എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 മെയ് 11 1440 റമദാന്‍ 06

'ഞങ്ങള്‍ കസിന്‍സ് അല്ലേ...?'

-ഇബ്‌നു സ്വലാഹ്

സാമൂഹിക നന്മക്കും കുടുംബ ഭദ്രതക്കും വ്യക്തിവിശുദ്ധിക്കും വേണ്ടി ഇസ്‌ലാം നിഷിദ്ധമാക്കിയ ഒന്നാണ് പരസ്ത്രീ പുരുഷ ബന്ധം. ഇന്ന് സമൂഹത്തില്‍ പലരും ശ്രദ്ധിക്കാതെ  പോകുന്ന ഒന്നാണ് ഇത്. അന്യസ്ത്രീയെ പുരുഷന്‍ സ്പര്‍ശിക്കുന്നതും അന്യപുരുഷനെ സ്ത്രീ സ്പര്‍ശിക്കുന്നതും ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

പരസ്ത്രീ പുരുഷന്മാര്‍ തനിച്ച് ആവുന്നതും അവര്‍ തമ്മിലുള്ള അതിരുവിട്ട സംസാരവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇക്കാര്യം വളരെ ലാഘവത്തോടെയാണ് പലരും കാണുന്നത്. സ്‌കൂളുകളിലെയും ക്യാമ്പസുകളിലെയും അതിരുവിട്ട ഇടകലരലും കല്യാണവീടുകളിലും മറ്റു പൊതുസ്ഥലങ്ങളിലുമുള്ള പരസ്ത്രീ പുരുഷ  കൂടിക്കലരലും പ്രശ്‌നമാക്കാത്തവരാണ് ഭൂരിഭാഗവും. 

ഇസ്‌ലാം നിര്‍ദേശിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കലാണിത്. സ്വന്തം കുടുംബത്തിന് പുറത്തുള്ള അന്യരെ തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് 'സ്വന്തം കുടുംബത്തിലെ അന്യരെ' തിരിച്ചറിയുക? ഒരിക്കല്‍ ഒരു സുഹൃത്തിനെ ഒരാവശ്യത്തിന് വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞത് 'ഞാന്‍ എന്റെ പിതൃസഹോദരന്റെ മകളോടൊപ്പം പുറത്ത് പോവുകയാണ്' എന്നായിരുന്നു. അത് ശരിയല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍  'ഞങ്ങള്‍ കസിന്‍സ് അല്ലേ' എന്നായിരുന്നു അവന്റെ കൂളായ മറുപടി! 

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് വിവാഹബന്ധം നിഷിദ്ധമായവരോടല്ലാതെ (മഹ്‌റം) ഇടകലരാവതല്ല. 

ആരൊക്കെയാണ് ഒരു സ്ത്രീക്ക് മഹ്‌റം ആയിട്ടുള്ളവര്‍? ഒരു സ്ത്രീക്ക് മൂന്ന് വിഭാഗം ആളുകളിലൂടെ യാണ് മഹ്‌റമായ ആളുകളെ ലഭിക്കുന്നത്: 1) രക്തബന്ധം. 2) മുലകുടിബന്ധം. 3) വിവാഹബന്ധം.

1) രക്തബന്ധത്തിലൂടെ ഹറാമായവര്‍: പിതാവ്, പിതാവിന്റെ പിതാവ്, മാതാവിന്റെ പിതാവ് (വല്യുപ്പമാര്‍). മകന്‍, മകന്റെ മകന്‍, മകളുടെ മകന്‍ (പേരക്കുട്ടികള്‍). സഹോദരന്‍ (സ്വന്തം ഉപ്പയുടെയും ഉമ്മയുടെയും മകന്‍, ഉപ്പ വേറെ കല്യാണം കഴിച്ചതിലുള്ള സഹോദരന്‍, ഉമ്മ വേറെ കല്യാണം കഴിച്ചതിലുള്ള സഹോദരന്‍). പിതാവിന്റെ സഹോദരന്മാര്‍, മാതാവിന്റെ സഹോദരന്മാര്‍, സഹോദരന്റെ പുത്രന്മാര്‍, സഹോദരിയുടെ പുത്രന്മാര്‍. 

2) വിവാഹബന്ധം കൊണ്ട് മഹ്‌റമാകുന്നവര്‍: ഭര്‍ത്താവിന്റെ പിതാവ്, മകളുടെ ഭര്‍ത്താവ്, ഭര്‍ത്താവിന് വേറെ ഭാര്യയിലുള്ള മകന്‍(ഈ മൂന്ന് ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടും). ഉമ്മയുടെ ഭര്‍ത്താവ് (സ്വന്തം ഉപ്പയല്ലാത്ത) മഹ്‌റം ആയിത്തീരുന്നത് ഉമ്മയും അയാളും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുന്നതോടെയാണ്. 

3) മുലകുടി ബന്ധത്തിലൂടെ മഹ്‌റം ആകുന്നവര്‍: മുലകുടി ബന്ധത്തിലൂടെ ലഭിക്കുന്ന സാഹോദര്യം.

ഇതില്‍നിന്ന് ഒരു പുരുഷന് ആരുമായെല്ലാം ഇടകലരാം എന്നുകൂടി മനസ്സിലാക്കാന്‍ നമുക്ക്  സാധിക്കും. മോശമായ, വൈകാരികമായ രീതിയിലുള്ള പെരുമാറ്റം ഇവരോടും നിഷിദ്ധമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഹ്‌റമല്ലാത്തവരുടെ കൂടെ യാത്ര ചെയ്യലും ഹസ്തദാനം ചെയ്യലും ആവശ്യമില്ലാത്ത സംസാരവും തമാശരൂപത്തില്‍ തൊടുന്നതും അടിക്കുന്നതുമെല്ലാം നിഷിദ്ധമാണ്. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് കടുത്ത നരകശിക്ഷയാണെന്നറിയുക.  

മഅ്ക്വലുബ്‌നു യസാര്‍(റ)വില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: 'തനിക്ക് അനുവദനീയമല്ലാത്ത ഒരു സത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ അവന് ഉത്തമമായത് ഇരുമ്പാണി തലയില്‍ തറക്കുന്നതാണ്'(ത്വബ്‌റാനി).

ക്വുര്‍ആനിലെ 24ാം അധ്യായത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ലാഹു നമ്മെ പഠിപ്പിക്കുന്നുണ്ട്. അമാനി മൗലവി നല്‍കുന്ന വിശദീകരണത്തില്‍നിന്ന് ഇതിന്റെ നാനാവശങ്ങള്‍ വിശദമായി മനസ്സിലാക്കാന്‍ കഴിയും.