എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

സെന്റോഫിന് സെന്റോഫ് നല്‍കണം

-മുസ്‌ലിം ബിന്‍ ഹൈദര്‍ 

മാര്‍ച്ച് ചൂടിന്റെ കാലമാണ്. എല്ലാ വകുപ്പും ചൂടിന്റെ പിടിയിലാണ്. പരീക്ഷാ ചൂട്, വാല്യുവേഷന്‍ ചൂട്, ഇലക്ഷന്‍ ചൂട്... അങ്ങനെ പോവുന്നു ചൂടിന്റെ പട്ടിക. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയത്തോട് വിട പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും വിരഹ ചൂടും ഏല്‍ക്കാതിരിക്കില്ല.

എന്നാല്‍ എല്ലാ ചൂടുകളും കാലക്രമേണ അലിഞ്ഞില്ലാതെയാവും. പക്ഷേ, ഏറ്റവും പുതിയതായി, നടപ്പു മാസങ്ങളില്‍ രൂപപെട്ട ചില ചൂടുകള്‍ അത്ര പെട്ടെന്ന് തണുക്കുമെന്ന് തോന്നുന്നില്ല. വരും തലമുറയുടെ ഭാസുരമായ ഭാവി സ്വപ്‌നം കാണുന്ന അധ്യാപകരുടെ/രക്ഷിതാക്കളുടെ/നന്മേഛുക്കളുടെ ഹൃദയത്തിനേറ്റ മുറിവ് അത്ര വലുതാണ്. 

സ്‌നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വേദിയായി സന്തോഷ പുഞ്ചിരിയോടെ പിരിഞ്ഞു പോവേണ്ട സെന്റോഫ് പ്രോഗ്രാമുകള്‍ അധ്യാപകരെ ദേഹോപദ്രവം ചെയ്യുക, നാശനഷ്ടങ്ങള്‍ വരുത്തുക, ടെക്സ്റ്റ് ബുക്കുകള്‍ നശിപ്പിക്കുക, യൂണിഫോമില്‍ എഴുതി നിറക്കുക, വാട്ടര്‍ ബലൂണുകൊണ്ട് എറിഞ്ഞ് കളിക്കുക, ഉജാല തെറിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസ പ്രക്രിയയോട് ഒരു കാലത്തും ഓരം ചേരാത്ത കോപ്രായങ്ങള്‍ക്കുള്ള രംഗവേദിയായി മാറുമ്പോള്‍ പ്രതീക്ഷയുടെ മേല്‍ കരിനിഴല്‍ വീഴാത്തവരായി ആരുണ്ട്?

ബഹുമാനപ്പെട്ട എക്‌സൈസ് കമ്മീഷണര്‍ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ് സമൂഹ മാധ്യമങ്ങളിലൂടെ ഒരു അഭ്യര്‍ഥന നടത്തിയത് നമ്മില്‍ പലരും കണ്ടു. ലഹരിയുടെ കഴുകക്കണ്ണുകള്‍ നമ്മുടെ കുട്ടികളുടെ മേലെ വട്ടമിട്ടു പറക്കുന്നതിനാല്‍ പരീക്ഷ കഴിഞ്ഞ ഉടനെ രക്ഷിതാക്കള്‍ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണം എന്നതായിരുന്നു ആ സന്ദേശത്തിന്റെ രത്നച്ചുരുക്കം.

സെന്റോഫ് കാലമാവുന്നത് ഏറെ തലവേദനയാവുന്ന പ്രവണത കൂടി വരികയാണ്. ഇളം തലമുറ മുന്‍ഗാമികളെ അനുകരിച്ച്, തങ്ങളുടെ ഊഴമാവുമ്പോള്‍ കണ്ടതിലും വലുത് കാണിക്കാനും ചെയ്തതിലും വലുത് ചെയ്യാനുമാണ് അണിയറയില്‍ വട്ടം കൂട്ടുന്നത്. ഇഛക്കനുസരിച്ച് സമ്മതം മൂളിയിെല്ലങ്കില്‍ കണ്ടത് നടപ്പിലാക്കാന്‍ ഒരു വൈമനസ്യവും കാണിക്കാത്ത വിദ്യാര്‍ഥികളെ നേര്‍ചിന്തയിലേക്കും പഠന മനനങ്ങളിലേക്കും നയിച്ചില്ലങ്കില്‍ നമ്മുടെ മക്കളുടെ ഭാവിയെ പറ്റി ഭയപ്പെടാതിരിക്കാനാവുമോ?

സ്‌കൂള്‍ അധ്യാപകരുടെ സ്‌നേഹ സമ്മാനം സ്വീകരിക്കാതെയും അവരുടെ ഉപദേശങ്ങള്‍ക്ക് ചെവി നല്‍കാതെയും ഇന്നലെ വരെ ക്ലാസ് റൂമില്‍ നല്ല കുട്ടിയായി ഇരുന്നവര്‍ക്കടക്കം അധ്യാപകരുടെ 'പൂര്‍ണ വിസമ്മതത്തോടെ' സ്‌കൂളിന്റെ വിളിപ്പാടകലെ അഞ്ചക്ക സംഖ്യ നല്‍കി ഓഡിറ്റോറിയം വാടകക്കെടുത്ത് സെന്റോഫ് സംഘടിപ്പിച്ച് തോന്നിയപോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെങ്കില്‍, അവരെ മാത്രം കുറ്റം പറയുന്നതിലും  അര്‍ഥമില്ല. 

കാശു കൊണ്ടും മൊബൈല്‍ കൊണ്ടും മക്കളെ സ്‌നേഹിക്കുന്ന മാതാപിതാക്കളും ഈ തെറ്റിന് ഉത്തരവാദികളാണ്. ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്ന മക്കളെ രക്ഷിതാക്കളാണ് വഴിതിരിച്ചുവിടുന്നതെന്ന ആശയം ഇവിടെ പുലരുകയാണ്. അവസാന സമയത്തുള്ള വേവലാതികള്‍ ജലരേഖയായി പരിണമിക്കുമെന്നറിഞ്ഞിട്ടും കടിഞ്ഞാണിടാന്‍ കഴിയാതെ പോവുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

ഇപ്പോള്‍ സ്‌കൂള്‍ അടച്ചു. മക്കളുടെ മേല്‍ തുടര്‍ച്ചയായ ശ്രദ്ധയും പരിഗണനയും ഉണ്ടായില്ലെങ്കില്‍ കാതു മുളച്ചിട്ട് കേള്‍ക്കാത്തതും ഇതുവരെ കാണാത്തതുമായ അനുഭവങ്ങള്‍ അവര്‍ നമുക്ക് സമ്മാനിച്ചെന്നു വരും. അത്രമേല്‍ വികൃതമാണ് മക്കളുടെ പരിസരം.

സ്വവീടും വീട്ടന്തരീക്ഷവും മാന്യമാക്കി നല്ല സംസ്‌കാരങ്ങളുടെ വിളനിലമാകാന്‍ മനഃപൂര്‍വം ശ്രമിക്കുക എന്നത് മാത്രമാണ് പരിഹാരം.

മാര്‍ച്ച് അവസാനം രാത്രി കിടക്കുമ്പോള്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോയി; വരും വര്‍ഷങ്ങളിലെങ്കിലും ഈ സെന്റോഫിന് തന്നെ സെന്റോഫായെങ്കിലെന്ന്.