എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജൂണ്‍ 08 1440 ശവ്വാൽ 05

ആണവ റിയാക്ടറുകള്‍: വീണ്ടുവിചാരം അനിവാര്യമാണ്

-അഹ്മദ് സല്‍മാന്‍.എസ് ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്‌ലാമിയ്യ

ആണവ റിയാക്ടറുകളെയും അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെയും സംബന്ധിച്ച് രചിച്ച കൃതിക്ക് 2015ലെ നോബല്‍ സമ്മാനജേതാവായ വനിതയാണ് ചരിത്രകാരിയും ഗവേഷകയുമായ സ്വെറ്റ്‌ലാന അലക്‌സിവിച്ച്. 1986ല്‍ ചെര്‍ണോബില്‍ നടന്ന ആണവ റിയാക്ടര്‍ സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തുന്ന Voice from Chernobyl എന്ന കൃതിക്കാണ് സ്വെറ്റ്‌ലാനക്ക് നോബല്‍ സമ്മാനം ലഭിച്ചത്. റിയാക്ടര്‍ വിസ്‌ഫോടനത്തിന്റെ കാരണത്തെയും അതിന്റെ അപകടങ്ങളെയും അതിന് ഇരയായവരുടെ അനുഭവങ്ങളെയും വരുംതലമുറക്ക് അത് വിതക്കാനിരിക്കുന്ന മഹാവിപത്തിനെയും പരാമര്‍ശിച്ചുകൊണ്ടാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ഫുകുഷിമയിലും ചെര്‍ണോബിലിലും നടന്നത് ഇനി ആവര്‍ത്തിക്കപ്പെടരുത് എന്ന സന്ദേശമാണ് ഇതിലൂടെ സ്വെറ്റ്‌ലാന അലെക്‌സിവിച്ച് ലോകത്തിനു സമര്‍പ്പിക്കുന്നത്.

1986 ഏപ്രില്‍ 26നാണ് ചെര്‍ണോബിലില്‍ നാലാം നമ്പര്‍ റിയാക്ടറിന് തീ പിടിക്കുകയും തുടര്‍ന്ന് അത് പൊട്ടിത്തെറിക്കുകയും ചെയ്തത്. അവിടെ ജോലി ചെയ്തിരുന്ന എല്ലാ തൊഴിലാളികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. അന്ന് 31 പേര്‍ മരിച്ചതായാണ് സോവിയറ്റ് യൂണിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കാലം കഴിയും തോറും അതിന്റെ ഇരകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ് (10 ലക്ഷത്തിലേറെ എത്തി എന്നാണ് ഔദ്യോഗിക കണക്ക്!). ഇന്ന് ആരെങ്കിലും കടന്നുചെല്ലാന്‍ ഭയക്കും വിധത്തില്‍ ചെര്‍ണോബില്‍ മാറിക്കഴിഞ്ഞു. ഇന്നും ചെര്‍ണോബിലിനു സമീപ പ്രദേശങ്ങളില്‍ റേഡിയേഷന്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായാണ് കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നത്.

ഇതിനു സമാനമായ ദുരന്തമായിരുന്നു 2011 മാര്‍ച്ച് 11ന് നടന്ന ജപ്പാനിലെ ഫുകുഷിമ ആണവ സ്‌ഫോടനം. ഇതുവരെ ഉണ്ടായിരുന്നതിനെക്കാള്‍ വലിയ പ്രതിസന്ധികള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഈ ആണവ റിയാക്ടര്‍ സ്‌ഫോടനം തുടക്കം കുറിച്ചത്. ഇതോടെ, ഇനി ആവണവ റിയാക്ടറുകള്‍ വേണ്ട എന്നുള്ള തലത്തിലേക്ക് പല രാജ്യങ്ങളും മാറി എന്നത് ഇതിന്റെ ഭീകരതയെ അറിയിക്കുന്നുണ്ട്.

കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കുന്നവര്‍ക്കേ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പാണ് റഷ്യന്‍ പ്രധാനമന്ത്രി പുടിനുമായി ആണവ കരാറില്‍ ഒപ്പു വെക്കുന്നത്. 6 റിയാക്ടറുകള്‍ സ്ഥാപിക്കാനാണ് റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടത്.

ആണവ റിയാക്ടറിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ പെട്ട ഒന്നാണ് ട്രിപ്പിങ്. ആണവ റിയാക്ടറിന് ചോര്‍ച്ചയോ കേടുപാടോ സംഭവിച്ചാല്‍ സ്വയം പ്രവര്‍ത്തനം നിലയ്ക്കുക എന്നതാണ് ട്രിപ്പിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി റിയാക്ടറുകള്‍ക്ക് ശരാശരി മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ട്രിപ്പിങ് ഉണ്ടാകുക. എന്നാല്‍ തമിഴ്‌നാട്ടിലെ കൂടംകുളത്തെ ആണവ റിയാക്ടറുകള്‍ക്ക് വര്‍ഷത്തില്‍ 20 തവണയാണ് ട്രിപ്പിങ് നടക്കുന്നത് എന്നോര്‍ക്കുക.

മഹാരാഷ്ട്രയിലെ ജെയ്താപുര്‍ എന്ന സ്ഥലത്ത് റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ മോഡി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത് ഫ്രാന്‍സുമായിട്ടാണ്. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ ഉയര്‍ന്നുവന്ന ഒരു ചോദ്യം ജെയ്താപൂരില്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടോ എന്നതായിരുന്നു. അതിനെക്കുറിച്ച് വിശദമായി പഠിച്ച ശാസ്ത്രജ്ഞര്‍ പറഞ്ഞത് റിക്ടര്‍ സ്‌കെയ്‌ലില്‍ 5നെക്കാള്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം നടക്കാന്‍ സാധ്യത ഉണ്ടെന്നാണ്.

ആണവ റിയാക്ടറുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഭയന്ന് റിയാക്ടറുകള്‍ വേണ്ട എന്ന് പല രാജ്യങ്ങളും തീരുമാനം എടുത്തിരിക്കെയാണ് നമ്മുടെ രാജ്യം ആ രംഗത്ത് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. റിയാക്ടറുകളുടെ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ സ്വീകരിക്കാത്തവരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്ത്യ ഇന്നുള്ളത്. ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങി പല സംസ്ഥാനങ്ങളിലായി 17 ഓളം ആണവ റിയാക്ടറുള്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നോര്‍ക്കുക.