എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19

ലക്ഷ്യബോധമുള്ളവരാകണം വിദ്യാര്‍ഥികള്‍

-യഹ്‌യ പി.കെ, കാസര്‍കോഡ്

'നേര്‍പഥം' ലക്കം 176ലെ എഞ്ചിനിയറിംഗ് പഠനവുമായി ബന്ധപ്പെട്ട് നബീല്‍ പയ്യോളി എഴുതിയ ലേഖനം ശ്രദ്ധേയമായി. വിഷയത്തിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ലേഖനം.

'വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥിസമൂഹത്തിന് ദിശാബോധം നല്‍കുകയും അവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുക എന്നതാവണം നമ്മുടെ ലക്ഷ്യം. വിദ്യാര്‍ഥിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധ്യമാകണം. സക്രിയമായ ഇടപെടലുകള്‍ക്ക് കളമൊരുക്കണം. പഠനകാലാം പഠിക്കാനുള്ളതാണെന്നും പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അജണ്ടയില്‍ ഉണ്ടാവാന്‍ പാടില്ലെന്നും വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം.' വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോടുള്ള ഈ നിര്‍ദേശം നിത്യപ്രസക്തമാണ്.

ഉന്നതവിദ്യാഭ്യാസം ഇന്ന് സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് കിട്ടാക്കനിയാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. ലക്ഷങ്ങള്‍ നല്‍കി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ പലരും രാഷ്ട്രീയ പാര്‍ട്ടികളുടെ കൈകളിലെ പാവകളായി ഭാവി തുലച്ചുകളയുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ലക്ഷ്യബോധമുള്ള പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുവാന്‍ രക്ഷിതാക്കളും സര്‍ക്കാരും ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.


സാന്ത്വനമേകുന്നവനാകണം പ്രബോധകന്‍

-അബ്ദുല്‍ സത്താര്‍.പി.പി, ഒറ്റപ്പാലം

'സാന്ത്വനമേകുന്നവനാകണം പ്രബോധകന്‍' എന്ന ടി.കെ അശ്‌റഫിന്റെ ലേഖനമാണ് ഈ കുറിപ്പിനാധാരം. രോഗികളെ സന്ദര്‍ശിക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയില്‍ പെട്ടതാണ്. പ്രബോധനരംഗത്തുള്ളവര്‍ അതില്‍ കൂടുതല്‍ ശ്രദ്ധയും താല്‍പര്യവും പുലര്‍ത്തേണ്ടതുണ്ട്.

പലരും ഒരു ചടങ്ങ് തീര്‍ക്കല്‍ എന്ന രൂപത്തിലാണ് രോഗികളെ സന്ദര്‍ശിക്കാറുള്ളത്. അല്ലാഹുവിങ്കല്‍നിന്ന് പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യകര്‍മമാണ് അത് എന്ന് അവര്‍ ഓര്‍ക്കാറില്ല.

രോഗികളെ സന്ദര്‍ശിക്കുന്നവര്‍ രോഗിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കരുത്. ഒറ്റപ്പെടലില്‍ നിന്ന് ആശ്വാസം പകരാന്‍ നമ്മുടെ സന്ദര്‍ശനത്തിനാവണം. രോഗിക്കു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. ചികിത്സയെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെ സംബന്ധിച്ചും രോഗിക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കരുത്. ചികിത്സ സംബന്ധിച്ച കാര്യമാത്ര പ്രസക്തമായ നിര്‍ദേശങ്ങള്‍, കുടുംബത്തിലെ ബന്ധപ്പെട്ടവരോട് മാത്രം പങ്കുവയ്ക്കുന്നതാണ് നല്ലത്. ഡോക്ടര്‍മാര്‍ സന്ദര്‍ശനം വിലക്കിയ രോഗിയാണെങ്കില്‍ സന്ദര്‍ശിക്കാതിരിക്കുകയാണ് നന്മ. എന്നാലും വിവരങ്ങള്‍ അറിഞ്ഞാല്‍ പ്രാര്‍ഥിക്കാന്‍ സാധിക്കും. അഭാവത്തിലുള്ള പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. രോഗവിവരം അറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് തന്നെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

ഇത്തരം നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള സന്ദര്‍ശനം രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുമെന്നതില്‍ സംശയമില്ല.