എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 മെയ് 25 1440 റമദാന്‍ 20

ക്വുര്‍ആന്‍ അര്‍ഥമറിഞ്ഞ് പാരായണം ചെയ്യുക

-അബൂത്വാഹിര്‍, തിരൂര്‍

''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍'' (ക്വുര്‍ആന്‍ 2:185).

 വിശ്വാസികള്‍ ക്വുര്‍ആനുമായി കൂടുതല്‍ അടുക്കുന്ന മാസമാണ് റമദാന്‍. നന്നായി പാരായണം ചെയ്യാന്‍ കഴിയുന്നവരും അല്ലാത്തവരും സാധിക്കുന്നത്ര ഈ മാസത്തില്‍ ക്വുര്‍ആന്‍ ഓതാറുണ്ട്.

റമദാന്‍ മാസത്തില്‍ മുന്‍ഗാമികള്‍  ക്വുര്‍ആന്‍ പാരായണം അധികരിപ്പിക്കുമായിരുന്നു. ചിലര്‍ റമദാന്‍ മാസത്തിലെ ഓരോ മൂന്നു രാത്രിയിലും ക്വുര്‍ആന്‍ മുഴുവനും പൂര്‍ത്തിയാക്കുമായിരുന്നു. പലരും ഏഴു ദിസത്തിലും പത്തുദിവസത്തിലുമെല്ലാം ക്വുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു. അബൂറജാഉല്‍ അന്‍സ്വാരി(റ), അസ്‌വദ്(റ) തുടങ്ങിയവര്‍ റമദാനിലെ ഓരോ രണ്ടു രാത്രിയിലും ക്വുര്‍ആന്‍ ഓതി പൂര്‍ത്തിയാക്കിയിരുന്നവരില്‍ പ്രമുഖരാണ്.

ക്വുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥം മനസ്സിലാക്കിയും ചിന്തിച്ചും അവയിലെ വിധിവിലക്കുകള്‍ അറിഞ്ഞുകൊണ്ടും പാരായണം ചെയ്യുന്നവര്‍ക്കാണ് അത് ഗുണം ചെയ്യുകയെന്ന് പറയേണ്ടതില്ലല്ലോ. കാരണം അത്തരക്കാര്‍ക്കാണ് കല്‍പനകളടങ്ങിയ ആയത്തുകളിലൂടെ കടന്നുപോകുമ്പോള്‍ അത് ഉള്‍ക്കൊള്ളാനും വിലക്കുകളടങ്ങിയ വചനങ്ങള്‍ വരുമ്പോള്‍ അവ വെടിയാനും അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വചനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ അതില്‍ ആഗ്രഹിച്ച് അല്ലാഹുവിനോട് കാരുണ്യം തേടുവാനും ശിക്ഷയുടെ വചനങ്ങള്‍ വരുമ്പോള്‍ ഭയന്ന്കാണ്ട് അതില്‍നിന്ന് രക്ഷതേടുവാനുമെല്ലാം കഴിയുക. അല്ലാഹു പറയുന്നു:

''നിനക്കു നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി''(ക്വുര്‍ആന്‍ 38:29).

സന്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ ഉല്‍ബുദ്ധരാകുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും കഴിയും; അല്ലാഹു ഉദ്ദേശിച്ചാല്‍.  

പൊതുവായുള്ള ക്വുര്‍ആന്‍ പാരായണം ശ്രേഷ്ഠമായ കര്‍മവും പ്രതിഫലാര്‍ഹവുമാണെന്നതില്‍ സംശയമില്ല. നബി ﷺ  പറഞ്ഞു:

''നിങ്ങള്‍ ക്വുര്‍ആന്‍ ഓതുക; നിശ്ചയമായും അത് അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകനായി വരുന്നതാകുന്നു'' (സ്വഹീഹുല്‍ ജാമിഅ്: 1165).

''ആരെങ്കിലും അല്ലാഹുവിന്റെ കിതാബില്‍നിന്ന് ഒരു അക്ഷരം ഓതിയാല്‍ അതിനു പകരം അവന് ഒരു നന്മയുണ്ട്. നന്മയാകട്ടെ പത്തിരട്ടി പ്രതിഫലമുള്ളതാണ്. അലിഫ്, ലാം, മീം എന്നുള്ളത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരവും ലാം മറ്റൊരക്ഷരവും മീം മറ്റൊരക്ഷരവുമാണ്'' (സ്വഹീഹുല്‍ ജാമിഅ്: 6469).

വിശ്വാസിയുടെ ജീവിതത്തില്‍ ക്വുര്‍ആന്‍ പാരായണം കൂടുതല്‍ ഭക്തിയേകുന്നതും വെളിച്ചവുമായിത്തീരും. ദേഹേച്ഛയുടെ സ്വാധീനം കുറയുകയും ആത്മാവിന്റെ പ്രേരണ വര്‍ധിക്കുകയും ചെയ്യുന്ന റമദാന്‍ മാസത്തില്‍ ക്വുര്‍ആന്‍ വിശ്വാസിയുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നതില്‍ സംശയമില്ല.