എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഏപ്രില്‍ 06 1440 റജബ് 29

കാലത്തിലുമുണ്ട് ദൃഷ്ടാന്തം

-സഹല്‍ ആദം, കോഴിക്കോട്

വീണ്ടുമൊരു വേനല്‍കാലത്തിലേക്ക് നാം കടന്നിരിക്കുകയാണ്. ചൂടിന്റെ കാഠിന്യവും വെയിലിന്റെ ആഘാതവും കാരണത്താല്‍ പലരും ഒന്ന് വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും മടിക്കുന്നു.  'ഓ... എന്തൊരു ചൂട്..' എന്ന് ഇന്ന് എല്ലാവരും പറയുന്നു. 'എന്തൊരു തണുപ്പ്!', 'എന്തൊരു മഴ!'എന്നിങ്ങനെ കാലവും കാലാവസ്ഥയും മാറുന്നതിനനുസരിച്ച് മനുഷ്യര്‍ പറഞ്ഞുകൊണ്ടേയിരിക്കും. 

കാലാവസ്ഥകള്‍ അങ്ങനെ മാറിക്കൊണ്ടിരിക്കും. അത്ഭുതകരമാണ് യഥാര്‍ഥത്തില്‍ ഈ കാലാവസ്ഥാസംവിധാനം! കാലത്തിന് ഒരു ഘടനയും രീതിയും ഉള്ളതിനാലാണല്ലൊ അവയെക്കുറിച്ച് പഠനങ്ങളും പ്രവചനങ്ങളും നടത്താന്‍ കഴിയുന്നത്. വെയിലിന്റെ ചൂട് അധികമായാല്‍ സഹിക്കുക, മഴ പെയ്യാതിരുന്നാല്‍ അതിനായി ആശിക്കുക, പ്രാര്‍ഥിക്കുക എന്നല്ലാതെ മനുഷ്യര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ചൂടിനെ നിയന്ത്രിക്കുവാനോ മഴ പെയ്യിക്കുവാനോ നമുക്കാവില്ല. 

മനുഷ്യരുടെ നിയന്ത്രണത്തിലല്ല പ്രാപഞ്ചിക പ്രതിഭാസങ്ങളൊന്നും. കാലത്തെയും ഋതുക്കളെയും സംവിധാനിച്ചവനേ അവയെ നിയന്ത്രിക്കാന്‍ കഴിയൂ. മനുഷ്യര്‍ക്ക് മുമ്പ് അല്ലാഹു അതെല്ലാം സംവിധാനിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് സ്രഷ്ടാവിനെക്കുറിച്ച തിരിച്ചറിവുണ്ടാകും. അവന്റെ കഴിവിന്റെ അപാരതയെക്കുറിച്ച് ബോധമുണ്ടാകും. അല്ലാഹു പറയുന്നു: ''ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച'' (ക്വുര്‍ആന്‍ 2:164).

ഋതുഭേദങ്ങള്‍ അനുഗ്രഹമാണെന്നും എന്നാല്‍ അനുഗ്രഹമായ ഒന്നിനെ അതിന്റെ നിയന്താവായ അല്ലാഹുവിന് മനുഷ്യര്‍ക്ക് പരീക്ഷണവും ശിക്ഷയുമാക്കി മാറ്റാന്‍ കഴിയുമെന്നും നാം തിരിച്ചറിയണം. ശക്തമായ മഴയിലൂടെയും കാറ്റിലൂടെയും ഇടിനാദത്തിലുടെയും മറ്റും അല്ലാഹു മനുഷ്യരെ പരീക്ഷിച്ചതായും നശിപ്പിച്ചതായും ക്വുര്‍ആന്‍ തന്നെ വിവരിച്ചിട്ടുണ്ട്.  

ഈ സങ്കീര്‍ണമായ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ഏകനായ സ്രഷ്ടാവാണ്. അതില്‍ മറ്റാര്‍ക്കും പങ്കില്ല. അല്ലാഹു പറയുന്നു:

''അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരുദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!'' (ക്വുര്‍ആന്‍ 23:91).

''ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു'' (ക്വുര്‍ആന്‍ 21:22).

വെയിലും മഴയും ചൂടും തണുപ്പും ഇരുട്ടും വെളിച്ചവുമൊക്കെ യാന്ത്രികമായി അനുഭവിക്കുക എന്നല്ലാതെ അതിനപ്പുറം അവയെക്കുറിച്ച് ചിന്തിക്കുവാന്‍ മനുഷ്യര്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അസ്തിത്വത്തെയും കഴിവിനെയും അവന്റെ പരമാധികാരത്തെയും കുറിച്ച് ബോധ്യം വരും.