എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

ഹജ്ജ്: തൗഹീദിന്റെ വിളംബരം

-ആര്‍.എം.ഇബ്‌റാഹീം, വെളുത്തൂര്‍

ഹജ്ജിനായി ജനലക്ഷങ്ങള്‍ വിശുദ്ധ മക്കയിലേക്ക് യാത്ര തിരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മക്കയിലെ വിശുദ്ധ കഅ്ബയും അതിന് ചുറ്റുമുള്ള പവിത്രമാക്കപ്പെട്ട സ്ഥലവും ലോകെത്ത ഏറ്റവും നിര്‍ഭയമായ സ്ഥലമാണ്. അത് ലോകത്തെ ഏത് ഭാഗത്തുള്ള വിശ്വാസിക്കും അവകാശപ്പെട്ടതാണ്. യാതൊരുവിധ അധര്‍മവും അവിടെവെച്ച് ചെയ്തുകൂടാ. അവിടെ വെച്ച് അധര്‍മം ചെയ്യാന്‍ വിചാരിക്കുന്നത് തന്നെ കുറ്റകരമായ കാര്യമാണ്: ''തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും- സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്'' (ക്വുര്‍ആന്‍ 22:25).

അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുള്ള കേന്ദ്രമായാണ് അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും കഅ്ബ പടുത്തുയര്‍ത്തിയത്: ''ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തി കൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു)'' (22:26).

ലോക ജനതയോട് ഹജ്ജിനായി വിളംബരം ചെയ്തതും ഇബ്‌റാഹീം നബി(അ)യായിരുന്നു: ''(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെ പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നു കൊള്ളും'' (22:27).

ഹജ്ജുമായി ബന്ധപ്പെട്ട സുപ്രധാന കര്‍മമാണ് ബലിയറുക്കല്‍. മൃഗങ്ങളെ അറുക്കുന്നതും മാംസം തിന്നുന്നതും പാപമാണ്, മാംസം തിന്നാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുണ്ടാകും എന്നൊക്കെയുള്ള പ്രചാരണം ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചില മുസ്‌ലിം നാമധാരികളും അത് വിശ്വസിച്ച് അതിന്റെ പ്രചാരകരായി മാറുന്നുണ്ട് എന്നത് ഖേദകരമാണ്. മനുഷ്യര്‍ക്ക് വേണ്ടിയാണ് അല്ലാഹു എല്ലാം പടച്ചിട്ടുള്ളത്. മനുഷ്യര്‍ക്ക് ദോഷകരമായ ഒരു കാര്യം അല്ലാഹു കല്‍പിക്കുകയില്ലല്ലോ. എന്തും അമിതമാകുന്നതാണ് പ്രശ്‌നം. ഒന്നിലും അമിതമാകരുതെന്ന് അല്ലാഹു കല്‍പിക്കുന്നുമുണ്ട്.

''അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക''(22:28).

അല്ലാഹു പവിത്രത നല്‍കിയ യാതൊന്നിനെയും അനാദരിക്കുവാന്‍ പാടില്ല. മതചിഹ്നങ്ങളെ അനാദരിക്കല്‍ ധര്‍മനിഷ്ഠക്ക് വിരുദ്ധമായ കാര്യമാണ്: ''അത് (നിങ്ങള്‍ ഗ്രഹിക്കുക) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും...''(22:30).

''അത്, (നിങ്ങള്‍ ഗ്രഹിക്കുക) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ'' (22:32).

ഹജ്ജിന്റെ ആത്മാവ് ഏകദൈവാരാധനയാണ്. ലബ്ബൈക ചൊല്ലുന്ന വിശ്വാസികള്‍ ഉറക്കെ പ്രഖ്യാപിക്കുന്നത് അല്ലാഹുവിന്റെ ഏകത്വമാണ്. അതില്‍നിന്ന് വ്യതിചലിക്കുന്നവന്‍ നാശത്തിലായിരിക്കും ചെന്ന് ചാടുന്നത്: ''വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു'' (22:31).