എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

മാനിഷാദ...!

-നബീല്‍ പയ്യോളി, റിയാദ്

ഏറെ ഞെട്ടലോടെയാണ് രണ്ട് യുവാക്കളുടെ ക്രൂരമായ കൊലപാതക വാര്‍ത്ത കേട്ടത്. മനസ്സ് ഇനിയും അത് വിശ്വസിക്കാന്‍ പാകപ്പെട്ടിട്ടില്ല.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഭീതി വിട്ടുമാറും മുമ്പ് നമ്മുടെ സാക്ഷരകേരളത്തില്‍ നടന്ന മറ്റൊരു ഭീകര താണ്ഡവം! വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് ലോകര്‍ക്ക് മുമ്പില്‍ അഭിമാനത്തോടെ തലയുയര്‍ത്തി പറയുന്ന മലയാളികള്‍ക്ക് എന്നും കളങ്കമുണ്ടാക്കുന്നതാണ് ഇത്തരം ക്രൂരതകള്‍. 

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന കൊല്ലും കൊലയ്ക്കും എതിരെ ഗീര്‍വാണം മുഴക്കുന്ന, സാംസ്‌കാരിക സമ്പന്നതയുടെയും പുരോഗമന ചിന്തകളുടെയും അപ്പോസ്തലന്മാരായി ചമയുന്നവരാണ് നമ്മുടെ നാട്ടില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ എന്നും ഒരുഭാഗത്ത്.

കേവല വിദ്യാഭ്യാസം മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുമെന്നത് മിഥ്യാധാരണയാണെന്ന് ഇനിയും നാം തിരിച്ചറിയാതെ പോവരുത്.

ഒരു മനുഷ്യനെ സംസ്‌കാര സമ്പന്നന്‍ ആക്കുന്നത് അവന്‍ കൊണ്ടുനടക്കുന്ന വിശ്വാസ സംഹിതകളാണ്, പ്രത്യയശാസ്ത്രങ്ങളാണ്.

ലോകത്തെ കിട്ടുകിടാ വിറപ്പിച്ച ഹിറ്റ്‌ലറും മുസ്സോളിനിയും മുതല്‍ കിങ് ജോണ്‍ ഉന്‍ വരെയുള്ള ഏകാധിപതികള്‍ ചുമന്ന മാലിന്യമാണ് പ്രത്യയ ശാസ്ത്രം എന്ന പേരില്‍ ചിലര്‍ പേറിക്കൊണ്ടിരിക്കുന്നത്. 

ആശയ ശത്രുവിനെ ആശയത്തിന്റെ കുന്തമുനകളാല്‍ തകര്‍ത്തെറിയുന്ന, വിവേകത്താല്‍ നയിക്കപ്പെടുന്ന സമൂഹത്തിന് വിപരീതമായി ആയുധ ബലത്തില്‍ വിജയം കൊയ്യാമെന്നുള്ള അപരിഷ്‌കൃത സമൂഹത്തിന്റെ മാനസികാവസ്ഥ പേറുന്ന സംസ്‌കാര ശൂന്യരാണ് ഇത്തരം പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍.

കമ്യുണിസ്റ്റുകാര്‍ കൊലപാതകം നടത്തിയാല്‍ അതിനെ വിപ്ലവത്തിന്റെ വീരഗാഥയായി നമ്മുടെ ചില സാംസ്‌കാരിക നായകര്‍ വാഴ്ത്തിപ്പാടും. 

തീവ്ര ദേശീയവാദികള്‍ കൊലനടത്തിയാല്‍ അതിനെ ദേശസ്‌നേഹത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുവാന്‍ അവര്‍ക്ക് ഒട്ടും മടിയില്ല. മനുഷ്യജീവനുകള്‍ക്ക് വിലകല്‍പിക്കാത്ത, ജീവിക്കുവാനുള്ള അവകാശം വകവെച്ച് നല്‍കാത്ത ഇത്തരം തീവ്രവാദികളെ എങ്ങനെ ജനാധിപത്യത്തിന്റെ വക്താക്കളായി നാം അംഗീകരിക്കും? 

അങ്ങകലെ സിറിയയില്‍ മരണം തേടിപ്പോയ തീവ്രവാദികളെ കുറിച്ച് ചര്‍വിത ചര്‍വണം ചെയ്യുന്ന നാം നമുക്ക് ചുറ്റുമുള്ള തീവ്രവാദികളെ മനഃപൂര്‍വം മറക്കുന്നു. 

അരുത്, നമ്മുടെ മണ്ണില്‍ ഇനിയും മനുഷ്യരുടെ ചുടുചോര വീഴരുത്.

'രക്തസാക്ഷി'കളെയും 'ബലിദാനി'കളെയും തങ്ങളുടെ അധികാര കേന്ദ്രത്തിലേക്കുള്ള ചവിട്ടുപടികളായി കാണുന്ന മൃഗീയതയുടെ വക്താക്കളെ തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. 

രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ മാര്‍ഗത്തിലുള്ള പോരാട്ടം അനിവാര്യമായിരിക്കുന്നു. 


'ഇസ്‌ലാം വിമര്‍ശകരുടെ ഇസ്‌ലാം ആശ്ലേഷണം'

-അഹ്മദ് ശമീം, നാദാപുരം 

'ഇസ്‌ലാം വിമര്‍ശകരുടെ ഇസ്‌ലാം ആശ്ലേഷണം' എന്ന സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ലേഖനം (ലക്കം 3/8) കാലികവും പഠനാര്‍ഹവുമായിരുന്നു. ഇസ്‌ലാമിനെ വിമര്‍ശകരുടെ ഗ്രന്ഥങ്ങളില്‍നിന്നല്ലാതെ പഠിക്കാന്‍ ശ്രമിച്ചാല്‍ ആരും ഇസ്‌ലാമിനെ ഇഷ്ടപ്പെട്ടു പോകും. മനസ്സില്‍ ഇസ്‌ലാമിനോട് കടുത്ത ശത്രുത വെച്ചുപുലര്‍ത്തുന്ന വിമര്‍ശകരുടെ ഗ്രന്ഥങ്ങളെ മാത്രം അവലംബിച്ച് ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം. ലേഖകനും നേര്‍പഥത്തിനും അഭിനന്ദനങ്ങള്‍.