എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

വക്കം മൗലവി: വിസ്മരിക്കപ്പെടുന്ന നവോത്ഥാനശില്‍പി

-മുഹമ്മദ് ശാക്കിര്‍ അത്തോളി, ജാമിഅ അല്‍ഹിന്ദ്

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നവോത്ഥാനത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയ ഏറ്റവും ഉന്നതനായ മുസ്‌ലിം വ്യക്തിത്വമായിരുന്നു വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി. എന്നാല്‍ നവോത്ഥാന ചര്‍ച്ചകള്‍ക്കിടയില്‍ ചിലരെങ്കിലും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും തമസ്‌കരിക്കാന്‍ ശ്രമിക്കാറുണ്ടെന്നത് ഖേദകരമാണ്. 

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍, അഞ്ചുതെങ്ങ് കായല്‍ക്കരയില്‍ വക്കം ഗ്രാമത്തിലെ കുബേര കുടുംബമായ പുന്തൂറാന്‍ വിളാകം തറവാട്ടില്‍ 1873 ഡിസംബര്‍ 28ന് ആയിരുന്നു ജനനം. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും ദൈവഭക്തിയും കുലീനതയും ശാന്തതയും വിനയവും മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, ഇതര സമുദായങ്ങള്‍ക്കിടയിലും അദ്ദേഹത്തെ ആദരണീയനാക്കി. 

അഗാധമായ പഠനവും അവഗാഹമായ ഗവേഷണ ചിന്തയും കൈമുതലാക്കി നിരന്തരമായ അധ്വാനത്തിലൂടെ വളര്‍ന്നുവന്ന മൗലവി താന്‍ നേടിയ ജ്ഞാനവും ബുദ്ധിയും പൈതൃകമായി ലഭിച്ച സമ്പത്തും ഉപയോഗിച്ച് സമുദായ പരിഷ്‌കരണത്തിനിറങ്ങുകയായിരുന്നു. ഒരേസമയം പണ്ഡിതനും സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ മാത്രമെ സമുദായത്തെ പുരോഗതിയിലേക്ക് നയിക്കാനാവുകയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കുകയും ആ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. 

പല പ്രബോധനസംരംഭങ്ങളുടെയും ഒപ്പംചേര്‍ന്ന് മൗലവി ജനങ്ങളെ വെളിച്ചത്തിലേക്ക് നയിച്ചു. തിരുവിതാംകൂര്‍ മുസ്‌ലിം മഹാജനസഭ, അരീക്കോട് ലജ്‌നത്തുല്‍ ഹമദാനിയ്യ, കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ എന്നിവയെല്ലാം വക്കം മൗലവിയുടെ പ്രധാന പ്രവര്‍ത്തന വേദികളായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1913 മുതല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ക്വുര്‍ആന്‍ അധ്യാപകരെയും ഹൈസ്‌കൂളുകളില്‍ അറബി അധ്യാപകരെയും നിയമിച്ചു. മലയാളക്കരയിലെ വലിയ ഒരു സംഭവമായിരുന്നു അത്. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസത്തോട് മുസ്‌ലിംകള്‍ക്ക് ആഭിമുഖ്യം വര്‍ധിച്ചുവന്നു. മൗലവിയുടെ ശ്രമഫലമായി പിന്നീട് നിരവധി വിദ്യാഭ്യാസകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി.

സ്വാതന്ത്ര്യ സമരത്തെ ശക്തമായി അനുകൂലിക്കുമ്പോഴും വിദ്യാര്‍ഥികള്‍ പഠനം ഒഴിവാക്കി തെരുവിലിറങ്ങരുതെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഇതിനായി അദ്ദേഹം നടത്തിയിരുന്നു. 

ഉന്നത നേതാക്കളുമായുള്ള വക്കം മൗലവിയുടെ ബന്ധവും വാക്കുകളിലെ മാസ്മരികതയും സുവിദിതമാണ്. തിരുവിതാംകൂറില്‍ ഇസ്‌ലാഹീ പ്രബോധന ദൗത്യം ഏറ്റെടുത്ത മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കൊടുങ്കാറ്റുപോലെ കേരളത്തിലെങ്ങും അടിച്ചുവീശി.

തികഞ്ഞ ദേശാഭിമാനിയായിരുന്ന മൗലവി ദേശീയ പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തി.അദ്ദേഹം 1922ല്‍ ഗാന്ധിജിയുമായി തിരുവനന്തപുരത്ത് വെച്ച് സംഭാഷണം നടത്തുകയുണ്ടായി. സീതി സാഹിബായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഗാന്ധിജിയുടെ പ്രസംഗ പരിഭാഷകന്‍ എന്ന നിലയിലുള്ള സീതി സാഹിബിന്റെ സ്വാധീനമുപയോഗിച്ച് കുറെ സമയം ചര്‍ച്ചക്ക് ലഭിച്ചു. മൗലവിയുടെ മകന്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയിലാണ് പഠിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഗാന്ധിജി ജാമിഅ മില്ലിയ്യയെ പറ്റി കൂടുതല്‍ വാചാലനായത്രെ. ശ്രീനാരായണ ഗുരുവുമായും മൗലവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

നവോത്ഥാന രംഗത്തെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 1932 ഒക്ടോബര്‍ 31ന് ഉദരരോഗ ബാധിതനായി അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായി. ഭാവിതലമുറക്ക് പ്രചോദനമാകും വിധം സമൃദ്ധമായ ഒരു പൈതൃകം അവശേഷിപ്പിച്ചു കൊണ്ടുള്ളയാത്ര. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമാറാവട്ടെ.