയാളികളും എന്ന ലേഖന പരമ്പര ചരിത്ര കുതുകി കള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്ന കാര്യത്തില്‍ സംശയമില്ല. 

ക്വുര്‍ആന്‍ പരിഭാഷയോടും മതപഠന സംരംഭങ്ങളോടുമുള്ള കേരളത്തിലെ മുന്‍കാല മതപണ്ഡിതരുടെ സമീപനം രേഖകള്‍ സഹിതം വ്യക്തമാക്കുകയും ആ രംഗത്ത് മക്തി തങ്ങള്‍ ചെയ്ത സേവനങ്ങള്‍ കൃത്യമായി എടുത്തവതരിപ്പിക്കുകയും ചെയ്ത ലേഖകന്റെ ഗവേഷണപഠനം അഭിനന്ദനമര്‍ഹിക്കുന്നു. മതപ്രബോധന രംഗത്ത് ഒരേസമയം ക്രിസ്ത്യന്‍ മുസ്‌ലിം പുരോഹിതരോടും ഖാദിയാനികളോടും എതിര്‍ത്ത് നിന്ന് ആദര്‍ശ പ്രബോധനം നടത്തിയ മക്തി തങ്ങള്‍ കേരളത്തിലെ മതപ്രബോധന രംഗത്തെ ആചാര്യനാണെന്ന് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന വസ്തുതയാണ്. 

വാമൊഴി രംഗത്തും വരമൊഴി രംഗത്തും ഒരുപോലെ മികവ് തെളിയിച്ച അദ്ദേഹത്തിന്റെ സൃഷ്ടികളെ വക്രീകരിച്ച് ചരിത്രത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും പൗരോഹിത്യം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അത്തരം കുത്സിത ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള കനപ്പെട്ട രചനയായി നേര്‍പഥത്തിലെ ഈ ലേഖനപരമ്പരക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.