എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04

ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനജീവിതം

-മുസ്‌ലിം ബിന്‍ ഹൈദര്‍

ദക്ഷിണേന്ത്യയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് വഴിവെക്കുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന് പ്രധാനമന്ത്രി തന്നെ തുടക്കം കുറിച്ചിരിക്കയാണല്ലോ. 27.1.19ന് കൊച്ചിയില്‍ നടന്ന ബി.പി.സി.എല്‍ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ വെച്ചാണ്  പെട്രോകെമിക്കല്‍ കോംപ്ലക്‌സിനും ശിലയിട്ടത്. നിത്യജീവിതത്തിന്റെ ഭാഗമായ പെട്രോ കെമിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് പുറംരാജ്യത്തെ അവലംബിക്കുന്നത് കുറച്ച് കൊണ്ടുവരാനും ആ രംഗത്ത് സ്വയം പര്യാപ്തതക്ക് വേണ്ടിയുമുള്ള ചുവടുവയ്പുമാണിത്. രാജ്യസ്‌നേഹമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന് വകനല്‍കുന്നതാണിത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ആരവങ്ങളൊടുങ്ങും മുമ്പ്  ഇന്ത്യ മറ്റൊരു വികസന വിഹായുസ്സിലേക്ക് ചിറകടിച്ചുയരുന്നതിന്റെ തുടക്കം കേരളത്തില്‍നിന്നാക്കിയത് മലയാളിക്ക് ഇരട്ടി മധുരവുമായി. 

ഇനി മറ്റൊരു കാര്യം. ജാതീയതക്കും വര്‍ഗീയതക്കും പക്ഷപാതചിന്താഗതികള്‍ക്കും അഴിമതിക്കുമെല്ലാം എതിരെ ജീവിതം കൊണ്ട് സന്ദേശമെഴുതിയ മഹാരഥന്മാരുടെ വീര ചരിതങ്ങള്‍ നാഴികക്ക് നാല്‍പത് വട്ടം വാമൊഴിയായും വരമൊഴിയായും ഉരുവിട്ടുകൊണ്ടേയിരിക്കുമ്പോഴും അവര്‍ മണ്ണിട്ട് മൂടി നിര്‍മാര്‍ജനം  ചെയ്ത  അത്തരം അമാനവിക വിഷവിത്തുകളെ മറുവശത്ത് വെള്ളമൊഴിച്ച് മുളപ്പിക്കുന്നു മേലാളന്മാര്‍! അവ മുളച്ച് പൊങ്ങുക മാത്രമല്ല ചിലതൊക്കെ വന്‍വൃക്ഷങ്ങള്‍ തന്നെയായിട്ടുണ്ട്. കളകളെ കടപുഴക്കി എറിേയണ്ടവര്‍ നട്ടുനനച്ച് വളര്‍ത്തുന്നു. സ്വസ്ഥതയും സമാധാനവും നല്‍കേണ്ടവര്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സമ്മാനിക്കുന്നു. ചിലര്‍ക്കേ സുരക്ഷിത ജീവിതത്തിന് അര്‍ഹതയുള്ളൂ എന്ന് പറയാതെ പറയുന്നു.

കീശയും കാശും കൈപ്പിടിയിലൊതുക്കിയപ്പോള്‍ ആമാശയമെങ്കിലും സെന്‍സറിംഗിന് വിധേയമാക്കപ്പെടില്ലെന്ന് ധരിച്ചു. പക്ഷേ, ആ ധാരണ അസ്ഥാനത്താണെന്ന് അഖ്‌ലാക്വുമാരുടെ അനുഭവം നമ്മെ ധരിപ്പിച്ചു കഴിഞ്ഞു.

ഹേമന്ദ് കര്‍കറും സുബോദ്കുമാര്‍ സിംഗും ഗൗരി ലങ്കേഷുമൊക്കെ ഏതിന്റെ ഇരയാണെന്നാണ് ഇന്ത്യക്കാര്‍ മനസ്സിലാക്കേണ്ടത്?

സാംസ്‌കാരിക തനിമയുടെയും മഹിത പാരമ്പര്യങ്ങളുടെയും പേരില്‍ ഊറ്റംകൊള്ളുന്നവര്‍ ചിലരുടെ മൗലികാവകാശങ്ങള്‍ പോലും ഹനിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നത് ഏത് പാരമ്പര്യത്തിന്റെ പിന്‍ബലത്തിലാണ്? 

ജാതി, മത, വര്‍ഗ ചിന്തകള്‍ക്കപ്പുറം എല്ലാ മനുഷ്യരെയും മനുഷ്യരായി കാണുവാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണം. പെട്രോകെമിക്കല്‍ കോംപ്ലക്‌സിനെക്കാള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്. തടിച്ചുകൊഴുത്തുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളല്ല രാജ്യത്തിന്റെ പുരോഗതിയുടെ അടയാളം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതി പ്രഖ്യാപനങ്ങളല്ല; മത-സാംസ്‌കാരിക തനിമ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജീവിതസാഹചര്യമാണ് ജനങ്ങള്‍ ആശിക്കുന്നത്. 


ഓണ്‍ലൈന്‍ പതിപ്പ് മികച്ച നിലവാരം പുലര്‍ത്തുന്നു

-അബ്ദുല്‍ വാരിസ് ഒമാന്‍

നേര്‍പഥത്തിന്റെ പുതിയ ഓണ്‍ലൈന്‍ മുഖം ഏറെ നിലവാരം പുലര്‍ത്തി. കെട്ടിലും മട്ടിലും അന്താരാഷ്ട്ര വെബ് മാഗസിനുകളോട് കിടപിടിക്കുന്ന പുതിയ അപ്‌ഡേഷനില്‍, ഇതുവരെ പുറത്തിറങ്ങിയ മുഴുവന്‍ ലക്കങ്ങളും യൂണികോഡായി വായിക്കാനും കോപ്പി ചെയ്യാനും പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യമൊരുക്കിയത് വായനയെ ഗൗരവമായെടുക്കുന്നവര്‍ക്കും റഫറന്‍സിനായി സമീപിക്കുന്നവര്‍ക്കും ഉപകാരപ്രദമാവുമെന്ന കാര്യത്തില്‍ സംശയമില്ല. പുറത്തിറങ്ങിയ മുഴുവന്‍ ലക്കങ്ങളുടെയും സോഫ്റ്റ് കോപ്പി ഓണ്‍ലൈനില്‍ ലഭ്യമാക്കുക എന്ന സാഹസത്തിന് ഇതുവരെ മലയാളത്തിലെ ഒരു മാഗസിനും തയ്യാറായിട്ടില്ല എന്നറിയുമ്പോഴാണ് നേര്‍പഥം ചെയ്യുന്ന സേവനം ബോധ്യപ്പെടുക. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.