എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

ധൂര്‍ത്തിന്റെ പുതിയ അവതാരങ്ങള്‍

-ഡോ. സി മുഹമ്മദ് റാഫി ചെമ്പ്ര

കേരളത്തിലെ മുസ്‌ലിം സമുദായം അരക്ഷിതരാണോ എന്ന് സംശയിക്കേണ്ട രൂപത്തിലാണിന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ തറവാട്ടുമഹിമയും പുത്തന്‍ പണക്കൂറ്റും കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിവരദോഷികളായി നമ്മില്‍ പലരും മാറുന്നുവോ?

വിവാഹം എന്ന സംവിധാനം ഇത്രമാത്രം കുടുംബങ്ങളെ പരുക്കേല്‍പിക്കുന്ന സംവിധാനമായി മാറിയതില്‍ ആര്‍ക്കെല്ലാം പങ്കുണ്ട്?

സ്ത്രീധനം, ആഭരണങ്ങളിലെ ധൂര്‍ത്ത്, വിവാഹസദ്യകളിലെ മിതത്വമില്ലായ്മ, വിവാഹാഘോഷങ്ങളില്‍ കാണിക്കുന്ന ന്യൂജെന്‍ വൃത്തികേടുകള്‍, വിവാഹത്തോടനുബന്ധിച്ച് പുതുതായി കടന്നുവരുന്ന അനുബന്ധ ആഘോഷങ്ങള്‍, മഞ്ഞള്‍ കല്യാണം മുതല്‍ മൈലാഞ്ചി കല്യാണം വരെയുള്ളവ നാം കാണാതിരുന്നുകൂടാ. വിവാഹശേഷം കാണുന്ന സല്‍ക്കാര ആഢ്യത്ത പ്രദര്‍ശനങ്ങള്‍ വേറെയും.

ആ കൂട്ടത്തിലേക്ക് പുതുതായി കടന്നുവന്നതും ദിനേനയെന്നോണം രൂപം മാറിക്കൊണ്ടിരിക്കുന്നതുമായ കാര്യമാണ് മിഠായി കൊടുത്ത് വിവാഹം ഉറപ്പിക്കുന്ന ചടങ്ങ്!

പേരും പെരുമയും തറവാടിത്തവും കാണിക്കാനുള്ള മത്സരമായി മാറിയ ഈ സമ്പ്രദായം വല്ലാത്തൊരു അവസ്ഥയിലെത്തിയിട്ടുണ്ട്. മലബാറിലെ മിക്കയിടങ്ങളിലും ഈ ഒരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് മിഠായിക്കച്ചവട ശൃംഖലകള്‍ തന്നെ രൂപപ്പെട്ടിരിക്കുന്നു!

സാധാരണ ഗതിയില്‍ ഒരു ഗിഫ്റ്റ് നല്‍കലില്‍ യാതൊരു കുഴപ്പവും കാണാന്‍ കഴിയില്ല; നല്‍കിയ സമ്മാനം തിരിച്ചു ചോദിക്കാതിരുന്നാല്‍ മതി. പക്ഷേ, ഇവിടെ അതൊന്നുമല്ല നടക്കുന്നത്. ഇതിനെ ആഡംബര പ്രദര്‍ശനമാക്കി മാറ്റുകയാണ്. ഇതൊരു ഒഴിവാക്കാന്‍ പറ്റാത്ത ആചാരമായി വളരുകയാണ്.  അനാവശ്യമായ ചെലവ് വരുത്തിവെക്കുകയാണ്.

സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, വര്‍ധിച്ചു വരുന്ന ധനക്കമ്മി... ഇതിനെക്കുറിച്ചൊന്നും ബോധമില്ലാത്തവരായി നമ്മുടെ സമുദായം മാത്രം മാറുന്നതെന്താണ്?

മഹല്ലുകള്‍ എന്ന സംവിധാനം സംഘടനാവത്കരിക്കപ്പെട്ടതോടെ സമുദായംഗങ്ങള്‍ക്ക് മേലുള്ളനിയന്ത്രണം നഷ്ടമായി എന്നതാണ് വസ്തുത. ഇത്തരം അധാര്‍മികതകള്‍ക്കെതിരെ ശബ്ദിക്കാന്‍ നാം ഒരുമിച്ച് തയ്യാറാകണം.