എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

ആദ്യം സ്വയം നന്നാവുക

-മജീദ് ബസ്താക്ക്, കണ്ണൂര്‍

ഇംഗ്‌ളണ്ട് ക്രിക്കറ്റ് ടീം ലോകകപ്പ് നേടി. പക്ഷേ, നന്നായി കളിച്ചത് എതിര്‍ ടീമായ ന്യൂസിലന്‍ഡ് എന്ന് ചിലര്‍. അതിന് ശേഷം ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറഞ്ഞു. പിന്നീട് അവര്‍ വിജയം ആഘോഷിക്കുന്ന വേളയില്‍ ഷാംപെയ്ന്‍(മദ്യം) പൊട്ടിക്കുന്ന സമയത്ത് ടീമിലുള്ള മുസ്‌ലിം കളിക്കാര്‍  ആ ആഘോഷത്തില്‍ പങ്കെടുക്കാതെ മാറി നിന്നു.

ഇതൊക്കെ കണ്ട നമ്മുടെ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഓരോ മുസ്‌ലിം കളിക്കാരനും ഇങ്ങനെയായിരിക്കണം എന്ന് പറഞ്ഞു. വാട്‌സാപ്പിലും ഫേസ്ബുക്കിലും അത് ഷെയര്‍ ചെയ്തു; അത് നല്ല കാര്യം തന്നെ.

എന്നാല്‍ ഇതോടൊപ്പം ചില കാര്യങ്ങള്‍ പറയാതെ വയ്യ. തകര്‍പ്പന്‍ മ്യൂസിക്കിന്റെ അകമ്പടിയോടെയും പലവിധ ആഭാസങ്ങള്‍ കാണിച്ചും വിവാഹവും വിവാഹ വാര്‍ഷികവും ജന്മദിനവും ആഘോഷിച്ച്  അതിന്റെ വീഡിയോ/ഫോട്ടോ ഷൂട്ടിംഗ് നടത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ലൈക്കിന് മത്സരിക്കുന്നവര്‍ ഏറെയുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. ഇതിലൊക്കെ പങ്കുചേരുന്നവരുമുണ്ട് കളിക്കാരുടെ ധാര്‍മികതക്ക് മാര്‍ക്കിടുന്നവരില്‍ എന്നതാണ് വിരോധാഭാസം.

ഒരു മുസ്‌ലിം പ്രവാചകചര്യ എന്ന നിലയില്‍ താടി വളര്‍ത്തുകയോ നെരിയാണിക്ക് താഴെയിറങ്ങാത്ത വിധം വസ്ത്രം ഉടുക്കുകയോ ചെയ്താല്‍ അതിനെ പരിഹസിക്കുന്നവര്‍, സിനിമാതാരമോ ക്രിക്കറ്റ് കളിക്കാരനോ താടി വളര്‍ത്തിയാല്‍ അത് പോലെ അനുകരിക്കുന്നു.

'ഹാശിം അംല ഇരുന്നുകൊണ്ട് വലതു കൈകൊണ്ടാണ് വെള്ളം കുടിക്കാറുള്ളത്, അദ്ദേഹത്തിന്റെ ഭാര്യ എവിടെ പോകുമ്പോഴും നിക്വാബ് ധരിക്കാറുണ്ട്' എന്ന് അഭിമാനത്തോടെ പറയുന്ന ചിലരുണ്ട്. ഈ പറയുന്നവരുടെ ഭാര്യമാര്‍ ഇസ്‌ലാമിക വേഷം ധിക്കാതെ പുറത്തിറങ്ങുന്നവരായിരിക്കും.

ധാര്‍മികരോഷം വല്ലാതെ അണപൊട്ടുകയും അന്യരുടെ മതബോധവും മതബോധമില്ലായ്മയും നോക്കി അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തെ മതപരമാക്കി മാറ്റുക എന്നതാണ്, താന്‍ ധര്‍മിഷ്ഠയോടെ ജീവിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുകയാണ്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?'' (2:44).

''സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു'' (61:1,2).

അവനവന് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കുവാന്‍ ഇസ്‌ലാം ബുഫെ അല്ല എന്ന് ഇത്തരം ആളുകള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്കു നല്ലത്. പരിപൂര്‍ണമായും ഇസ്‌ലാമിക നിയമ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കുവാനാണ് അല്ലാഹു കല്‍പിക്കുന്നത്.

''സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു'' (2:208).