എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജൂണ്‍ 15 1440 ശവ്വാല്‍ 12

കര്‍ഷകന്‍ ചതിക്കപ്പെട്ടു കൂടാ

-മുസ്‌ലിം ബിന്‍ ഹൈദര്‍

കൃഷിയെ കുറിച്ച് കര്‍ഷകന് ചില പ്രതീക്ഷകളുണ്ട്. അനുഭവത്തിന്റെ ഇന്നലെകള്‍ കൊണ്ട് അവനറിയാം അവ പൂവണിയുമെന്ന്. പ്രതീക്ഷിത വിളയെ കാത്തിരിക്കുന്നവന്റെ കണക്കുകൂട്ടലുകള്‍ പാടെ തകിടം മറിക്കുന്നൊരു ഫലം ആ കൃഷി തന്നെ സമ്മാനിച്ചാലൊ? അധ്വാനം വൃഥാവിലായ വ്യഥയാല്‍ അയാള്‍ തളര്‍ന്നു പോകുന്നത്  സ്വാഭാവികം.

ക്രാന്തദൃക്കായ, മണ്ണിന്റെ മണവും ഗുണവുമറിയുന്ന കര്‍ഷക ഗുരു തന്റെ കൃഷിക്കു പറ്റിയ അപൂര്‍വ്വ പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. പഠനാവസാനം ആ സത്യം അവനറിഞ്ഞു. തന്നോട് സ്‌നേഹം നടിച്ച ഏതോ ഒരുത്തന്‍ തന്റെ തൈകളോട് രൂപത്തിലും ഭാവത്തിലും നൂറ് ശതമാനം സാദൃശ്യം പുലര്‍ത്തുന്ന തൈകള്‍ അവനുദ്ദേശിച്ച ഫലലബ്ധിക്ക് വേണ്ടി മാറ്റി നട്ടിരുന്നു!

അതാവട്ടെ നിഷ്‌കളങ്കനായ കൃഷിക്കാരന് തിരിച്ചറിയാന്‍ കഴിയാതെ പോയതുകൊണ്ട് വിള വരുന്നതുവരെ പരിപാലനത്തില്‍ അവന്‍ ശ്രദ്ധ കാണിച്ചു. വഞ്ചിക്കപ്പെട്ടത് അറിയുന്നതാവട്ടെ വളരെ വൈകിയാണ്.

കണ്ണീരണിഞ്ഞ ദിനരാത്രങ്ങളാണ് ആ കര്‍ഷകന് ഇന്ന്. നിനച്ചിരിക്കാതെ വന്നണഞ്ഞ വിനയെ തട്ടിമാറ്റാന്‍ അയാള്‍ക്ക് കഴിയാതെ പോയി.

നാട്ടിലും വീട്ടിലും തന്റെ വിളയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടെന്ന സത്യം ദുഃഖത്തിന്റെ ആഴം കൂട്ടുന്നു

ഇനി തന്റെ കൃഷി യഥാര്‍ഥത്തിലൊരു ഫലം നല്‍കണമെങ്കില്‍ പൂര്‍ണമായ വര്‍ഷം കാത്തിരിക്കേണ്ടിയിരിക്കുന്നു.

എങ്കിലും ചതിക്കപ്പെട്ട ഇന്നലെകളെ കുറിച്ചോര്‍ത്ത് ദുഃഖിക്കാതെ, പ്രതീക്ഷ വെടിയാതെ അവന്‍ കാത്തിരിക്കുന്നു. യഥാര്‍ഥ തൈ നടാനും അത് മാറ്റി നടുന്നില്ലെന്ന് ഉറപ്പാക്കാനുമായി ചില ദൃഢനിശ്ചയങ്ങള്‍ അവന്‍ എടുത്ത് കഴിഞ്ഞു. ഈ വിവരമറിഞ്ഞ ആബാലവൃദ്ധ ജനങ്ങളും ആ കര്‍ഷകന് പിന്തുണ നല്‍കി. അവരെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. 'ഈ ചതി ആവര്‍ത്തിക്കപ്പെടാവതല്ല.'


ഓര്‍ക്കാനൊരു സ്‌നേഹത്തിന്റെ നോമ്പുതുറ

-അന്‍വര്‍ ശരീഫ് കെ

2019 ജൂണ്‍ 1 ലക്കത്തില്‍ സലാം സുറുമ എഴുതിയ 'ഓര്‍ക്കാനൊരു  സ്‌നേഹത്തിന്റെ നോമ്പുതുറ' എന്ന ലേഖനം ശ്രദ്ധേയമായിരുന്നു. നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും മനുഷ്യസൗഹാര്‍ദത്തിന്റെയും അകക്കാഴ്ചകളിലേക്ക് വാതില്‍ തുറക്കുന്നതായിരുന്നു ആ വരികള്‍.

വാസുവേട്ടനും കൗസല്യ ചേച്ചിയും ശശിയേട്ടനുമെല്ലാം മാനവ സൗഹാര്‍ദത്തിന്റെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. കേവലമായ പ്രകടനങ്ങളുടെ ലോകത്ത് അത്തരം മാതൃകകള്‍ക്ക് ഏറെ സംസാരിക്കാനുണ്ട്.

അന്ധമായ അനുകരണം തീര്‍ത്ത അന്ധകാരത്തിന്റെ ലോകത്ത് യുക്തിചിന്തയും വിമര്‍ശനബോധവും കരുത്താര്‍ജിക്കേണ്ടിയിരിക്കുന്നു. മനുഷ്യന് മുമ്പില്‍ ഭേദങ്ങള്‍ അസ്തമിക്കണമെന്ന സത്യം തിരിച്ചറിയുന്നിടത്താണ് മനുഷ്യവംശത്തിന് ശക്തി കൈവരുന്നത്. അവിടെ വെറുപ്പിന്റെ അവസാന ഹൃദയവും പുഞ്ചിരിക്കാനൊരു മുഖത്തെ തിരയും.