എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

ചിന്തിക്കുകില്‍ ദൃഷ്ടാന്തമെത്ര!

-മമ്മദ് പി.പി, തിക്കോടി

ദൈവം സൃഷ്ടികളില്‍ ഏറെ സവിശേഷതയുള്ളവനായി മനുഷ്യനെ സൃഷ്ടിച്ചു; മനുഷ്യനെ അവന്‍ ആദരിക്കുകയും ശ്രേഷ്ഠനാക്കുകയും ചെയ്തു: ''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 17:70).

താന്‍ എങ്ങനെ ഈ ലോകത്തേക്ക് വന്നു എന്ന് ചിന്തിക്കുവാന്‍ ശ്രമിച്ചാല്‍ മനുഷ്യന്റെ അഹന്ത അവസാനിക്കുകയും ദൈവത്തിന്റെ വിനീതദാസനായി മാറാന്‍ അവന് കഴിയുകയും ചെയ്യും. മാത്രമല്ല സ്വന്തത്തെ കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ ദൈവത്തിന്റെ അപാരമായ കഴിവും ശക്തിയും അവന് ബോധ്യമാവുകയും ചെയ്യും. ഒരുതുള്ളി ഇന്ദ്രിയത്തിലെ ലക്ഷോപലക്ഷം ബീജങ്ങളില്‍ ഒന്ന് യാത്ര ചെയ്ത്, ഗര്‍ഭപാത്രത്തിന്റെ സങ്കീര്‍ണതകള്‍ മറികടന്ന്, സ്ത്രീയുടെ അണ്ഡത്തിനുള്ളില്‍ പ്രവേശിച്ച്, വളര്‍ച്ചയുടെ അതിസങ്കീര്‍ണമായ ഘട്ടങ്ങള്‍ കടന്ന് പൂര്‍ണവളര്‍ച്ചയെത്തിയ ശിശുവായി പിറന്നു വീഴുന്നു. പിന്നീട് വളര്‍ന്നു വലുതാകുന്നു. ഈ ഘട്ടംഘട്ടമായുള്ള വളര്‍ച്ചയില്‍, കാഴ്ചയും കേള്‍വിയും ചിന്താശേഷിയുമെല്ലാം ലഭിച്ചതില്‍ മാതാവിനോ പിതാവിനോ വല്ല പങ്കും ഉണ്ടോ? പങ്കുള്ളതായി ആര്‍ക്കെങ്കിലും അവകാശപ്പെടാനാകുമോ?

490 കിലോമീറ്റര്‍ നീളമുള്ള രക്തക്കുഴലുകള്‍ മനുഷ്യമസ്തിഷ്‌കത്തില്‍ ഒരുക്കിവെച്ചത് ആരാണ്? എല്ലാം തനിയെ രൂപം പൂണ്ടു എന്ന് പറയുന്ന യുക്തിവാദിയാണോ ബുദ്ധിയുള്ളവന്‍, അതോ ഒരു അജയ്യനായ സ്രഷ്ടാവ് ഇതിന്റെയെല്ലാം പിന്നിലുണ്ടെന്ന് അംഗീകരിക്കുന്നവനോ?

മനുഷ്യമസ്തിഷ്‌കത്തില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലുള്ളതിന്റെ 5 ഇരട്ടി വിവരങ്ങള്‍ ശേഖരിച്ചുവെക്കാന്‍ പറ്റുമത്രെ! തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങള്‍ നാഡീകോശങ്ങളിലേക്ക് കുതിക്കുന്നത് സെക്കന്റില്‍ 170 കിലോമീറ്റര്‍ വേഗതയിലാണ്. ഒരു സെക്കന്റില്‍ ഒരു ലക്ഷം സന്ദേശങ്ങള്‍ അയക്കാനും ശ്വസനം, രക്തപ്രവാഹം, വിശപ്പ്, ദാഹം, അംഗചലനം, കണ്‍പോളകളുടെ ചലനം അടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാനും കഴിയുന്ന തലച്ചോറിന്റെ സംവിധായകന്‍ യാദൃച്ഛികതയാണോ? മിനുട്ടില്‍ 70 തവണ (പ്രതിദിനം ഒരു ലക്ഷത്തില്‍ പരം തവണ) മിടിക്കുന്ന ഹൃദയം സുരക്ഷിതമായ സ്ഥാനത്ത് സ്ഥാപിച്ചവന്‍ ആരാണ്? ഇത് മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് മിടിക്കുവാന്‍ തുടങ്ങിയാല്‍ 60 ഉം 70 ഉം അതിലേറെയും വയസ്സുവരെ മിടിക്കുന്നു. ഈ കാലയളവിനുള്ളില്‍ പമ്പുചെയ്യപ്പെടുന്നത് ഏകദേശം 1000 ഓയില്‍ ടാങ്കറുകള്‍ വഹിക്കുന്ന രക്തമാണ്. ആരാണിതിന്റെ പിന്നില്‍? മനുഷ്യരക്തക്കുഴലുകളുടെ മൊത്തം നീളം 96560 കിലോമീറ്റര്‍ വരുമത്രെ! ഭൂമിയുടെ ചുറ്റളവിന്റെ ഇരട്ടിയാണിത്.

രക്തക്കുഴലുകളില്‍ മാലിന്യം അടിഞ്ഞുകൂടുന്നത് തടയാന്‍ ദിവസവും 180 ലിറ്റര്‍ രക്തം അരിച്ചെടുക്കുന്ന കിഡ്‌നി പ്രവര്‍ത്തിക്കുന്നത് മനുഷ്യന്‍ അറിയുന്നില്ല. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായി ഡയാലിസീന് കനത്ത തുക ചെലവ് ചെയ്യേണ്ടി വരുമ്പോള്‍ മാത്രമാണ് മനുഷ്യരില്‍ പലരും ശരീരത്തിലെ ആ ചെറിയ അവയവത്തിന്റെ സംവിധായകനെ ഓര്‍ക്കുന്നത്.

ഒരു മൊട്ടുസൂചിപോലും സ്വയം ഉണ്ടാകില്ലെങ്കില്‍ ഇതിന്നെല്ലാം ഒരു സൃഷ്ടികര്‍ത്താവ് വേണ്ടേ?  ബുദ്ധിയുള്ള, ചിന്തിക്കുന്ന മനുഷ്യന്ന് എങ്ങനെ ദൈവാസ്തിക്യം നിഷേധിക്കാന്‍ കഴിയും?  കോടാനുകോടി മനുഷ്യരില്‍ ഓരോരുത്തരെയും തിരിച്ചറിയാന്‍ പാകത്തില്‍ വിരല്‍തുമ്പുകളെ ശരിപ്പെടുത്തിയവന്‍ ആരാണ് എന്നത് മനുഷ്യചിന്തക്ക് വിഷയമാകാറുണ്ടോ?

രാപകലുകള്‍ മാറ്റിമറിക്കുന്നതും സൂര്യനും ഭൂമിയും കൃത്യമായ അകലം നിലനിര്‍ത്തി ഭൂമിയെ വാസയോഗ്യമാക്കിയതും ആരാണ്? ഇതിന്റെ പിന്നില്‍ ഒരു ശക്തിയും ഇല്ലേ? ഭൂമിയും സൂര്യനും സ്വയം തിരുമാനിച്ചതാണോ?

പ്രപഞ്ചത്തിലെ ഓരോ അണുവിലും അനേകം ദൃഷ്ടാന്തങ്ങള്‍ മറഞ്ഞിരിക്കുന്നു. ചിന്തിക്കുന്നവരുടെ, പഠിച്ചുമനസ്സിലാക്കാന്‍ ശ്രമിക്കുന്നവരുടെ മുമ്പില്‍ അവയോരോന്നും തെളിഞ്ഞുവരും.