എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22

ആദ്യം വോട്ട് മനഃസാക്ഷിക്ക്, പിന്നെ ഇന്ത്യയ്ക്കും

-മുസ്‌ലിം ബിന്‍ ഹൈദര്‍ 

കഴിഞ്ഞ നാളുകളിലെ ഇന്ത്യയെ പഴിപറഞ്ഞ് സമയം കളയേണ്ട ഗതികേട് നമുക്കില്ല. കാരണം ഇന്ത്യ ഇന്ത്യക്കാരന്റെതാണ്; അതിനെതിരെയുള്ള ഒന്നും നമുക്ക് സഹിക്കില്ല. അത്രമേല്‍ മാതൃരാജ്യത്തെ സ്‌നേഹിക്കുന്നവരാണ് നാം. പക്ഷേ, മാതൃരാജ്യത്തിനുള്ളിലെ പിന്നിട്ട അഞ്ചു വര്‍ഷാനുഭവങ്ങളില്‍ പലതും അത്ര കരണീയമായിരുന്നില്ല ഇന്ത്യക്കാരന്. അവയെക്കുറിച്ച് ഓര്‍ക്കാനോ, ആവര്‍ത്തിക്കാനോ ഇഷ്ടപ്പെടാത്തവരാണ് നാം. 

അക്രമം ആഘോഷമാക്കിയ ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ സൈ്വരവിഹാരത്തിന് ആക്കം കൂട്ടുന്ന തരത്തിലേക്ക് ഇന്ത്യ പൊടുന്നനെ മാറിയത് ഭൂരിപക്ഷത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്; ഇന്നലെകളില്‍. ബലിഷ്ഠമായ ഭരണഘടന സ്വന്തമായുള്ളവരും ഭരണീയര്‍ക്ക് ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ തുറന്ന അവസരമുള്ളവരുമാണ് നാം. അവിടെയാണ് ഭരണീയരായ നാം അശാന്തിയിലകപ്പെട്ടത്. അതിനാല്‍ വരാനിരിക്കുന്ന സുവര്‍ണാവസരം ക്രാന്തദൃക്കോടെ ഉപയോഗിക്കാന്‍ ഇനിയും നമ്മെ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ?

ഇല്ല, ഒരിക്കലുമില്ല! നഷ്ടസ്വപ്‌നങ്ങള്‍ വീണ്ടെടുക്കാന്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ആരുടെ കയ്യില്‍ ഭരണമേല്‍പിക്കണമെന്ന് തിരിച്ചറിഞ്ഞവരാണ് നാം.

ഒരു വ്യക്തി, പാര്‍ട്ടി, വിഭാഗം എന്നിവയുടെ ഉന്നമനവും വികസനവുമാവരുത് നമ്മുടെ ലക്ഷ്യം. മറിച്ച് രാഷ്ട്രശില്‍പികള്‍ ലക്ഷ്യം വെച്ച ശാന്തസുന്ദരമായ ഒരിന്ത്യ; ആ ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരുടെയും സമാധാനജീവിതം, അതാവണം നമ്മുടെ സ്വപ്‌നവും ലക്ഷ്യവും.

എല്ലാ നല്ല വശങ്ങളെയും കോര്‍ത്തിണക്കി കഴിഞ്ഞ കാലങ്ങളില്‍ മാഹാരഥന്മാരായ മഹത്തുകള്‍ അത്തരമൊരു ഇന്ത്യയെ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ആ മഹിത മാര്‍ഗരേഖയെ തൃണവവല്‍ഗണിക്കാന്‍ തുടങ്ങിയ നിമിഷം മുതലാണ് നമ്മുടെമേല്‍ കരിനിഴല്‍ പതിയാനാരംഭിച്ചത്. അതിനാല്‍ അവരുടെ നിഷ്‌കളങ്ക ജീവിതത്തിലേക്കും ആശയത്തിലേക്കും മടങ്ങലാണ് ഏറ്റവും ഉത്തമം.

2019 ഏപ്രില്‍ 23 വിളിപ്പാടകലെയാണ്. ആശങ്കകള്‍ക്ക് മറുമരുന്ന് കുറിക്കാനുള്ള 'മഷിക്കോല്‍' നമ്മുടെ കയ്യിലണയും. അന്ന് ചട്ടക്കടലാസിന്റെ താല്‍ക്കാലിക മറക്കുള്ളില്‍ വെച്ച് നമ്മളത് കുറിച്ചിരിക്കണം. സാമാശ്വാസത്തിന്റെ നെടുവീര്‍പ്പ് അതുവഴി എല്ലാവര്‍ക്കും സമര്‍പ്പിക്കാനാവണം.

അതെ, 23ന് നമ്മുടെ ഇന്ത്യയെ നമുക്ക് രക്ഷിച്ചേ മതിയാവൂ. അനാവശ്യ ചര്‍ച്ചകളും വാശികളും പഴയ ക്ലിപ്പുകളുടെ പ്രചാരണവും വാക്കിലെ പിഴവുകളുടെ ആഘോഷവും സ്വകാര്യമായി റെക്കോഡ് ചെയ്യപ്പെട്ട സംസാരങ്ങളും ഔദ്യോഗികമല്ലാത്ത ടെക്സ്റ്റ് മെസേജുകളും വികാരത്തെ വൃണപ്പെടുത്തുന്ന ട്രോളുകളും കൊടിയുടെ നിറ വ്യത്യാസങ്ങളും വോട്ടിനെ മാത്രം ലക്ഷ്യമാക്കിയുള്ള വാഗ്ദാനങ്ങളും നമ്മെ ലക്ഷ്യത്തില്‍ നിന്ന് തെറ്റിക്കരുത്.

അനുഭവമാണ് ഗുരു. ഇന്നലെവരെയുള്ള അനുഭവ യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ വെച്ച് ചില ചോദ്യങ്ങള്‍ നാം സ്വയം ചോദിക്കേണ്ടതുണ്ട്. അതിനെ ഇങ്ങനെ സംഗ്രഹിക്കാം:

;ഇനിയും ഫാസിസത്തെ പിന്തുണക്കുന്നവര്‍ തന്നെ ഭരണം കയ്യാളണമോ?

;ഭരണമാറ്റം ഇന്ത്യയുടെ പൊതുവികാരമല്ലേ?

;ചെറു പാര്‍ട്ടികളിലൂടെ വോട്ടുകള്‍ ഭിന്നിക്കുന്നത് അപകടമല്ലേ?

;വലിയ പ്രയാസത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി തെറ്റല്ലാത്ത അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാവുന്നത് ഭീരുത്വമാണോ?

;മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ മാനുഷികമായ എെന്തങ്കിലും പാകപ്പിഴവുകള്‍ വന്ന് പോയിട്ടുണ്ടെങ്കില്‍ അതിന് പകരം വീട്ടേണ്ട സമയമാണോ ഇപ്പോള്‍?

;ഗൗരവ ചിന്തയില്ലാത്ത ഇടപെടല്‍ ഇനിയൊരവസരം നമുക്ക് നല്‍കുമെന്ന് തോന്നുന്നുണ്ടോ?

സുദൃഢമായ സാഹോദര്യം പൂത്തുലയാന്‍ ആദ്യം വോട്ട് മനഃസാക്ഷിയോട് അഭിപ്രായമാരാഞ്ഞ് ഭാവി ഇന്ത്യയുടെ നന്മക്കായി നല്‍കുക.