എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

തോളിലിരുന്ന് ചെവി കടിക്കുന്നവര്‍: ഒരു കദന കഥ

-ഹാഷിം കാക്കയങ്ങാട്

സുഹൃത്തും ബന്ധുവുമായ പ്രവാസി അദ്ദേഹത്തിനുണ്ടായ ഒരനുഭവം പങ്കുവച്ചപ്പോള്‍ അത് ഷെയര്‍ ചെയ്യണമെന്ന് തോന്നി. അത് ചുരുക്കി വിവരിക്കാം.

 അദ്ദേഹം കുറെ കാലമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പുതുതായി ഒരാള്‍ പണിക്ക് വന്നു. ആള്‍ മലയാളിയാണ്. കണ്ടാല്‍ നല്ല മതചിട്ടയുള്ളയാള്‍. മതത്തിന്റെ അടയാളങ്ങളെല്ലാം വേഷത്തിലും ഭാവത്തിലും സംസാരത്തിലും നിറഞ്ഞൊഴുകുന്ന നല്ല മാന്യ ദേഹം. സ്വാഭാവികമായും അത്തരമൊരാള്‍ മണലാരണ്യത്തില്‍ കൂട്ടിനുണ്ടാവുകയെന്ന് പറഞ്ഞാല്‍, ആര്‍ക്കും സന്തോഷമാകുമല്ലോ. സുഹൃത്തിനും ആ സന്തോഷമുണ്ടായി.

എന്നാല്‍ 'പണി പാലും വെള്ളത്തില്‍ കൊടുത്തു' എന്ന് പറഞ്ഞ പോലെയാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. ഒരു സുപ്രഭാതത്തില്‍ തൊഴിലുടമ വന്ന് സുഹൃത്തിനോട് നാട്ടില്‍ പോകണമെന്ന് പറയുന്നു. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ എവിടെയും തൊടാതെയുള്ള മറുപടികള്‍. രാത്രിക്ക് രാത്രി എന്ന മട്ടില്‍ ആള്‍ നാട്ടില്‍ വന്നു. എന്താണ് സംഭവിച്ചതെന്നറിയാത്ത സുഹൃത്ത് ആകെ കണ്‍ഫ്യൂഷനായി.

ഏതായാലും നാട്ടില്‍ വന്നിട്ടും സുഹൃത്ത് അതിന്റെ കാരണമന്വേഷിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ തൊഴിലുടമയില്‍ നിന്ന് തന്നെ സത്യം പുറത്ത് വന്നു. രണ്ടാമത് വന്ന സല്‍സ്വഭാവി തൊഴിലുടമയോട് പലതും പറഞ്ഞ് കൊടുത്ത് അദ്ദേഹത്തിന് സുഹൃത്തിനോടുണ്ടായിരുന്ന വിശ്വാസ്യത ഇല്ലാതാക്കി. അത് വിശ്വസിച്ച തൊഴിലുടമ ഉടനെ പിരിച്ചുവിടാന്‍ തീരുമാനമെടുക്കുകയായിരുന്നു. അതോടെ കാര്യങ്ങള്‍ മുഴുവന്‍ 'സല്‍സ്വഭാവി'യുടെ കീഴിലായി.

എന്നാല്‍ അയാളെ ഉത്തരവാദിത്തമേല്‍പിച്ച് കുറച്ച് കഴിയുമ്പോഴേക്ക് തൊഴിലുടമക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു തുടങ്ങി. ആള്‍ ശരിയല്ലെന്ന് മനസ്സിലായ അയാള്‍ സുഹൃത്തിനെ വിളിച്ച് സത്യം പറഞ്ഞു. എന്നാല്‍ എല്ലാം കൈവിട്ട് പോയതിന് ശേഷമുള്ള ഖേദപ്രകടനം കൊണ്ട് കാര്യമായി ഉപകാരമൊന്നുമില്ലെന്ന് സുഹൃത്ത് മറുപടി പറഞ്ഞു. ഏതായാലും കാലങ്ങളായി കാത്തുസൂക്ഷിച്ച വിശ്വാസ്യത തല്‍ക്കാലത്തേക്ക് നഷ്ടപ്പെട്ടെങ്കിലും അത് തിരിച്ചറിഞ്ഞതില്‍ അദ്ദേഹത്തിന് ആശ്വസിക്കാം.

താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിച്ച തനിക്ക് സ്ഥിരവിസ ലഭിക്കാന്‍ ഒന്നാം കക്ഷി തടസ്സമാകുമോ എന്ന ഭയമാണ് ഈ മനുഷ്യനെ ഇങ്ങനെയൊരു വൃത്തികേട് ചെയ്യാന്‍ പ്രേരിപ്പിച്ചതത്രെ!

പലരിലും കണ്ടുവരുന്ന ഒരു ദുഷിച്ച സ്വഭാവമാണിത്. സംസാരത്തിലും വേഷത്തിലുമൊക്കെ ഇസ്‌ലാം നിറഞ്ഞ് തുളുമ്പും. എന്നാല്‍ പ്രവൃത്തി ഇതിന് തീര്‍ത്തും വിരുദ്ധവുമായിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ അയാള്‍ മാത്രമല്ല പഴി കേള്‍ക്കുന്നത്. അയാള്‍ ഉള്‍ക്കൊള്ളുന്ന മതവും സംഘടനയുമൊക്കെ മോശമായി ചിത്രീകരിക്കപ്പെടും. അത് തിരുത്താന്‍ നമുക്കൊട്ട് സാധിക്കില്ല താനും. ആര്‍ക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനെങ്കിലും നാം പഠിക്കണം.

പരലോകത്തെ പാപ്പരായവര്‍ ആരാണെന്ന പ്രവാചക വചനം നാം ഇടക്കിടെ വായിക്കണം. കുന്നോളം ആരാധനാ കര്‍മങ്ങളുമായി വന്ന് അതെല്ലാം താന്‍ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഏതെങ്കിലും വിധത്തില്‍ ദ്രോഹിച്ചവര്‍ക്ക് നല്‍കേണ്ടി വരികയും അത് തീര്‍ന്നാല്‍ അവരുടെ പാപങ്ങള്‍ വഹിക്കേണ്ടി വന്ന് ഒടുക്കം നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഹതഭാഗ്യരാണവര്‍. അതില്‍ പെട്ട് പോകാതിരിക്കാന്‍ ശ്രമിക്കാം.