എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 മെയ് 04 1440 ശഅബാന്‍ 28

നോമ്പിന്റെ കാമ്പ്

-നസീബ എം.എ പാണ്ടിക്കാട്

ആയുസ്സിലെ വിലമതിക്കാനാവാത്ത അനുഗ്രഹമാണ് ഓരോ റമളാനിലും മാനസിക ശാരീരിക ആരോഗ്യ പൂര്‍ണതയോടെ പ്രവേശിക്കാനാവുക എന്നത്. പുണ്യ റമളാനുള്‍ക്കൊള്ളുന്ന കാമ്പ് സ്വായത്തമാക്കാന്‍ പാടുപെടുന്നവരാണു നാം. വിശ്വാസിക്കത് അനിവാര്യവുമാണ്.

ഭൗതിക ജീവിതയാത്രയ്ക്കിടെ ഓഫര്‍ ലിസ്റ്റ് തൂങ്ങിയാടുന്ന കടകളിലേക്കും പരസ്യങ്ങളിലേക്കും കണ്ണും കരളും ഒരുപോലെ ആകര്‍ഷിക്കപ്പെടുന്നത് നിത്യാനുഭവമാണ്.

അങ്ങനെയെങ്കില്‍ പാപങ്ങള്‍ 'കാലിയാക്കാനുള്ള മെഗാ ഓഫറുള്‍ക്കൊള്ളുന്ന' റമളാനില്‍ തന്റെയും കുടുബത്തിന്റെയും പരലോകത്തേക്കുള്ള 'പര്‍ച്ചേഴ്‌സിംഗ്' ഭംഗിയാക്കാന്‍ നന്നായി ശ്രമിക്കണം.

റമളാനിന്റെ ആഗമനം വീട്, പരിസരം, ഫര്‍ണിച്ചറുകള്‍  മുതല്‍ നമസ്‌കാരപായ വരെ ഇതിനകം അറിഞ്ഞ് കഴിഞ്ഞു. അതാവട്ടെ പാരമ്പര്യമായ 'പാറോത്തില' സംസാരമാണ്. ആവശ്യമാണങ്കിലും അത്യാവശ്യമല്ലെന്നറിഞ്ഞ് ശുദ്ധീകരണം മനസികാകത്തളങ്ങളിലേക്ക് തിരിച്ച് വിടണം. അവിടെയാണ് ഒറിജിനല്‍ നനച്ച് കുളി അരങ്ങേറേണ്ടത്.

വിശുദ്ധ പകലുകളില്‍ കഠിനജോലികളിലേര്‍പ്പെടാതിരിക്കാനുള്ള മുന്‍കരുതലെടുക്കുന്നത് ഈ ഉഷ്ണകാലത്ത് ഏറെ ഉപകരിക്കും. ഗൃഹനാഥന്റെ കീശക്കുമേല്‍ ചെറിയൊരു സൂക്ഷിപ്പിന്റെ കണ്ണ് വെക്കുക വഴി കുടുംബമാണ് ആ ചൂടിനെ തടയാന്‍ ശ്രമിക്കേണ്ടത്.

അനുഗ്രഹത്തിന്റെ മാസം ആശ്വാസത്തിന്റെതു കൂടെയാണങ്കിലും കയ്യിലിരിപ്പിന്റെ ഗാഭീര്യം കൊണ്ട് പലപ്പോഴുമത് കിട്ടാക്കനിയാവാറാണുള്ളത്.

അടുക്കളാധ്വാനത്തിന്റെ പാരമ്യതയില്‍ കിടന്നുഴലുന്ന കുടുംബിനിയുടെ നോമ്പ് മഗ്‌രിബ് ബാങ്കിന്റെ ഭക്ഷണമേശക്ക് ചുറ്റുമായി കറങ്ങി കൊണ്ടിരിക്കും. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും വരെ അതാരും തിരിച്ചറിയാറുമില്ല.

ഇവിടെ വന്നണഞ്ഞ അനുഗ്രഹത്തെ എങ്ങനെ സ്വായത്തമാക്കുമെന്ന് അറിയാത്തവരായി ആരുമില്ല. സ്വകര്‍മങ്ങള്‍ ധര്‍മമാണങ്കില്‍ മാത്രമേ രക്ഷയുടെ സുരക്ഷാ കവാടത്തിലേക്കണയാനാവൂ എന്ന അധ്യാപനം കൈമുതലാക്കിയും അരയും തലയും മുറുക്കി നോമ്പിന്റെ മുഴുവന്‍ കാമ്പും നമുക്ക് സ്വന്തമാക്കേണ്ടതുണ്ട്.


മരണാനന്തരം ശുദ്ധശൂന്യമോ?

-അഹ്‌സന പൂതനാരി

മരണാനന്തരം ശുദ്ധശൂന്യം എന്നത് ഈശ്വര നിഷേധികളുടെ ഏറ്റവും വലിയ ദുര്‍വാദമാണ്. പലപ്പോഴും സ്വന്തം മനസ്സിനെ പോലും വിശ്വസിപ്പിക്കാന്‍ ഇത്തരം വാദങ്ങള്‍ പര്യാപ്തമല്ല എന്നത് അവരില്‍ പലരും നിര്‍ണായകഘട്ടത്തില്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്ന് വ്യക്തമാണ്. ജീവിതകാലത്ത് കിട്ടാതെ പോകുന്ന സന്തോഷകരമായ അനുഭവങ്ങളും വന്നു ഭവിക്കുന്ന ദുരനുഭവങ്ങളും ഒരിക്കലെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിയുകയെന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാല്‍ അവരുടെ അഹങ്കാരം അതിനൊട്ട് സമ്മതിക്കുകയുമില്ല. ഇവിടെയാണ് 'യുക്തി+അഹന്ത=നിരീശ്വരവാദം, യുക്തി+വിനയം=ദൈവവിശ്വാസം' എന്ന ഉസ്മാന്‍ ഡോക്ടറുടെ വാചകങ്ങള്‍ പ്രസക്തമാവുന്നത്.

മരണാനന്തരജീവിതത്തെ കുറിച്ചുള്ള പ്രമാണങ്ങളുടെ പ്രതിപാദനവും അതിലടങ്ങിയിരിക്കുന്ന യുക്തിയും ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്ത മുബാറക് ബിന്‍ ഉമറിന്റെ 'മരണാനന്തരം' എന്ന കവര്‍‌സ്റ്റോറി ഏറെ പ്രസക്തമായി. ലേഖകനും നേര്‍പഥത്തിനും അഭിനന്ദനങ്ങള്‍.