എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 മെയ് 18 1440 റമദാന്‍ 13

നിഖാബും വ്യക്തിസ്വാതന്ത്ര്യവും

-അബൂ ആസിയ

പര്‍ദയും നിഖാബും സമൂഹത്തില്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍ പഴയ ഉമ്മമാരുടെ വസ്ത്രം പൊക്കിപ്പിടിച്ചു വരുന്ന സമുദായത്തിലെ തന്നെ ചില അഭിനവ 'കമ്യൂണിസ്റ്റു'കളുണ്ട്. എന്നിട്ട് അവരുടെ ഭക്തിയെ കുറിച്ചും വസ്ത്രത്തെ കുറിച്ചുമൊക്കെ വാചാലരാവും. അത്തരക്കാരോട് ഒരു വാക്ക്. മുസ്‌ലിം സ്ത്രീ മാന്യമായ വസ്ത്രമാണ് എല്ലാക്കാലത്തും ധരിച്ചിട്ടുള്ളത്. വസ്ത്രം മാന്യമാകണം എന്നേ ഉള്ളൂ. അത് പര്‍ദയാവണം എന്ന് നിര്‍ബന്ധമില്ല. പര്‍ദ, ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഹിജാബ് സങ്കല്‍പത്തിനുള്ളില്‍ നില്‍ക്കുന്ന ഒരു വസ്ത്രം മാത്രമാണ്. പര്‍ദക്കെതിരില്‍ മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം ഇസ്‌ലാമിക വസ്ത്ര സങ്കല്‍പമാണ് എന്ന് തിരിച്ചറിഞ്ഞിട്ട് വേണം ഇത്തരം ഫോട്ടോകളൊക്കെ പൊക്കിപ്പിടിച്ചു വരാന്‍. അതല്ല 'നവോത്ഥാന' നായക പരിവേഷമാണ് ലക്ഷ്യമെങ്കില്‍ മറുത്തൊന്നും പറയാനില്ല. അങ്ങനെയെങ്കില്‍ ഗൂഗിളില്‍ തിരഞ്ഞു മുസ്‌ലിം പേരുള്ള എല്ലാവരുടെയും വസ്ത്രം ശേഖരിച്ചു വെക്കുക. ഉപയോഗം വരും. അല്ലെങ്കിലും ആളുകള്‍ എന്ത് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത്..!

മുഖം മറക്കല്‍ നിര്‍ബന്ധമെന്ന ഇസ്‌ലാമിക വൈജ്ഞാനിക വൃത്തത്തിലെ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്. ആ വിയോജിപ്പ് അത് ശരിയാണോ തെറ്റാണോ എന്ന എന്റെ തോന്നല്‍ കൊണ്ടുണ്ടായതല്ല. പ്രാമാണികമായി അതിനെ അങ്ങനെ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ലാത്തത് കൊണ്ടാണ്. പക്ഷേ, മുഖം മറക്കണം എന്ന സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ നില്‍ക്കാന്‍ നമുക്ക് എങ്ങനെ കഴിയും? അതൊരു വ്യക്തിസ്വാതന്ത്ര്യമായി അനുവദിച്ചു കൊടുക്കുകയാണ് ഒരു ജനാധിപത്യ സമൂഹം ചെയ്യേണ്ടത്. മുഖം മറക്കല്‍ ഐഡന്റിറ്റിയെ റദ്ദ് ചെയ്യുമെന്ന അഭിപ്രായത്തോടും യോജിക്കാന്‍ കഴിയില്ല. ഒരാളുടെ ഐഡന്റിറ്റി എല്ലായിടത്തും തുറന്നു കാണിക്കണമെന്ന നിയമമില്ലല്ലോ. അതും വ്യക്തിസ്വാതന്ത്ര്യം തന്നെയാണ്. ഇടപഴകുന്ന ആളുകളോട് തന്നെ ഐഡന്റിറ്റി വെളിപ്പെടുത്തണോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് വ്യക്തി തന്നെയാണ്. വെളിപ്പെടുത്തല്‍ നിയമമായി നിലനില്‍ക്കുന്നിടത്ത് മുഖം മറക്കല്‍ ഒരു പ്രശ്‌നമായി ഇതുവരെ ഉയര്‍ത്തക്കാണിക്കപ്പെട്ടിട്ടുമില്ല എന്നാണെന്റെ മനസ്സിലാക്കല്‍..!


റമദാനും സോഷ്യല്‍ മീഡിയയും

-റബീഅ് തുവക്കാട് 

അല്ലാഹുവിന്റെ മഹത്തായ അനഗ്രഹത്താല്‍ ഒരു റമദാന്‍ കൂടി കടന്നുവന്നിരിക്കുകയാണ്. വിശ്വാസികള്‍ ആത്മവിശുദ്ധിയുടെ നല്ല നാളുകള്‍ സ്വപ്‌നം കണ്ടു കഴിയുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ സോഷ്യല്‍ മീഡിയയുടെ തടവറയില്‍ കിടന്നുഴലുകയാണ്കുറെയേറെ ചെറുപ്പക്കാര്‍!

സാമൂഹിക ദുരന്തങ്ങള്‍ ഏറെ കണ്ടവരാണ് നാം. എന്നാല്‍ സാമൂഹിക മീഡിയ ഇത്ര കണ്ട് ദുരന്തം വിതച്ച നാളുകള്‍ ലോകത്ത് ഇതിന് മുന്‍പ് കടന്നു പോയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അത്രമാത്രം മനുഷ്യരുടെ സമയം അപഹരിച്ചു കളയുന്നു ഇന്ന് സോഷ്യല്‍ മീഡിയ. പരിശുദ്ധ റമദാനിന്റെ പകലിരവുകളില്‍ മൊബൈല്‍ സ്‌ക്രീനില്‍ തോണ്ടിക്കൊണ്ടും അന്യരെ ട്രോളിക്കൊണ്ടും സമയം കഴിച്ചുകൂട്ടുന്ന യുവതലമുറയുടെ ധൈഷണിക രാഹിത്യത്തെ കുറിച്ച് ആകുലപ്പെടാനല്ലാതെ മറ്റെന്തു ചെയ്യാന്‍!

സമൂഹവും സമുദായവും മാറ്റത്തിന് വേണ്ടി അഭിലഷിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ നിര്‍മാണാത്മകമായ പ്രവര്‍ത്തനത്തിലൂടെ ഇഹവും പരവും കൈപ്പിടിയിലൊതുക്കാന്‍ നമുക്കാവണം. അതിന് പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കട്ടെ.