എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

ശിക്ഷിക്കും മുമ്പ്...

-അബ്ദുല്ല ബാസില്‍ സി.പി

ഓരോ ബലാത്സംഗ വാര്‍ത്തയോടനുബന്ധിച്ചും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന ആവശ്യമാണ് പ്രതികള്‍ക്ക് ഇസ്‌ലാമിക രാജ്യങ്ങളിലെ ശിക്ഷ നടപ്പാക്കണം എന്നത്. മുസ്‌ലിംകളല്ലാത്തവര്‍ തന്നെയാണ് ഇത്തരം ആവശ്യമുന്നയിച്ച് പലപ്പോഴും രംഗത്ത് വരാറുള്ളത്..

ആന്ധ്രപ്രദേശില്‍ നാലു പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിനെയും അതിനോട് അനുബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ കണ്ടു. ഇത് പോലെ നിയമപാലകര്‍ ശിക്ഷ നടപ്പിലാക്കുന്നതല്ല ഇസ്‌ലാമിക രാജ്യങ്ങളിലെ ശിക്ഷ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. സത്യസന്ധമായി അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളാണെന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് ബലാത്സംഗമോ മറ്റു കുറ്റകൃത്യമോ നടത്തിയവര്‍ക്ക് ആ രാജ്യങ്ങളില്‍  മാതൃകാപരമായ ശിക്ഷ നടപ്പിലാക്കാറുള്ളത്. ആ നടപടികള്‍ ഏറ്റവും വേഗത്തിലായിരിക്കും എന്ന് മാത്രം. കുറ്റവാളിയുടെ 'മനുഷ്യാവകാശത്തെ'ക്കാള്‍ ഇരയുടെയും കുടുംബത്തിന്റെയും നീതിക്കാണ് അവിടെ പ്രാധാന്യം നല്‍കാറുള്ളത്. ശിക്ഷ വിധിക്കുന്നത് കോടതിയാണ്. അതിന്റെ അടിസ്ഥാനത്തിലേ വിധി നടപ്പിലാക്കൂ. പൊതുജനമോ പൊലീസോ അതേറ്റെടുത്താല്‍, അത്തരത്തിലൊരു കീഴ്‌വഴക്കത്തിന് സ്വീകാര്യത ലഭിച്ചാലുണ്ടാകുന്ന അപകടങ്ങള്‍ ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

'ശിക്ഷ' നല്‍കുക എന്നതല്ല ആത്യന്തിക പരിഹാരമായി ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കുറ്റകൃത്യം നടക്കാതിരിക്കാനുള്ള കരുതലുകള്‍ക്കാണ് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നത്. അത്തരം കരുതലുകള്‍ എല്ലാം മറികടന്ന് വീണ്ടും ഒരുത്തന്‍ തെറ്റ് ചെയ്താലുള്ള അവസാന നടപടി മാത്രമാണ് ഇസ്‌ലാമില്‍ ശിക്ഷ! അത് പരസ്യമായി നടപ്പിലാക്കുന്നത് സമൂഹത്തിന് കൃത്യമായ ഒരു സന്ദേശം നല്‍കുവാന്‍ കൂടിയാണ്. മറ്റാര്‍ക്കും അത്തരത്തില്‍ ചിന്തിക്കാന്‍ തോന്നാത്ത തരത്തില്‍ മാതൃകാപരമായി ശിക്ഷിപ്പെടേണ്ടതിന്റെ ആവശ്യം നമ്മുടെ നാട്ടില്‍ പീഡനം നടത്തി തടിച്ചുകൊഴുത്തു നടക്കുന്ന പ്രതികള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.

പലപ്പോഴും പീഡനങ്ങള്‍ നടന്നുകഴിഞ്ഞാല്‍ എത്ര കഠിനമായ ശിക്ഷ നല്‍കാം എന്നതിലേക്ക് ചുരുങ്ങുകയാണ് നമ്മുടെ ചര്‍ച്ചകള്‍. പീഡനങ്ങള്‍ നടക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്നതിലേക്ക് നമ്മുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നില്ല. അഥവാ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് വ്യവസ്ഥിതി മാറ്റത്തെ പറ്റി മാത്രമാണ്, മനഃസ്ഥിതി മാറ്റത്തെ പറ്റി നമ്മള്‍ ചിന്തിക്കുന്നുപോലുമില്ല!

പീഡനത്തിനുള്ള എല്ലാ അവസരങ്ങളും അവസ്ഥകളും മനഃസ്ഥിതി മാറ്റത്തിലൂടെ ഇല്ലായ്മ ചെയ്യുകയാണ് ഇസ്‌ലാം. മാത്രമല്ല, അന്യ സ്ത്രീയെ അനാവശ്യമായി നോക്കുന്നതോ സ്പര്‍ശിക്കുന്നതോ പോലും വിലക്കി. ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് പോകാതിരിക്കാനുള്ള എല്ലാവിധ നിയമങ്ങളും പുരുഷന് ബാധകമാക്കി. അശ്ലീലം കാണുന്നതോ സംസാരിക്കുന്നതോ പോലും ഗൗരവകരമായ പാപമായി പഠിപ്പിച്ചു. മനസ്സില്‍ രോഗമുള്ള പുരുഷന്മാരില്‍ നിന്ന് സ്ത്രീയെ സുരക്ഷിതയാക്കാന്‍ ഏറ്റവും മാന്യവും സുരക്ഷിതവുമായ വസ്ത്രധാരണം പാലിക്കാന്‍ അവളോട് ആവശ്യപ്പെട്ടു. ഏറ്റവും മാന്യമായ രീതിയില്‍ ലൈംഗികത ആസ്വദിക്കുവാന്‍ ദാമ്പത്യജീവിതത്തിന്റെ ആവശ്യകത പഠിപ്പിച്ചു.  

ഇങ്ങനെ വ്യഭിചാരത്തിലേക്ക് എത്തിപ്പെടുന്ന സാഹചര്യങ്ങളെല്ലാം പൂര്‍ണമായും ഇല്ലായ്മ ചെയ്ത്,  സുരക്ഷിതവും സമാധാനപൂര്‍ണവുമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ്; അഥവാ മനഃസ്ഥിതി മാറ്റത്തിനും വ്യവസ്ഥിതി മാറ്റത്തിനും ശേഷമാണ് കുറ്റവാളികള്‍ക്ക് ഏറ്റവും മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ഇസ്‌ലാം കല്‍പിക്കുന്നത്.  

പീഡനപ്രതികള്‍ക്ക് ഏറ്റവും അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ ആഗ്രഹിക്കുന്നതോടൊപ്പം എല്ലാവരും ശ്രമിക്കേണ്ടതും ഈ മനഃസ്ഥിതി മാറ്റത്തിന് വേണ്ടിയാണ്. നമുക്ക് നമ്മില്‍ നിന്ന് തുടങ്ങാം, സ്ത്രീയെ കേവലമൊരു ഉപഭോഗ വസ്തുവായി കാണുന്നതില്‍ നിന്നും, അവളെയൊരു പച്ചമനുഷ്യനായി,  എന്നെപ്പോലെ അസ്തിത്വവും വ്യക്തിത്വവുമുള്ള മനുഷ്യനായി  കാണാന്‍ എനിക്ക് സാധിക്കുന്നുണ്ടോ എന്ന സ്വയം പരിശോധനയില്‍ നിന്ന് നമുക്ക് തുടങ്ങാം...