എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

യുക്തിവാദ ഖണ്ഡനം

-മുഹമ്മദ് ഫായിസ്, രാമനാട്ടുകര

'തെറ്റും ശരിയും ദൈവനിഷേധത്തിലും മതവിശ്വാസത്തിലും' എന്ന തലക്കെട്ടില്‍ സി.പി.അബ്ദുല്ല ബാസില്‍ എഴുതിയ ലേഖനം ഗഹനവും പഠനാര്‍ഹവുമായിരുന്നു. യുക്തിയേതുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുന്ന യുക്തിവാദികളുടെ, ദൈവവുമായും ധാര്‍മികതയുമായും ബന്ധപ്പെട്ട വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ സമര്‍ഥമായി ലേഖനം തുറന്നുകാട്ടുന്നുണ്ട്.

'വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് ഒരാള്‍ വിശ്വസിക്കുന്നു എങ്കില്‍ പ്രപഞ്ചാതീതനായ, അഭൗതികമായ ഒരു അസ്തിത്വത്തില്‍ വിശ്വസിച്ചേ തീരൂ! പ്രപഞ്ചാതീതനും പദാര്‍ഥാതീതനുമായ ആ അസ്തിത്വത്തെയാണ് നമ്മള്‍ 'ദൈവം' എന്ന് വിളിക്കുന്നത്. കാരണം ഇസ്‌ലാമിക അധ്യാപനങ്ങളിലെ ദൈവം പ്രപഞ്ചത്തിനകത്തെ എന്തെങ്കിലുമൊരു വസ്തുവോ കല്ലോ മരമോ മുരടോ മൂര്‍ഖന്‍ പാമ്പോ ഒന്നുമല്ല, മറിച്ച് പ്രപഞ്ചത്തിന് അതീതനായ ഒരു അസ്തിത്വമാണ് അവനുള്ളത്. അവന്‍ ഏറ്റവും പരിപൂര്‍ണതയുള്ള അസ്തിത്വമാണ്. എല്ലാത്തിനെ പറ്റിയുമുള്ള പൂര്‍ണമായ അറിവും കഴിവുമുള്ളവനാണ്. എല്ലാ നന്മകളുടെയും ഉറവിടമാണ്.' ഈ വിവരണം ദൈവത്തെ കുറിച്ച് കൃത്യവും വ്യക്തവുമായ തിരിച്ചറിവ് പകര്‍ന്നു നല്‍കുന്നതാണ്.

ലേഖകനും നേര്‍പഥത്തിനും അഭിനന്ദനങ്ങള്‍. മതവിശ്വാസികളെ വഴിതെറ്റിക്കുവാന്‍ യുക്തിവാദികള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം ലേഖനങ്ങള്‍ ഏറെ ഉപകാരപ്രദമാണ്.


മതപഠനത്തിന്റെ അനിവാര്യത

-ഫൈസല്‍ പി.പി, മമ്പാട്

പ്രവാസികളുടെ മക്കളുടെ മതപഠനത്തെക്കുറിച്ച് ആശകളും ആശങ്കകളും പങ്കുവെച്ചുകൊണ്ട് നബീല്‍ പയ്യോളി എഴുതിയ ലേഖനം അവസരോചിതമായി.

അറിവ് മനുഷ്യന്റെ ജീവിതത്തെ പ്രകാശപൂരിതമാക്കാനും അര്‍ഥം നല്‍കാനും അനിവാര്യമാണ്. ഈ ലോകത്തെ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ജീവിത സന്ധാരണത്തിനും സാമൂഹിക വളര്‍ച്ചക്കും അറിവ് അനിവാര്യമാണ്.

ജീവിതത്തെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടും തിരിച്ചറിവും ഉണ്ടായാലേ ജീവിതം അഥപൂര്‍ണമാകൂ. അതിന് ജീവിത ലക്ഷ്യവും അതിനുള്ള പാഥേയവും തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ ഓരോരുത്തരും ഭൗതിക പഠനത്തെക്കാള്‍ ഗൗരവത്തില്‍ മതപഠനത്തെ സമീപിക്കല്‍ അനിവാര്യമാണ്. നൈമിഷിക ജീവിതത്തില്‍ കെട്ടിത്തിരിഞ്ഞു ജീവിതം ഹോമിക്കേണ്ടവരല്ല വിശ്വാസികള്‍; മറിച്ച് പരലോകരക്ഷക്ക് ആവശ്യമായ അറിവുകള്‍ സമ്പാദിക്കുകയും അതിനെ ജീവിത വെളിച്ചമാക്കി മാറ്റുകയും ചെയ്യണം. അപ്പോള്‍ മാത്രമാണ് ഒരിക്കലും നഷ്ടം വരാത്ത അറിവ് കരഗതമാക്കി വിജയിക്കാന്‍ സാധിക്കുക. പലപ്പോഴും ഭൗതികപഠനങ്ങളുടെ 'ഭാര'മാണ് മതപഠനത്തിന് തടസ്സം തീര്‍ക്കാറ്. എന്നാല്‍ കൃത്യവും വ്യവസ്ഥാപിതവുമായ സമയക്രമീകരണത്തിലൂടെ രണ്ടും പ്രയാസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാവുന്നതേയുള്ളൂ.

ഭൗതികമായ അറിവ് ധാര്‍മിക ബോധം പകര്‍ന്നു നല്‍കില്ലെന്നതിന് നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങള്‍ തെളിവാണ്. അതിന് മതപരമായ അവബോധം അനിവാര്യമാണ്. പ്രവാസജീവിതം നയിക്കുന്നവരും നാട്ടിലുള്ളവരുമെല്ലാം മതപരമായ അറിവ് നേടുവാന്‍ സമയം കണ്ടെത്തുക തന്നെ വേണം.