എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 മാര്‍ച്ച് 16 1440 റജബ് 11

യാത്ര

-മുഹമ്മദ് ശമീല്‍

എത്ര ജോടി വസ്ത്രങ്ങളാണ് എന്റെ അലമാരകളില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ളത്.

നൂലിഴകളില്‍ നുരുമ്പ് കയറുന്നതിന് മുമ്പ് എത്ര വസ്ത്രങ്ങളാണ് ഞാന്‍ ഉപേക്ഷിച്ചത്.

എന്റെ സഞ്ചാരവഴികളില്‍ വിതറിയ സുഗന്ധങ്ങളുടെ എത്ര വൈവിധ്യങ്ങളാണ് എന്റെ മേശക്ക് മുകളിലുള്ളത്.

ഇന്ന് കുളിച്ച വെള്ളത്തില്‍ ചേര്‍ത്ത കര്‍പൂരത്തിനും എന്റെ ദേഹത്ത് ആരോ പുരട്ടിയ അത്തറിനും എന്ത് സുഗന്ധമായിരുന്നു.

ഉയര്‍ന്ന നിലവാരത്തിലുള്ള തുണിയിലാണ് എന്റെ കഫന്‍ പുടവ ഒരുക്കിയിരിക്കുന്നത്.

എങ്കിലും എന്റെ ആത്മാവിതാ ദുര്‍ഗന്ധം പേറിയവനാകുന്നു.

മിഴികളടയുന്ന നേരത്ത് ഞാന്‍ കണ്ട കാഴ്ചകളില്‍നിന്ന്, പേര് മാറുന്ന നേരത്ത് ഞാന്‍ രുചിച്ച വേദനകളില്‍ നിന്ന്, ഞാനറിഞ്ഞു ഇനിയെന്റെ യാത്ര ദുഷ്‌കരമെന്ന്.

ഞാന്‍ ആനന്ദമായി കണ്ടിരുന്ന എന്റെ ചെയ്തികള്‍ സിജ്ജീനിലെ വരികളായിരിക്കുന്നു.

സമയമുണ്ടെന്ന മിഥ്യയില്‍ ചൊല്ലാന്‍ മറന്ന ഇസ്തിഗ്ഫാറുകള്‍ റബ്ബിന്റെ കരുണയില്‍ നിന്നെന്നെ മടക്കി. 

എന്റെ നഷ്ടമേ, ചെറുതെന്ന് തോന്നി ഞാന്‍ ഉപേക്ഷിച്ച ഒരു നന്മയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ ശിക്ഷയുടെ കാഠിന്യത്തില്‍ നിന്നൊരു കുറവ് ലഭിച്ചേനെ!

മടക്കമോ ഒടുക്കമോ ഇല്ലാത്ത ലോകത്ത് വര്‍ധനവ് മാത്രം നല്‍കുന്ന നരകമേ, നിന്നിലേക്ക് അടുക്കുന്ന പ്രവര്‍ത്തികളില്‍ ഞാന്‍ എന്തിനെന്റെ ജീവിതം ചെലവഴിച്ചു!


'തീ പിടിച്ച' വാര്‍ത്തകള്‍

-ഹൈസ ഫര്‍ഹീന്‍

നാടെങ്ങും തീ പിടിച്ച വാര്‍ത്തകളാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തോളം സ്ഥലങ്ങളിലാണ് വന്‍ തീപിടുത്തമുണ്ടായത്. കേരളം കര്‍ണാടക അതിര്‍ത്തി പ്രദേശത്തെ വനമേഖലയിലെ തീ ഇതുവരെ അണയ്ക്കാന്‍ കഴിഞ്ഞിട്ടുമില്ല. 

2018ലെ പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും നാടും നഗരവും കരിഞ്ഞുണങ്ങിയിരിക്കുകയും ദാഹ ജല സ്രോതസ്സുകളെല്ലാം വറ്റിവരണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ച, വരാന്‍ പോകുന്ന വറുതിയുടെ നാളുകളെയാണ് സൂചിപ്പിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അനുമാനം. 

പ്രകൃതിയില്‍ അടിക്കടി വരുന്ന മാറ്റങ്ങള്‍ നോക്കിക്കാണുന്ന ആര്‍ക്കും സ്രഷ്ടാവിന്റെ പരീക്ഷണങ്ങളെ തൊട്ട് അശ്രദ്ധരായിരിക്കാന്‍ സാധ്യമല്ല എന്നതാണ് വാസ്തവം. പ്രളയം ശ്വാസം മുട്ടിച്ച അതേ തൊണ്ടകള്‍ ദാഹിച്ചു വരളുന്ന അവസ്ഥയിലേക്ക് കാലാവസ്ഥ പെട്ടെന്ന് മാറിയിട്ടുണ്ടെങ്കില്‍ കേരളത്തിന്റെ വേനല്‍ക്കാലാനുഭവങ്ങള്‍ ശുഭകരമായിരിക്കില്ല എന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്.

കാലത്തെ സൃഷ്ടിക്കുകയും കാലാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍വലോക രക്ഷിതാവിനോട് മനമുരുകി പ്രാര്‍ഥിക്കുന്നതോടൊപ്പം പ്രകൃതിയില്‍ ഇടപെടുമ്പോള്‍ അവന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുക കൂടി ചെയ്യുമ്പോള്‍ മാത്രമേ അവന്റെ കാരുണ്യത്തിന് വേണ്ടി കരങ്ങളുയര്‍ത്താന്‍ നമ്മെ അര്‍ഹനാക്കൂ. അത്തരക്കാര്‍ക്ക് മാത്രമേ ശോഭനമായ ഭാവിയെ കുറിച്ച് പ്രത്യാശ പുലര്‍ത്താന്‍ കഴിയൂ.