എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

567 അറിയുമോ 1250ന്റെ ദുഃഖം?

-അബൂ അല്‍ഫ തൊടികപ്പുലം

കണക്കിലെ കളിയല്ല. ജീവിതയാഥാര്‍ഥ്യങ്ങള്‍ തെളിയിക്കുന്ന അനുഭവ സത്യങ്ങളാണ്. 

പ്രസവിച്ച ശേഷം വളര്‍ത്താനാവാത്ത സാഹചര്യം കാരണം, കണക്കുകള്‍ ശരിയാണെങ്കില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം അമ്മമാരുടെ കയ്യാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടത് 567 കുഞ്ഞുങ്ങള്‍! അതേ കേരളത്തില്‍ തന്നെയാണ് കണ്ണുനീരും കിനാവുമായി പ്രതീക്ഷയോടെ ഒരു കുഞ്ഞിക്കാലിനായ് 1250ലേറെ ദമ്പതിമാര്‍ കാത്തിരിക്കുന്നത്.

അനുഗ്രഹത്തെ അപകടമായി നിനച്ചവര്‍ 567 എണ്ണത്തെ നിഷ്‌കരുണം എടുത്തെറിയുമ്പോള്‍ ഘനീഭവിച്ച ഹൃദയവുമായി ഹോസ്പിറ്റലുകളില്‍ നിന്ന് ഹോസ്പിറ്റലുകളിലേക്കുള്ള പ്രയാണത്തിലാണ് നൂറു കണക്കിന് ദമ്പതിമാര്‍, അതിനുമപ്പുറം വൈദ്യശാസ്തത്തിന്റെ അവസാന ആശ്വാസവാക്കിലും പ്രതീക്ഷ നഷ്ടപ്പെട്ട് ദത്തെടുക്കാന്‍ അപേക്ഷ നല്‍കി സര്‍ക്കാറിന്റെ കനിവിനായ് കാത്തിരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ സുഖവാഴ്ച തുടരുകയും ഒന്നുമറിയാത്ത ജീവനുകള്‍ പ്രായശ്ചിത്തം നല്‍കുകയും ചെയ്യേണ്ട ഈ അവസ്ഥ ന്യായീകരിക്കാവതല്ല. ജനിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട, സമൂഹത്തില്‍ നിന്ന് ജീവനും ജീവിതങ്ങളും രക്ഷപ്പെട്ട്... നാഗരികമായും സാംസ്‌കാരികമായും ഉന്നതിയിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ചില അക്കങ്ങള്‍(567) നമ്മെ ലജ്ജിപ്പിക്കാതിരിക്കില്ല. കാരണം പിന്നിട്ട വര്‍ഷങ്ങളിലും മുന്നിടാനിരിക്കുന്ന വര്‍ഷങ്ങളിലും ഈ അക്കങ്ങള്‍ക്ക് മാത്രമെ മാറ്റം കാണൂ. ഈ കരുണയില്ലായ്മ ആവര്‍ത്തിക്കുക തന്നെയാണ്.

കാരണങ്ങള്‍ പലത് നിരത്താനുണ്ടങ്കിലും ഒന്നും ചവറ്റുകൊട്ടയില്‍ എറിയപ്പെടാന്‍ മാത്രം പര്യാപ്തമല്ല. അവര്‍ ചെയ്ത കുറ്റം ഏറ്റവും ചുരുങ്ങിയത് അവരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ട്. 

എന്താണങ്കിലും ആ വിഷയത്തില്‍ വിവേചനാധികാരം നാഥന്‍ നമുക്ക് നല്‍കുന്നില്ല. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക.

''ദാരിദ്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.'' (ക്വുര്‍ആന്‍ 17:31)

ഇനി പ്രതീക്ഷയുടെ നാലക്കങ്ങളിലെത്താം. അക്ഷരങ്ങള്‍ പോലും അലിയാന്‍ മാത്രം സങ്കടകരമാണ് കാര്യം. കൃത്രിമ ആശ്വാസവാക്കുകളില്‍ അര്‍ഥമില്ല. സ്രഷ്ടാവ് തന്നെ അത് നിര്‍വ്വഹിക്കട്ടെ.

''നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്.'' (ക്വുര്‍ആന്‍ 64:15)

പരീക്ഷണവിധേയമായിക്കൊണ്ടിരിക്കയാണ് താനെന്നും, അതില്‍ ക്ഷമിക്കുക വഴി തന്നെ തേടി പ്രതിഫലം കാത്തിരിപ്പുണ്ടന്നും മനസ്സിലാക്കുന്നതോടെ സന്താപം പതിയെ സന്തോഷത്തിന് വഴിമാറും. നാഥന്‍ തുണക്കട്ടെ.


ദുരന്തം ഇനിയും കയ്യെത്തും ദൂരത്ത്

-അഷ്‌റഫ് കായലം

കേരള സമൂഹം നൂറ് വട്ടം നെഞ്ചില്‍ കൈവെച്ച് മറക്കില്ലെന്ന് പ്രതിജ്ഞയെടുക്കേണ്ട ദുരന്തമാണ് കഴിഞ്ഞ വര്‍ഷം നാമനുഭവിച്ചത്. എന്നാല്‍ പ്രളയക്കെടുതികളുടെ പാടുകള്‍ മാഞ്ഞുതുടങ്ങും മുമ്പേ പ്രകൃതി ചൂഷണം വഴി അടുത്ത പ്രളയത്തിനുള്ള കോപ്പ് കൂട്ടിക്കൊണ്ടിരിക്കുകയാണ് കേരള ജനത. 

വരാനുള്ള ദുരന്തത്തിന്റെ സാധ്യത വരച്ച് കാണിക്കുകയും അതിന്റെ കാരണങ്ങള്‍ വ്യക്തമായ ക്രാന്തദര്‍ശിത്വത്തോടെ അപഗ്രഥിക്കുകയും ചെയ്ത സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ലേഖനം അവസരോചിതമായി. പലപ്പോഴും പ്രശ്‌നങ്ങള്‍ വന്നു കഴിഞ്ഞതിന് ശേഷം മാത്രം പരിഹാരത്തിന് ശ്രമിക്കാറുള്ള കേരളത്തിലെ ഭരണാധികാരികള്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും കണ്ണ് തുറക്കാനുള്ള അവസരമാണ് നേര്‍പഥം സൃഷ്ടിച്ചത്. പക്ഷേ, ഉത്തരവാദപ്പെട്ടവര്‍ എന്നാണാവോ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളുക?