എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26

എന്റെ പ്രവാചകന്‍!

-അഫ്താബ് കണ്ണഞ്ചേരി

മുമ്പെങ്ങും മദീന ഇങ്ങനെ കാത്തിരുന്നിട്ടില്ല. സ്വുബ്ഹി നമസ്‌കാരാനന്തരം മദീനാ പട്ടണത്തിന്റെ അതിര്‍ത്തിയില്‍ വെയിലിന്റെ ചൂടേല്‍ക്കുവോളം അവര്‍ കാത്തിരിക്കും. വെയില്‍ അധികമാകുമ്പോള്‍ അവര്‍ വീടുകളിലേക്ക് മടങ്ങും. പിറ്റേ ദിവസവും അവര്‍ അതേ നില്‍പ്പ് തുടരും. ആ കാത്തിരിപ്പ് മറ്റാരെയുമായിരുന്നില്ല; തങ്ങളുടെ അയല്‍ക്കാരായ യഹൂദികള്‍ പ്രതീക്ഷിച്ച പ്രവാചകനെ. ആഭ്യന്തര യുദ്ധങ്ങളും പരസ്പര പോരാട്ടങ്ങളും കാരണം ശിഥിലമായ തങ്ങളുടെ സമുദായത്തെ ഐക്യപ്പെടുത്തിയ പുണ്യ റസൂലിനെ... സ്വല്ലല്ലാഹു അലൈഹി വസല്ലം!

അന്ധകാരത്തിന്റെയും അധഃപതനത്തിന്റെയും പാരമ്യത്തില്‍ നിന്നിരുന്ന അറേബ്യയില്‍ ക്വുറൈശി പ്രമുഖനായ അബ്ദുല്‍ മുത്ത്വലിബിന്റെ പത്ത് മക്കളില്‍ അഞ്ചാമനായ അബ്ദുല്ലയുടെയും ബനൂസുഹ്‌റാ ഗോത്ര നേതാവായ വഹബിന്റെ മകള്‍ ആമിനയുടെയും മകനായാണ് പ്രവാചകന്‍ ﷺ  ജനിക്കുന്നത്. ഗര്‍ഭകാലത്ത് തന്നെ പിതാവിനെയും ആറു വയസ്സായപ്പോള്‍ മാതാവിനെയും എട്ടു വയസ്സായപ്പോള്‍ പിതാമഹാനെയും നഷ്ടപ്പെട്ട പ്രവാചകന്‍ ﷺ  കടുപ്പവും കയ്‌പേറിയതുമായ അനാഥത്വത്തില്‍ പിതൃവ്യനായ അബൂത്വാലിബിനൊപ്പമാണ് വളര്‍ന്നത്. സത്യസന്ധനും സല്‍സ്വഭാവിയും വിശ്വസ്തനുമായ അദ്ദേഹത്തെ മക്കക്കാര്‍ 'അല്‍അമീന്‍' എന്നു വിളിച്ചു.

തന്റെ 25ാമത്തെ വയസ്സില്‍ ഖദീജ ﷺ യെ വിവാഹം കഴിച്ച അദ്ദേഹത്തിന് 40ാമത്തെ വയസ്സിലാണ് താന്‍ ധ്യാനനിരതനായി ഇരിക്കാറുള്ള ഹിറാ ഗുഹയില്‍ വെച്ച് ദൈവിക സന്ദേശം ലഭിക്കുന്നത്. രഹസ്യവും പരസ്യവുമായ, പിന്നീടുള്ള മക്കാപ്രബോധന കാലഘട്ടത്തില്‍ കൊടിയ പീഡനത്തിന് വിധേയനായ അവിടുന്ന് അല്ലാഹുവിന്റെ കല്‍പനപ്രകാരം മദീനയിലേക്ക് ഹിജ്‌റ പോകുകയായിരുന്നു. അദ്ദേഹത്തിന് മുമ്പ് വന്ന മുഴുവന്‍ മുസ്‌ലിംകളെയും നന്നായി സ്വീകരിച്ച അന്‍സ്വാരികള്‍ റസൂലിന്റെ ﷺ  വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

അന്നും അവര്‍ വെയില്‍ കനക്കുവോളം കാത്തിരുന്നു. പിന്നീട് നിരാശരായി വീടുകളിലേക്ക് മടങ്ങി. അതിനു ശേഷമാണ് റസൂല്‍ ﷺ  അബൂബക്കറു ﷺ മൊത്ത് മദീനയിലേക്ക് കടന്നു വരുന്നത്. അത് ആദ്യമായി കണ്ടത് ഒരു യഹൂദിയായിരുന്നു. അയാളത് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഇത് കേട്ടതോടെ വീടുകളില്‍ നിന്നിറങ്ങി വന്ന അന്‍സ്വാരികള്‍ ഈന്തപ്പനയുടെ തണലില്‍ നില്‍ക്കുന്ന തിരുദൂതരെയും അബൂബക്കറിനെയും കണ്ടു. അതുവരെ അദ്ദേഹത്തെ കാണാത്തവര്‍ ആകാംഷയോടെ ഇരുവരെയും നോക്കി. അത് മനസ്സിലാക്കിയ അബൂബക്കര്‍(റ) ഒരു പുതപ്പെടുത്ത് റസൂലിന്റെ ﷺ  തലക്കുമീതെ തണലൊരുക്കി. അങ്ങനെ അവര്‍ റസൂലിനെ തിരിച്ചറിഞ്ഞു. ആദരപൂര്‍വം അവര്‍ അപേക്ഷിച്ചു: 'തിരുദൂതരേ, വരിക. അങ്ങ് സര്‍വവിധത്തിലും സുരക്ഷിതനാണ്. അങ്ങയുടെ സര്‍വ കല്‍പനകളും പാലിക്കപ്പെടുന്നതാണ്.'

അവര്‍ മുന്നോട്ട് നീങ്ങി. സ്ത്രീകള്‍ മട്ടുപ്പാവുകൡ നിന്ന് അവരെ നോക്കിക്കണ്ടു. മദീന മുഴുവന്‍ അദ്ദേഹത്തെ സ്വീകരിക്കാനൊരുങ്ങി. അന്‍സ്വാരികള്‍ ഇത്രയധികം സന്തോഷിച്ച ദിനം ഉണ്ടായിട്ടില്ല. അത്രത്തോളം പ്രഭാപൂരിതമായ മറ്റൊരു ദിവസം മദീനയില്‍ ഉണ്ടായിട്ടുമില്ല.

പിന്നീടുള്ള ജീവിതം സംഭവബഹുലമായിരുന്നു. അന്ധകാരത്തിലായിരുന്ന അറേബ്യയെ സാംസ്‌കാരിക ഉന്നതിയില്‍ എത്തിച്ചതിനു ശേഷമാണ് അദ്ദേഹം വിട പറഞ്ഞത്. ഒരു സാമ്രാജ്യം മുഴുവന്‍ കാല്‍ക്കീഴില്‍ ആയിട്ടും വിനയവും കാരുണ്യവും കൈമോശം വന്നില്ല റസൂലിന്. തന്നെ കൊടിയ പീഡനത്തിരയാക്കിയ ക്വുറൈശികള്‍ക്ക് മക്കാ വിജയനാളില്‍ അദ്ദേഹം മാപ്പു നല്‍കിയത് ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമാണ്.

അതെ, സമുന്നതനും സല്‍സ്വഭാവിയുമായ, ജീവിതവിശുദ്ധിയും സൂക്ഷ്മതതയും ഉന്നത ചിന്തകളും സഹനവും വിട്ടുവീഴ്ചയും വിനയവും ധീരതയും ലജ്ജയും അലിവും കാരുണ്യവും സ്‌നേഹവും മേളിച്ച, ജീവിതത്തിലെ സകല മേഖലകളിലും വഴികാട്ടിയായ മാനവരില്‍ മഹോന്നതനാണ് എന്റെ പ്രവാചകന്‍.

'ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.' (വിശുദ്ധ ഖുര്‍ആന്‍ 21:107)