എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

മാരകായുധങ്ങള്‍ മാറി നില്‍ക്കട്ടെ

-മുസ്‌ലിം ബിന്‍ ഹൈദര്‍

പുതുമകള്‍ക്കാണ് മാര്‍ക്കറ്റ്. ഗുണവും ഫലവും ഒന്നാണെങ്കിലും അവയിലെല്ലാം പുതുമ പരീക്ഷിക്കുകയാണ് സര്‍വരും. നിര്‍മാണ മേഖലയിലാണ് പ്രതിദിനമത് കാണുന്നതെങ്കില്‍ മനുഷ്യനിടപെടുന്ന ഒരു മേഖലയും ഇതിനന്യമല്ല. പക്ഷെ അവയിലൊന്നും പൊതുജനത്തിന് ഉപകാരം അധികമില്ലങ്കിലും ഉപദ്രവമുണ്ടാവാറില്ല.

അതേസമയം, ദൈനംദിന ജീവിതത്തിന്റെ മണിക്കൂറുകളെ മോടി പിടിപ്പിക്കാന്‍ കാട്ടിക്കൂട്ടുന്ന പരീക്ഷണങ്ങള്‍ ഒരുവേള ഉപദ്രവവും ആഭാസകരവും സങ്കടദായകവുമാണ്. ഏറ്റവുമൊടുവിലെ, ശവപ്പെട്ടി മണവാളന്‍ മലയാളിയുടെ വികൃത പരീക്ഷണത്തിന്റെ നീറുന്ന അധ്യായങ്ങളിലൊന്നു മാത്രം. 

പവിത്രം, ബലിഷ്ഠ കരാര്‍, പുണ്യം... എന്നിങ്ങനെ നാഥന്‍ എടുത്തു പറഞ്ഞ വിവാഹബന്ധങ്ങള്‍ക്ക് മീതെ കാട്ടാള പരീക്ഷണം അരങ്ങേറിയപ്പോള്‍ ദുഃഖിക്കാത്തവരുണ്ടാവില്ല. കാഴ്ചയുള്ളവരുടെ ഹൃദയങ്ങളിലെല്ലാം ഘനീഭവിച്ചു നില്‍ക്കുന്ന കല്ലറ തീര്‍ത്താണ് ആ ആനയിക്കല്‍ അവസാനിച്ചത്.

ഉണക്കാനാവുമോ ഈ മുറിവിനെ? ഖഇആയും പടക്കവും വെള്ളം നിറച്ച ബലൂണും ഒളിപ്പിച്ചു വെച്ച അലാം സംവിധാനങ്ങളും നുരഞ്ഞു പൊങ്ങുന്ന പശക്കുപ്പികളും വഴിതടയുന്ന നൃത്ത യാത്രകളും നിലക്കാത്ത ഹോണടി ബൈക്ക് അകമ്പടിയും കാതടപ്പിക്കുന്ന ഗാനമേളകളും വിവാഹവേളകളെ മലീമസമാക്കിക്കൊണ്ടിരിക്കയാണ്. കുടുംബത്തിന്റെ കവാടത്തില്‍ നടക്കുന്ന ഈ മാരകായുധ പരീക്ഷണങ്ങള്‍ തീര്‍ത്തും വര്‍ജ്യമാവേണ്ടതുണ്ട്. പൊതുജന ബോധവത്കരണത്തിലൂടെ ആവര്‍ത്തനം പൊടുന്നനെ തടയേണ്ടതുമുണ്ട്.

ഇത്തരം പരീക്ഷണങ്ങളില്‍ എപ്പോഴും ഒരു 'പണത്തൂക്കം' മുന്നില്‍ യുവത തന്നെയാണ് അവരാവട്ടെ കല്യാണത്തില്‍ മാത്രമല്ല സ്വന്തം തടിയിലും മുടിയിലും പരീക്ഷണം അഭംഗുരം തുടരുകയാണ്. അതാവട്ടെ മോട്ടോര്‍ ബൈക്കിന്റെ സൈലന്‍സറില്‍ വരെ എത്തി നില്‍ക്കുമ്പോള്‍ പരീക്ഷണങ്ങള്‍ പൊതുജനത്തിന്റെ ക്ഷമ പരീക്ഷ കൂടെയാവുകയാണ്.

ദിശാബോധം നഷ്ടപ്പെടുന്നവര്‍ക്ക് ഉന്നതമായ മൂല്യങ്ങള്‍ അനുഭവേദ്യമാക്കുകയാണതിന്റെ പരിഹാരം. മാന്യമായ ഉദാഹരണങ്ങളില്‍ നിന്ന് സ്വയം പഠിക്കാനുള്ള അവസരമുണ്ടായാല്‍ ഈ രംഗത്തെ പ്രയാസങ്ങള്‍ പമ്പ കടക്കും. പ്രശ്‌നങ്ങളില്‍ വിലപിച്ച് സമയം കളയാതെ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയണം. 


ഇനിയും മരുന്നിട്ട് കൊടുക്കണോ?

-അഫ്താബ് കണ്ണഞ്ചേരി

ചിലത് ഓര്‍മിപ്പിക്കേണ്ട സമയത്ത് ഓര്‍മിപ്പിക്കണം. ശബരിമല യുവതീ പ്രവേശനത്തെ നവോത്ഥാനമായാണ് ഭരണകൂടം കാണുന്നത്. ഒരു പുരോഗമനപ്രസ്ഥാനം എന്ന നിലയില്‍ അതില്‍ ചില ശരികളുണ്ട്. നാളിതുവരെ ആചരിച്ചു പോന്ന വിശ്വാസാചാരങ്ങളില്‍ മാറ്റമുണ്ടാകുമെന്ന ഭക്തരുടെ ആശങ്കകളോ സംഘ്പരിവാര്‍ ഭീഷണികളോ അത്‌കൊണ്ട് അവരുടെ ശരികളുടെ മുന്നില്‍ വിലങ്ങു തടിയായില്ല. സമാധാനപരമായി അവര്‍ നടത്തിയ വനിതാമതിലിനോട് അതുകൊണ്ട് തന്നെ ഒരു ജനാധിപത്യസമൂഹം എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതില്ല. 

എന്നാല്‍, ഇതിനേക്കാള്‍ എത്രയോ വലിയ ശരിയായിരുന്നു പറവൂരില്‍ നടന്നത്. സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുള്ള നാട്ടില്‍ സമാധാനപരമായി ഗുണകാംഷയോട് കൂടി പ്രബോധനം നടത്തിയ ആ ചെറുപ്പക്കാരെ കുറിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് ആര്‍.എസ്.എസിന് മരുന്നിട്ട് കൊടുക്കുകയാണ് എന്നാണ്. അതേറ്റു പറഞ്ഞു പ്രതിരോധിക്കാന്‍ അണികള്‍ വരിവരിയായി നില്‍ക്കുകയും ചെയ്തു. പക്ഷെ അവരാരും ഇന്ന് വഴിനീളെ ആര്‍.എസ്.എസിന് വേണ്ടിയുള്ള മരുന്നുണ്ട് എന്ന് പറയാറില്ല. അത് നവോത്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമാണത്ര. അവനവന് അവനവന്റെ ശരികളുണ്ട് എന്നത് നേരാണ്. പക്ഷേ മറ്റുള്ളവന് നേരെ പറഞ്ഞ തെറ്റുകള്‍ പോലും തനിക്ക് നേരെ വരുമ്പോള്‍ ശരിയായി തോന്നുന്നുണ്ട് എങ്കില്‍ അതിനെ നാം പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. മസ്തിഷ്‌കം ഇനിയും പണയം വെച്ചിട്ടില്ല എങ്കില്‍...