എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 മാര്‍ച്ച് 30 1440 റജബ് 23

വിലക്കുകള്‍ വിലയില്ലാത്തതോ?

-മുഹമ്മദ് സിറാജ്, കൊടുവള്ളി, ജാമിഅ അല്‍ഹിന്ദ്

ജീവിതം ഒരു യാത്രയാണ്. യാത്രകള്‍ അതിന്റെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഒരുപാട് കാര്യങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. വിദേശയാത്ര നടത്തിയവര്‍ക്ക് അതറിയാം. മനുഷ്യനിര്‍മിത ഭൗതിക നിയമങ്ങള്‍ പാലിക്കുമ്പോള്‍ ഈ ലോകത്ത് നമുക്ക് കുറെ ഗുണങ്ങളും സുരക്ഷിതത്വവും ലഭിക്കുന്നു. ട്രാഫിക് നിയമം ഉദാഹരണം. 

പാരത്രിക ജീവിതത്തിന്റെ സുരക്ഷക്കു വേണ്ട നിയമങ്ങള്‍ നമ്മെ പഠിപ്പിച്ചത് ലോകരക്ഷിതാവായ  അല്ലാഹുവാണ്. അപ്പോള്‍ അവ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകം ഉണര്‍ത്തേണ്ടതില്ലല്ലോ! അതില്‍ അമാന്തം വരുത്തുന്നവര്‍ പരലോകത്ത് പരാജയപ്പെടുന്നവരായ നിയലില്‍ ഭൗതികലോകത്തുനിന്നും യാത്രയാകും. ഇത്തരം ഭൗര്‍ഭാഗ്യവാന്മാരുടെ കൂട്ടത്തിലായിരിക്കുമോ ഞാന്‍ എന്ന് നാം സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതം മനുഷ്യന് സുരക്ഷയാകുന്നത് അതിന്റെ കല്‍പനകള്‍ ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമ്പോഴാണ്. 

സ്വന്തം താല്‍പര്യങ്ങള്‍ക്ക് യോജിച്ച കാര്യങ്ങള്‍ മാത്രം സ്വീകരിക്കുന്ന പരിതാപകരമായ നിലപാടാണ് ചിലര്‍ മതത്തിന്റെ വിഷയത്തില്‍ സ്വീകരിച്ചുവരുന്നത്. ട്രെന്‍ഡുകള്‍ ജീവിതത്തിന്റെ ടേമുകളെ മാറ്റുമ്പോള്‍ സുന്നത്തിനെ ഒരു ഫാഷനായിക്കാണുന്ന അപകടം പിടിച്ച രീതിയും യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്നു.

പ്രവാചക ചര്യ എന്ന നിലയില്‍ താടി വളര്‍ത്തുന്നവരെ കൊഞ്ഞനം കുത്തുകയും വികൃതരൂപം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നവര്‍ ഇന്ന് ഫാഷന്റെയും ട്രെന്‍ഡിന്റെയും പേരില്‍ സ്വന്തം താടിയില്‍ അഭിമാനം കൊള്ളുന്നു. നെരിയാണിക്ക് താഴെയിറങ്ങാത്ത വസ്ത്രം ധരിക്കുന്നവരെ നോക്കി പരിഹസിച്ചിരുന്നവര്‍ ഇന്ന് മുട്ടുവരെ മാത്രം വസ്ത്രം ധരിച്ച് 'അന്തസ്സ്' കാണിക്കുന്നു. മാറ്റങ്ങള്‍ വരും കാലങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. 

അതിന്റെയൊക്കെ പിന്നാലെ കണ്ണുമടച്ച് പായേണ്ടവനല്ല സത്യവിശ്വാസി. മുസ്‌ലിമിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും മത നിയമങ്ങളായിരിക്കണം. അല്ലാതെ സമൂഹത്തിലെ ചില സ്റ്റാറുകളോ മോഡലുകളോ അല്ല. പ്രമാണങ്ങളെ പിന്‍പറ്റുന്നവര്‍ക്ക് അന്നും ഇന്നും ഒരേ നിയമമാണ് ഉള്ളത്; അതാണ് ഇസ്‌ലാം. അത്തരക്കാര്‍ക്കാണ് മതം സ്വതന്ത്ര്യവും പരിരക്ഷയുമാകുന്നത്. അവരല്ലാത്തവര്‍ക്കാണ് ഇസ്‌ലാം കുടുസ്സതയും ജയിലുമാവുന്നത്. 

ധാര്‍മിക മൂല്യങ്ങള്‍ മാറ്റിമറിക്കപ്പെടുന്ന ഇക്കാലത്ത് ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ആരും ഇല്ലാതെ പോകരുത്. പ്രവാചകന്റെയും അനുചരന്മാരുടെയും മാതൃക നമ്മുടെ മുമ്പിലുണ്ട്. അവര്‍ അധാര്‍മികതക്കെതിരെ ജാഗരൂകരായിരുന്നു. മതത്തിന്റെ കല്‍പനകള്‍ നാം എപ്രകാരമാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് ജീവിതത്തിലൂടെ കാണിച്ചു തന്നവരാണ് അവര്‍. 

മാറിലും വയറ്റിലും കുത്തേറ്റ് മരണശയ്യയില്‍ കിടക്കുന്ന രണ്ടാം ഖലീഫ ഉമര്‍(റ) ജനങ്ങളോട് നമസ്‌കാരത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത് ചരിത്രത്തില്‍ സ്ഥിരപ്പെട്ടതാണ്. സ്വര്‍ണമോതിരം ധരിച്ചെത്തിയ ഒരു സ്വഹാബിവര്യന്റെ കയ്യില്‍ നിന്നും 'നരകത്തിലെ വളയം' എന്നു പറഞ്ഞ് നബി ﷺ  ആ മോതിരം ഊരിയെറിയുകയുണ്ടായി. സദസ്സു പിരിഞ്ഞ നേരത്ത് മറ്റുള്ളവര്‍ അയാളോട് ഉപദേശിച്ചു: 'നീ അത് എടുത്തുകൊള്ളുക. നിന്റെ വീട്ടുകാര്‍ക്ക് ഒരു പക്ഷേ, ഉപകാരപ്പെട്ടേക്കാം.' എന്നാല്‍ മഹാനായ ആ സ്വഹാബി പറഞ്ഞത് 'എന്റെ നബി വലിച്ചെറിഞ്ഞ ഒന്ന് ഞാന്‍ എന്റെ കൈകൊണ്ട് ഇനി തിരിച്ചെടുക്കുകയില്ല തന്നെ' എന്നായിരുന്നു. 

അമുസ്‌ലിമായ മാതാപിതാക്കളോടും ഇഹലോകത്തിന്റെ വിഷയത്തില്‍ നല്ല നിലയില്‍ തന്നെ ബന്ധം പുലര്‍ത്തണമെന്നു പഠിപ്പിച്ച ഇസ്‌ലാമിന്റെ അധ്യാപനം സമൂഹം അറിയാതെ പോകുന്നു എന്ന് ചില ആനുകാലിക സംഭവവികാസങ്ങള്‍ മനസ്സിലാക്കിത്തരുന്നു.