എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജൂണ്‍ 01 1440 റമദാന്‍ 27

ബദ്രീങ്ങളോട് തേടുന്നവരോട്

-മുനവ്വര്‍ ഫൈറൂസ്

ഇസ്ലാമിക ചരിത്രത്തില്‍ നമുക്കൊരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്ത ഒരു മഹാ യുദ്ധമാണ് ബദ്ര്‍. അതില്‍ നമുക്ക് വലിയ ദൃഷ്ടാന്തവും, ഗുണപാഠവുമുണ്ട്. അല്ലാഹു പറയുന്നത് കാണുക:

''(ബദ്റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്.'' (കുര്‍ആന്‍ 3:13)

ബദ്റില്‍ പങ്കെടുത്തവര്‍(ബദ്രീങ്ങള്‍)ക്ക് അല്ലാഹു വലിയ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. ഒരിക്കല്‍ മലക്ക് ജിബ്രീല്‍(അ) മുഹമ്മദ് നബി ﷺ യോട് ചോദിച്ചു: 'ബദ്റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?' നബി ﷺ  പറഞ്ഞു: 'മുസ്ലിംകളില്‍ ഏറ്റവും ഉത്തമരായിട്ട്' അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: 'ബദ്റില്‍ പങ്കെടുത്ത മലക്കുകളും തഥൈവ.' (ബുഖാരി: 3992)

ബദ്റിലും മറ്റും രക്തസാക്ഷികളായ ശുഹദാക്കളെ പറ്റി അല്ലാഹു പറയുന്നത് കാണുക: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നു. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.'

ബദ്രീങ്ങള്‍ക്ക് അല്ലാഹു നല്‍കിയ മഹത്വം അംഗീകരിക്കല്‍ നമുക്ക് നിര്‍ബന്ധമാണ്. അവരെ സ്‌നേഹിക്കാത്തവര്‍ക്ക് വിശ്വാസിയാകാന്‍ കഴിയില്ല. അവരെ ആദരിക്കല്‍ നമ്മുടെ ബാധ്യതയാണ്. എന്നാല്‍ അവരോട് പ്രാര്‍ഥിക്കാനോ, അവരില്‍ ഭരമേല്‍പിക്കാനോ, അവരുടെ പ്രീതിക്ക് വേണ്ടി ബലിയറുക്കാനോ നമുക്ക് പാടില്ല. ഇതെല്ലാം അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കാണ്.

എന്നാല്‍ നമ്മുടെ നാട്ടില്‍ പലരും ബദ്രീങ്ങളോട് പ്രാര്‍ഥിക്കുന്നു, അവരില്‍ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നു, അവരുടെ പ്രീതിക്ക് വേണ്ടി ബലിയറുക്കുകയും ചെയ്യുന്നു.

പ്രാര്‍ഥന, ബലിയറുക്കല്‍, നേര്‍ച്ചയാക്കല്‍, ഭരമേല്‍പിക്കല്‍ തുടങ്ങിയ ആരാധനയുടെ വിവിധ ഇനങ്ങള്‍ അല്ലാഹുവിന്റെ കൂടെ നബിമാര്‍ക്കും ഔലിയാക്കള്‍ക്കും മറ്റും വകവെച്ച് നല്‍കിയവരോട് പോരാടിയവരാണ് ബദ്രീങ്ങള്‍.

അവര്‍ ഏതൊരു തിന്മക്കെതിരെ പോരാടിയോ, അതേ തിന്മ ചെയ്തുകൊണ്ടെങ്ങനെ ബദ്രീങ്ങളെ സ്‌നേഹിക്കാന്‍ സാധിക്കും?

ബദ്രീങ്ങള്‍ അല്ലാഹുവിന്റെ കൂടെ ആരെയും വിളിച്ച് പ്രാര്‍ഥിക്കാത്തവരായിരുന്നു. ബദ്റിന്റെ സമയത്തും അവര്‍ അല്ലാഹുവിനോട് മാത്രമാണ് ഇസ്തിഗാസ(സഹായം) തേടിയത്. എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട്. (കുര്‍ആന്‍ 8:9)

അതിനാല്‍ നാമും അല്ലാഹുവിനോട് മാത്രം തേടി ബദ്രീങ്ങളുടെ പാത സ്വീകരിക്കുക. എങ്കില്‍ അല്ലാഹു നമ്മെയും സഹായിക്കും. ബദ്രീങ്ങളുടെ നേതാവായ നബി ﷺ യുടെ പ്രഖ്യാപനം 'ഞാന്‍ എന്റെ റബ്ബിനോട് മാത്രമേ തേടുകയുള്ളൂ' എന്നതാണ്. അല്ലാഹു പറയുന്നത് കാണുക:

'(നബിയേ,)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.' (കുര്‍ആന്‍ 72:20)

ഈസ നബി(അ) അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ചു. എന്നാല്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ വിളിച്ചുതേടുന്നു. ഇബ്റാഹീം നബി(അ) വിഗ്രഹാരാധനക്കെതിരെ ശബ്ദിച്ചു. മക്കാ മുശ്രിക്കുകള്‍ (ബദ്രീങ്ങളുടെ ശത്രുക്കള്‍) ഇബ്റാഹീം നബിയുടെ വിഗ്രഹം നിര്‍മിച്ച് അദ്ദേഹത്തോട് പ്രാര്‍ഥിച്ചു. മുഹമ്മദ് നബി ﷺ  അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന് കല്‍പിച്ചു. ചിലര്‍ മുഹമ്മദ് നബി ﷺ യോട് തന്നെ പ്രാര്‍ഥിക്കുന്നു. ഇതു പോലെ അല്ലാഹുവിനോട് മാത്രം തേടിയവരായ ബദ്രീങ്ങളോട് പലരും തേടിക്കൊണ്ടിരിക്കുന്നു.

നാം ആരുടെ മാര്‍ഗത്തിലാണുള്ളത്? ബദ്രീങ്ങളുടെ പാതയിലോ, അതോ അവരുടെ ശത്രുപക്ഷത്തോ?