എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

പ്രബോധകന്റെ മനസ്സ്

-മുഹമ്മദ് ശമീല്‍

''വെള്ളിയാഴ്ച പത്തനംതിട്ടയില്‍ പോകണം. അവിടെയുള്ള ഒരു പുതിയ ക്ലയന്റിനെ കണ്ട് സംസാരിക്കാനുണ്ട്' ബുധനാഴ്ച ഓഫീസില്‍ നിന്നും ലഭിച്ച മെസ്സേജ് ആണിത്.

ആവശ്യമുള്ള ഡോക്യുമെന്റ്‌സ് എല്ലാം എടുത്ത് നേരത്തെ തന്നെ പുറപ്പെട്ടു. ജുമുഅക്ക് മുമ്പ് പണികള്‍ തീര്‍ത്ത് പെട്ടെന്ന് തിരിക്കണം എന്ന ചിന്തയാണ് മനസ്സില്‍. ബസ് സ്‌റ്റേഷനില്‍ ഇറങ്ങി പോകാനുള്ള സ്ഥലം അന്വേഷിച്ചു. അവിടെ നിന്ന് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ.

ക്ലയന്റിനെ കണ്ട് സംസാരിച്ച് ജുമുഅക്ക് മുമ്പ് പണികള്‍ തീര്‍ത്ത് അടുത്തുള്ള പള്ളി ലക്ഷ്യമാക്കി നടന്നു. പള്ളിയില്‍ നാലാമത്തെയോ അഞ്ചാമത്തെയോ സ്വഫ്ഫിലാണ് സ്ഥലം ലഭിച്ചത്. ബാങ്കിനെ പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ക്വുര്‍ആന്‍ പാരായണം ചെയ്ത ശേഷം അത് വെക്കാറുള്ള സ്ഥലത്ത് തിരിച്ചുവെക്കാന്‍ മുന്നിലേക്ക് പോകുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. ക്വുര്‍ആന്‍ പിടിച്ച ആ വലതു കൈയില്‍ കെട്ടിയിരുന്ന കറുത്ത ചരട് മാനസികമായി എന്നെ അസ്വസ്ഥനാക്കി. അവന്‍ ഓതിയ ക്വുര്‍ആനിലെ ആശയം അവന് ലഭിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ആ ചരട് എന്ന് വ്യക്തമായി. ജുമുഅ നമസ്‌കാരം കഴിഞ്ഞാല്‍ അവനോട് സംസാരിക്കണം എന്ന് ആഗ്രഹിച്ചു.

നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ദീര്‍ഘദൂര യാത്രയെക്കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത. അതുകൊണ്ട് ആ സഹോദരനെ കാത്തുനിന്നില്ല. മനസ്സില്‍ യാത്രയെക്കുറിച്ച് പിശാച് സൃഷ്ടിച്ച വസ്‌വാസിന് ഞാന്‍ അടിമപ്പെട്ടു എന്നതാണ് സത്യം.

ഒരു തിന്മ കണ്ടിട്ട് അതിന്റെ ഗൗരവം ആ സഹോദരനോട് പറയാതെ പോയ എന്റെ പ്രവൃത്തി മാനസികമായി എന്നില്‍ സങ്കടം സൃഷ്ടിച്ചു. ഒരു അവസരം കൂടി ലഭിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പ്രാര്‍ഥിച്ചു. കമ്പനിയുടെ ആവശ്യത്തിന് പോയതാണ്. അതുകൊണ്ട് തന്നെ ഇനിയും പോകാന്‍ കമ്പനി പറയണം. അത് വെള്ളിയാഴ്ചയാവണം. ജുമുഅക്ക് ആ പള്ളിയില്‍ തന്നെ എത്തണം. കഴിഞ്ഞ ആഴ്ച നടന്ന പോലെ എല്ലാം നടക്കണം... ഞാന്‍ പ്രാര്‍ഥിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കമ്പനിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചു. 'വെള്ളിയാഴ്ച ഒരിക്കല്‍ കൂടി ആ ക്ലയന്റിനെ കാണണം.' അല്‍ഹംദുലില്ലാഹ്, അല്ലാഹുവിനെ സ്തുതിച്ചു.

ജുമുഅക്ക് മുമ്പ് പണികള്‍ തീര്‍ത്ത് പള്ളിയില്‍ എത്തി. എന്റെ മിഴികള്‍ അന്വേഷിച്ചത് ആ ചെറുപ്പക്കാരനെയായിരുന്നു. കഴിഞ്ഞ തവണ സംഭവിച്ച പോലെ ഇത്തവണയും സംഭവിച്ചു. നമസ്‌കാരശേഷം ആ ചെറുപ്പക്കാരനെ കണ്ട് സംസാരിച്ചു. ഞാന്‍ മനസ്സിലാക്കിയ സത്യം പറഞ്ഞുകൊടുത്തു. ആദ്യമായി ലഭിച്ച ആ അറിവിനെ ആ സഹോദരന്‍ പൂര്‍ണമായി സ്വീകരിച്ചു. കൈയിലെ ആ കറുത്ത ചരട് അവിടെ വെച്ച് തന്നെ പൊട്ടിച്ചു കളഞ്ഞു. അല്‍ഹംദുലില്ലാഹ്... സന്തോഷാതിരേകത്താല്‍ റബ്ബിനെ സ്തുതിച്ച് ഞാന്‍ യാത്ര തിരിച്ചു.''

ഒരു സഹോദരന്റെ അനുഭവക്കുറിപ്പാണിത്.

ഒരു പ്രബോധകന്റെ മനസ്സ് അസ്വസ്ഥമാകുന്നത് ഇങ്ങനെയാണ്. നന്മ അറിയിക്കാനുള്ള താല്‍പര്യവും അതുമൂലം റബ്ബില്‍ നിന്ന് ലഭിക്കുന്ന തൃപ്തിയും മാത്രമാണ് അവര്‍ ലക്ഷ്യമാക്കുന്നത്. പ്രവാചകന്മാര്‍ പറഞ്ഞ പോലെ: 'ഞങ്ങള്‍ നിങ്ങളില്‍ നിന്ന് യാതൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല, അല്ലാഹുവിന്റെ തൃപ്തി അല്ലാതെ.'