എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10

'നിരീശ്വരവാദി'കളുടെ ഈശ്വര ചിന്തകള്‍

-അബ്ദുല്ല ബാസില്‍ സി.പി

101 വയസ് പൂര്‍ത്തിയാവുന്ന വേളയില്‍ കെ.ആര്‍ ഗൗരിയമ്മയുമായി മനോരമ നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:

''മക്കളുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിക്കുന്നുണ്ടോ?''

''ഞാന്‍ അതെന്തിനാ ചിന്തിക്കുന്നത്. മക്കളില്ല. എനിക്കു മക്കളുണ്ടായിരുന്നെങ്കില്‍ എന്നുപറഞ്ഞ് ഒരു ബുക്കെഴുതാം. പണ്ട് ഞങ്ങള്‍ ദൈവമില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ രാത്രി ഞാന്‍ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാര്‍ഥിക്കും. ഞാന്‍ ഒറ്റയാണ്. ആരും എനിക്കില്ല. പക്ഷേ, ഞാന്‍ എഴുന്നേറ്റു നടക്കുന്നുണ്ട്...''

ഇതൊരൊറ്റപ്പെട്ട സംഭവമല്ലാത്തത് കൊണ്ടാണ് എടുത്തുദ്ധരിക്കുന്നത്. ഇതേപോലെ ദൈവത്തെ നിഷേധിച്ചു നടന്നിരുന്ന ഇ.കെ നായനാര്‍ അവസാനകാലത്ത് വ്യക്തിപരമായ ഒരു ആരോപണം നേരിട്ടപ്പോള്‍ ''ഇതൊക്കെ മുകളിലൊരാള്‍ കാണുന്നുണ്ടെന്ന് ഓര്‍മ്മ വേണം'' എന്ന് പറഞ്ഞതടക്കം പലതും നമ്മള്‍ കണ്ടതാണ്.

ജീവിതം മുഴുവന്‍ പടച്ചവനെ നിഷേധിച്ചു നടന്നവര്‍, അതിനു വേണ്ടി വാദിച്ചും പ്രസംഗിച്ചും നടന്നവര്‍ പോലും ''മുകളിലുള്ള ശക്തി'യിലേക്ക് അറിയാതെ തിരിയുന്നത് അതാണ് പ്രകൃതിപരമായി ഓരോ മനുഷ്യനിലുമുള്ള വിശ്വാസം എന്നത് കൊണ്ടാണ്. ഇസ്‌ലാമിക വീക്ഷണ പ്രകാരം എല്ലാ മനുഷ്യരിലേയും ശുദ്ധപ്രകൃതി(ഫിത്‌റത്ത്) ഏകനായ സര്‍വ്വശക്തനും സ്വയംപര്യാപ്തനുമായ ഒരു അസ്തിത്വത്തില്‍ വിശ്വസിക്കലാണ്. അതായത് ഓരോ മനുഷ്യക്കുഞ്ഞും ജനിക്കുന്നത് ഈ ശുദ്ധപ്രകൃതിയോടെയാണ്.

പിന്നെങ്ങനെയാണ് നിരീശ്വരവാദവും വികല ദൈവസങ്കല്പങ്ങളും ഉണ്ടാകുന്നത്? മുഹമ്മദ് നബി ﷺ യുടെ ഒരു ഹദീസ് കൂട്ടി വായിക്കുമ്പോള്‍ ഉത്തരം കിട്ടും: ''എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്, അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രൈസ്തവനും മജൂസിയുമെല്ലാമാക്കുന്നത്.''

യഥാര്‍ഥ സ്രഷ്ടാവിലുള്ള വിശ്വാസം ഓരോ മനുഷ്യനിലും അന്തര്‍ലീനമായി കിടക്കുന്ന ഒന്നാണ്. ബാഹ്യമായ പല സ്വാധീനങ്ങള്‍ കൊണ്ട് ചിലരില്‍ ആ ശുദ്ധപ്രകൃതി പുകപിടിച്ചു കിടക്കുകയാണെന്ന് മാത്രം. ആ ബാഹ്യമായ സ്വാധീനം സാമൂഹിക സാഹചര്യമോ കുടുംബ പശ്ചാത്തലമോ സൗഹൃദവലയമോ സ്വന്തം തെറ്റുകള്‍ക്ക് ബൗദ്ധിക ന്യായീകരണം കണ്ടെത്താനുള്ള ശ്രമമോ ഒക്കെയായിരിക്കാം. അതില്‍ നിന്നെല്ലാം സ്വതന്ത്രരായി ചിന്തിക്കുന്ന 'സ്വതന്ത്രചിന്തകര്‍'ക്കാണ് സ്രഷ്ടാവിനെ കണ്ടെത്താനാവുക.

ചിലരത് നേരത്തേ ഉള്‍ക്കൊള്ളുന്നു, ചിലര്‍ ജീവിതത്തിന്റെ സായാഹ്നങ്ങളില്‍ അത് തിരിച്ചറിയുന്നു, വേറെ ചിലര്‍ സ്രഷ്ടാവിന്റെ അടുക്കലേക്കുള്ള വിളിയെത്തുന്നത് വരെ അതില്‍ സംശയാലുക്കളായിരിക്കും എന്ന് മാത്രം!


കവര്‍‌സ്റ്റോറികള്‍ ഉപകാരപ്രദമായി

-അസ്മ വണ്ടൂര്‍

ക്വുര്‍ആനിനെ അധികരിച്ച് നേര്‍പഥം തയ്യാറാക്കിയ വ്യത്യസ്തങ്ങളായ കവര്‍‌സ്റ്റോറികള്‍ ഏറെ ഉപകാരപ്രദമായി. ക്വുര്‍ആന്‍, പാരായണത്തിന് മാത്രമായി ഉപയോഗിക്കുന്ന അവസ്ഥയില്‍ നിന്ന് മാറി ഗഹനമായ പഠനങ്ങള്‍ക്കും മനനങ്ങള്‍ക്കും വിധേയമാക്കേണ്ട ഗ്രന്ഥമാണെന്ന് ചിന്തയിലേക്ക് സാധാരണക്കാരെ നയിക്കാന്‍ പ്രസ്തുത ലേഖനങ്ങള്‍ക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.